ADVERTISEMENT

വിവിധ ഭാഷകളിൽ നിന്നുളള 22 സിനിമകളിൽ നിന്നാണ് ‘2018’ സിനിമയെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂറി തിരഞ്ഞെടുത്തത്. പ്രശസ്ത കന്നഡ സംവിധായകനായ ഗിരിഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സെലക്‌ഷൻ കമ്മിറ്റിയായിരുന്നു ഇതിനു പിന്നിൽ പ്രവര്‍ത്തിച്ചത്. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ തീം ആണ് ഈ സിനിമ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് ഗിരിഷ് കാസറവള്ളി മാധ്യമങ്ങളോടു പറഞ്ഞു. കാലാവസ്ഥ വ്യതിയാനം തുടങ്ങി ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യയ്ക്കു മുന്നോട്ട് വയ്ക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ‘2018’ സിനിമയെന്നും ജൂറി രേഖപ്പെടുത്തി.

 

“ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടമാണ് ജൂറി ഈ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്. ഈ പ്രശ്നത്തിന്റെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കുക എന്നതാണ് അവരുടെ ചിന്ത.’’,' ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രവി കൊട്ടാരക്കര പറഞ്ഞു.

 

‘‘പ്രകൃതിയും മനുഷ്യരാശിയും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു മെറ്റഫർ ആണ് ഈ ചിത്രമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കേരളത്തിലെയോ ചെന്നൈയിലെ മാത്രം പ്രളയമെന്ന രീതിയിലല്ല ഇത് അർഥമാക്കേണ്ടത്. നമ്മുടെ വികസന സങ്കൽപ്പം എന്താണെന്നതിന്റെ ഒരു മെറ്റഫറാണിത്.’’-ഗിരിഷ് കാസറവള്ളി പറഞ്ഞു.

 

കേരള സ്റ്റോറി, മാമന്നൻ, വിടുതലൈ, ഗദ്ദർ 2, റോക്കി ഓർ റാണി കി പ്രേം കഹാനി, ബലഗം, 1947, മ്യൂസിക് സ്കൂൾ, മിസിസ് ചാറ്റർജി വേഴ്സസ് നോർവെ തുടങ്ങിയ സിനിമകളാണ് ഇന്ത്യയുടെ ഓസ്കർ എൻട്രിക്കായി മത്സരിച്ചത്. 

 

2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. cടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.  

 

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ. പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ സൈലക്സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ സിനറ്റ് സേവ്യർ. വിഎഫ്എക്സ് മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ ആന്റണി സ്റ്റീഫൻ. ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com