'റിവ്യൂ ഒരു വഴിക്കു പോകട്ടെ, സിനിമ സിനിമയുടെ വഴിക്കും': നയം വ്യക്തമാക്കി മമ്മൂട്ടി

Mail This Article
റിവ്യൂ കൊണ്ടൊന്നും സിനിമയെ തകർക്കാൻ കഴിയില്ലെന്നും റിവ്യൂ നിർത്തിയതുകൊണ്ടു സിനിമ രക്ഷപ്പെടില്ലെന്നും നടൻ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണു റിവ്യൂവിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ ‘കാതലി’ന്റെ പ്രചാരണത്തോടനുബന്ധിച്ചു നടത്തിയ മാധ്യമസമ്മേളനത്തിലായിരുന്നു പ്രതികരണം.
‘റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണു പ്രേക്ഷകർ തിയറ്ററിൽ എത്തുക. നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പറയുന്നതു നമ്മുടെ അഭിപ്രായം തന്നെയായിരിക്കണം. റിവ്യൂ ഒരു വഴിക്കു പോകട്ടെ, സിനിമ സിനിമയുടെ വഴിക്കും. പ്രേക്ഷകർ കാണുക അവർക്ക് ഇഷ്ടമുള്ള സിനിമയാണ്’– മമ്മൂട്ടി പറഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതൽ - ദ് കോർ' റിലീസിന് ഗൾഫിൽ വിലക്ക് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ഖത്തറിലും കുവൈത്തിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചു.കൂടാതെ, യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും നിരോധനം വന്നേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.