ADVERTISEMENT

‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സ്പിൻ ഓഫ് ചിത്രം ചെയ്യുന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി നിർമാതാവ് സന്തോഷ് ടി. കുരുവിള. സന്തോഷ് ടി. കുരുവിള നിർമിച്ച ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കുന്ന ചിത്രമാണ്  ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’. സ്വന്തമായി പൈസ മുടക്കി നിർമിച്ച സിനിമയിൽ നിന്നും സ്പിൻ ഓഫ് ചെയ്യുമ്പോൾ അത് തന്നോട് പറയാതിരുന്നത് വ്യക്തിപരമായി വേദനയുണ്ടാക്കിയെന്നും സില്ലി മോങ്ക്സ് മോളിവുഡ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.

“സിനിമയിൽ എനിക്ക് 99 ശതമാനവും നല്ല ഓർമകളാണുള്ളത്. പറയാനാണെങ്കിൽ ഒരു ചീത്ത ഓർമ ഇപ്പോൾ നിലവിലുണ്ട്. ചിലപ്പോളത് ചീത്ത ഓർമയൊന്നും ആയിരിക്കുകയുമില്ല. ഞാൻ നിർമിച്ച ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സ്പിൻ ഓഫ് എന്ന പേരിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങിപ്പോൾ നടക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് അതിന്റേയും സംവിധായകൻ. പക്ഷേ എന്നോടിതുവരെ അതിനെ പറ്റിയൊരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല, ആ സിനിമ എടുത്തോട്ടെ എന്ന്.

ഞാൻ പൈസ മുടക്കി എഴുതിപ്പിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയിൽ നിന്നും സ്പിൻ ഓഫ് ചെയ്യുമ്പോൾ എന്നോടിതുവരെ ആ ചിത്രത്തിനെ പറ്റി ഒരു സൂചന പോലും തന്നില്ല. അവർ സിനിമയെടുത്തോട്ടെ, താരങ്ങൾ അഭിനയിച്ചോട്ടെ, അതിലൊന്നും എനിക്ക് പ്രശനമില്ല. കഴിഞ്ഞ ദിവസമാണ് ഈ വാർത്ത ഞാനറിഞ്ഞത്. സത്യം പറഞ്ഞാൽ അതെനിക്ക് വേദനയുണ്ടാക്കി. 

എനിക്ക് വേദനയുണ്ടെന്ന് വച്ച് അവർക്ക് സിനിമ ചെയ്യാതിരിക്കാൻ പറ്റിലല്ലോ. എന്നോട് ഒരുപാട് ആളുകൾ അതിനെതിരെ കേസ് കൊടുക്കാൻ പറഞ്ഞിരുന്നു. കേസിന് പോയാൽ തീർച്ചയായും ഞാൻ വിജയിക്കുമെന്ന് ഉറപ്പുണ്ട്. പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനിൽ പരാതി കൊടുക്കാനും, വക്കീലിനെ വയ്ക്കാനും ഒരുപാട് ആളുകൾ പറഞ്ഞു. പക്ഷേ ആ ചിത്രത്തിന്റെ നിർമാതാവിന്റെ പണവും അണിയറ പ്രവർത്തകരുടെ അധ്വാനവുമെല്ലാം ആ സിനിമയിലുമുണ്ട്.

നാളെ ചിലപ്പോൾ ‘ഏലിയൻ അളിയൻ’ എന്ന പേരിൽ രതീഷ് തന്നെ എഴുതി എന്റെ അടുത്ത് റജിസ്റ്റർ ചെയ്തിട്ടിരിക്കുന്ന ചിത്രം വേറൊരാളോടൊപ്പം ചെയ്യുമായിരിക്കും. പക്ഷേ ഒരിക്കലും ഞാൻ അതെടുക്കാൻ അനവദിക്കില്ല. ഞാൻ പൈസ മുടക്കി എഴുതിപ്പിച്ച് റജിസ്റ്റർ ചെയ്തിട്ടിരിക്കുന്നതാണത്. ആ സിനിമ ചിലപ്പോൾ സംഭവിച്ചേക്കാം.”–സന്തോഷ് ടി. കുരുവിള പറഞ്ഞു.

അതേസമയം ഈ വിഷയത്തിൽ സംവിധായകൻ രതീഷ് പൊതുവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളെ നായകനും നായികയുമായിക്കി രതീഷ് ഒരുക്കുന്ന ചിത്രമാണ്  ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും അതിഥിവേഷത്തിൽ എത്തുന്നു.

English Summary:

I didn't know about Nna Thaan Case Kodu spin-off: Santosh T. Kuruvila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com