മിഖായേലിലെ വില്ലൻ ‘മാർക്കോ’ വീണ്ടും; ഇത്തവണ നായകൻ

Mail This Article
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.
30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. മിഖായേലിലെ മാർക്കോയുടെ തീം മ്യൂസിക് ഉൾപ്പെടുത്തിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലൻ വേഷങ്ങളിലൊന്നായിരുന്നു മാർക്കോ എന്ന കഥാപാത്രം. ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.
മുഴുനീള കഥാപാത്രമായി മാർക്കോ എത്തുമ്പോൾ പുതിയൊരു യൂണിവേഴ്സ് കൂടി സൃഷ്ടിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി. മലയാളത്തിൽ നിന്നുള്ള ഏറ്റവും വയലൻസ് നിറഞ്ഞതും ക്രൂരവുമായ സിനിമകളിലൊന്നാകും മാർക്കോ.