പിണറായി വിജയന് റഫറൻസുമായി കാർത്തിയുടെ ‘ജപ്പാൻ’ ട്രെയിലർ
Mail This Article
കാർത്തിയെ നായകനാക്കി രാജു മുരുകൻ രചനയും സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ജപ്പാന്റെ’ ട്രെയിലർ റിലീസ് ചെയ്തു. ജപ്പാൻ എന്ന കൊടും കള്ളനായി കാർത്തി എത്തുന്നു. സിനിമയുടെ ട്രെയിലറിൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പറയുന്നുണ്ട്. വേറിട്ട ലുക്കിലാണ് കാർത്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
‘ആരാണ് ജപ്പാൻ’ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വച്ചു കൊണ്ടാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ട്രെയിലറും അണിയറക്കാർ പുറത്തു വിട്ടു.
മലയാളിയായ അനു ഇമ്മാനുവലാണ് നായിക. തെലുങ്ക് നടൻ സുനില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഡ്രീം വാരിയർ പിക്ചർസ് നിർമിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവരാണ് നിർമാണം. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാൻ വലിയ ബജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.