‘2018’നൊപ്പം ‘ഓസ്കറി’നായി മത്സരിച്ചത് മാമന്നനും കേരള സ്റ്റോറിയും ഗദ്ദറും
Mail This Article
ഓസ്കറിനു വേണ്ടിയുളള ഔദ്യോഗിക എൻട്രിക്കു വേണ്ടി ‘2018’നൊപ്പം മത്സരിച്ചത് കേരള സ്റ്റോറി, ഗദ്ദർ 2, വിടുതലൈ പോലുള്ള വമ്പൻ സിനിമകളാണ്. വിവിധ ഭാഷകളിൽ നിന്നുളള 22 സിനിമകളിൽ നിന്നാണ് ‘2018’ സിനിമയെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂറി തിരഞ്ഞെടുത്തത്. 2018 നൊപ്പം മത്സരിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
1) ദ് സ്റ്റോറി ടെല്ലെർ (ഹിന്ദി), 2) മ്യൂസിക് സ്കൂൾ (ഹിന്ദി), 3) മിസിസ് ചാറ്റർജി വേഴ്സസ് നോർവെ (ഹിന്ദി), 4) ട്വൽത് ഫെയിൽ (ഹിന്ദി), 5) വിടുതലൈ (തമിഴ്), 6) ഗൂമർ (ഹിന്ദി), 7) ദസറ (തെലുങ്ക്), മാമന്നൻ (തമിഴ്), 8) ദ് കേരള സ്റ്റോറി (ഹിന്ദി), 9) റോക്കി ഓർ റാണി കി പ്രേം കഹാനി (ഹിന്ദി, 10) ഗദ്ദർ 2 (ഹിന്ദി), 11) ബാപ് ലായക്(മറാഠി), 12) വാക്സിൻ വാർ (ഹിന്ദി), 13) ഓഗസ്റ്റ് 16 1947 (തമിഴ്), 14) അബ് തോ സബ് ഭഗ്‌വാൻ ഭരോസെ (ഹിന്ദി), 15) വാൽവി (മറാഠി), 16) സ്വിഗാറ്റോ (ഹിന്ദി), 17) വാത്തി (തമിഴ്/തെലുങ്ക്), 18) ബലഗാം (തെലുങ്ക്), 19) വിരുപക്ഷ (തെലുങ്ക്)
പ്രശസ്ത കന്നഡ സംവിധായകനായ ഗിരിഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സെലക്‌ഷൻ കമ്മിറ്റിയായിരുന്നു ഇതിനു പിന്നിൽ പ്രവര്‍ത്തിച്ചത്. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ തീം ആണ് ഈ സിനിമ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് ഗിരിഷ് കാസറവള്ളി മാധ്യമങ്ങളോടു പറഞ്ഞു.
പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എന്‍ട്രി. രാജമൗലി ചിത്രമായ ആർആർആറും നിർമാതാക്കൾ സ്വന്തം നിലയിൽ ഓസ്കർ നോമിനേഷനിലേക്ക് അയയ്ക്കുകയുണ്ടായി. തുടർന്ന് നോമിനേഷനിൽ നിന്നും ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രം പുറത്താകുകയും മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ‘ആർആർആർ’ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കർ പുരസ്കാരവും ‘ആർആർആർ’ നേടി.
മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷൻ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.