ADVERTISEMENT

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ‘2018’ സിനിമ തിരഞ്ഞെടുത്തതിൽ ടൊവിനോ തോമസിന് ആശംസകൾ നേർന്ന് ബോളിവുഡ് നടൻ രൺവീർ സിങ്. വാർത്ത അറിഞ്ഞ സന്തോഷം പങ്കുവയ്ക്കാൻ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയപ്പോഴാണ് ടൊവിനോ, രൺവീർ സിങിന്റെ ആശംസയുടെ കാര്യം വെളിപ്പെടുത്തിയത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് ടൊവിനോയെന്നും രൺവീർ പറഞ്ഞു. വളരെ ടാലന്റ് ഉള്ള താരമാണ് രൺവീർ സിങെന്നും ഇക്കാര്യം ബേസിൽ ജോസഫിനോട് താൻ പറഞ്ഞിരുന്നെന്നും ടൊവിനോ മറുപടിയായി പറഞ്ഞു. ടൊവിനോയുമൊത്ത് ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്നും മിന്നൽ മുരളി ഗംഭീര സിനിമയാണെന്നും രൺവീർ പറയുകയുണ്ടായി. (ബേസിൽ ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ നായകനാകുന്നത് രൺവീർ സിങ് ആണ്).

 

ലൈവിൽ നിന്നുള്ള ടൊവിനോയുടെ വാക്കുകൾ:

 

‘‘വളരെ സന്തോഷമുള്ള ദിവസമാണ്. ഇന്നലെ ‘2018’ സിനിമയിലെ എന്റെ അഭിനയത്തിന് നെതർലന്റ്സിൽ വച്ചു നടന്ന അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. ഇന്നലെ രാത്രി അതിന്റെ സന്തോഷം എല്ലാവരുമായി പങ്കുവച്ചിരുന്നു. ഇന്ന് രാവിലെ ഉറക്കമെണീക്കുമ്പോൾ കേൾക്കുന്നത് ഓസ്കർ എൻട്രിയുടെ വാർത്തയാണ്. എന്നെ സംബന്ധിച്ചടത്തോളം ഇത് ഇരട്ടി മധുരമാണ്. ഇന്റർനാഷ്നൽ ലെവലിൽ ശ്രദ്ദനേടുക എന്നത് ഒരു കലാകാരൻ എന്ന നിലയിൽ നമ്മൾ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. അതാണ് ഡബിൾ ധമാക്കയായി രണ്ട് ദിവസങ്ങൾകൊണ്ട് കിട്ടിയത്.

 

ഭയങ്കരമായി പരിശ്രമിച്ച് ചെയ്ത സിനിമയാണ് 2018. അതിന് അർഹിച്ച അംഗീകാരവും റിലീസിന്റെ സമയത്ത് ലഭിച്ചുവെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ ഇനിയും ഈ സിനിമ അറിയപ്പെടാൻ തുടങ്ങുന്നതേ ഒള്ളൂ. ഈ സിനിമ റിലീസായ ദിവസവും ഇപ്പോൾ ഈ വാർത്ത വരുന്ന സമയത്തും നാട്ടിൽ ഉണ്ടാകാൻ പറ്റിയില്ല എന്നതിൽ ചെറിയ വിഷമമുണ്ട്. നമ്മൾ മലയാളികളുടെ സ്വന്തം സിനിമയായി ‘2018’ പൂര്‍ണമായും മാറുകയാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സിനിമ വ്യാപിക്കുന്നതിലും സന്തോഷം.

 

അടുത്ത സിനിമകൾ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം കൂടിയാണ് ഇത്തരം നേട്ടങ്ങൾ. എല്ലാ ദിവസവും സംഭവിക്കുന്നൊരു കാര്യമല്ലല്ലോ ഇത്. ഈ അഭിനന്ദനങ്ങളെല്ലാം നാം എല്ലാ മലയാളികൾക്കും അവകാശപ്പെട്ടതാണ്.’’

 

2018 സിനിമയിലെ അഭിനയത്തിന് ടൊവിനോയെ തേടി രാജ്യാന്തര പുരസ്കാരമെത്തിയത് കഴിഞ്ഞ ദിവസമാണ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായും ടൊവിനോ മാറി. ഈ സന്തോഷത്തിനൊപ്പമാണ് ‘2018’ സിനിമ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മാറിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com