കോവളം ബീച്ചിൽ മാസ് ലുക്കിൽ രജനി; ഈ ചിത്രങ്ങൾക്കു പിന്നിലെ വാസ്തവം
Mail This Article
രജനികാന്തിന്റെ ‘തലൈവര്‍ 170’ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്. രജനിയുടെ മാത്രമല്ല അജിത്തിന്റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്.
അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. ‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് െചന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.
തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.