മഴ വകവയ്ക്കാതെ ആയിരത്തോളംപേര്‍; മന്ത്രിയും പറഞ്ഞു, ‘മണിച്ചിത്രത്താഴ്’ തരംഗം

Mail This Article
കേരളീയം പരിപാടിയിലെ സിനിമാ മേളയിൽ തരംഗമായി മാറി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. വൈകിട്ട് 7.30ന് ഷോ കാണാന്‍ കാണികളുടെ നീണ്ട നിര മണിക്കൂറുകൾക്ക് മുൻപെ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ടു. തിരക്ക് വർധിച്ചതോടെ രാത്രി 9.15 ഓടെ അധിക ഷോകളും നടത്തേണ്ടി വന്നു. ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ലക്ഷണമൊത്ത സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്.
30 വർഷം പിന്നിട്ടിട്ടും ഈ സിനിമയോടുള്ള സ്നേഹം ഒരു തരി പോലും കുറഞ്ഞിട്ടില്ലെന്ന സൂചനയാണ് ഇന്നലെ തിരുവനന്തപുരത്ത് കണ്ടത്. സ്ക്രീനില്‍ പ്രിയ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ന് റിലീസ് ചെയ്ത സിനിമ പോലെ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു.
ഇന്നലെ ഉച്ച മുതല്‍ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോഹൻലാൽ ഫാൻസും ഇതൊരു ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.
‘‘കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് കാണാന്‍ കഴിയുന്നത്. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കൈരളി തിയറ്റര്‍ സമുച്ചയത്തിന്‍റെ കവാടത്തിന് താഴിടാതെ പെരുമഴയില്‍ കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയത്.
മേളയുടെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 7.30ന് പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴിന് മൂന്ന് മണിമുതല്‍ ക്യൂ രൂപപ്പെട്ടുതുടങ്ങിയിരുന്നു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം പുറത്ത് ആയിരത്തിലധികംപേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തിയറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവയ്ക്കാതെ ആയിരത്തോളംപേര്‍ അക്ഷമരായി കാത്തുനിന്നു.


ഈ സാഹചര്യത്തില്‍ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്താന്‍ ചലച്ചിത്ര അക്കാദമിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടര്‍ന്ന് കൈരളിയിലുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അങ്ങനെ ഒരു സിനിമയുടെ നാല് പ്രദര്‍ശനങ്ങള്‍ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറി.


30 വര്‍ഷം മുന്‍പുള്ള സിനിമ വലിയ സ്ക്രീനില്‍ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടി എത്തിയ ആള്‍ക്കൂട്ടം സിനിമ എന്ന മാധ്യമത്തോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെയാണ് കാണിക്കുന്നത്. കേരളീയം പരിപാടി ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന കൂടിയായി ഇത്.’’–മന്ത്രി സജി ചെറിയാന്റെ വാക്കുകൾ.