ADVERTISEMENT

‘പരുത്തിവീരൻ’ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അമീർ തട്ടിപ്പു നടത്തിയെന്ന നിർമാതാവ് കെ.ഇ.ജ്ഞാനവേലിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സമുദ്രക്കനി. വിഷയത്തിൽ അമീറിനെ പിന്തുണച്ച സമുദ്രക്കനി, ജ്ഞാനവേലിനെ രൂക്ഷമായി വിമർശിച്ചു. ‘‘ഈ സിനിമയിൽ ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നത് ഞാനാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. അമീർ ഒരു െതറ്റും ചെയ്തിട്ടില്ല, ഒരുഘട്ടത്തിൽ സിനിമ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ മറ്റുള്ളവരിൽനിന്നു പണം പിരിച്ചാണ് അമീർ ഈ ചിത്രം പൂർത്തിയാക്കിയത്.’’–സമുദ്രക്കനി പറഞ്ഞു.

‘‘ഈ സിനിമ പൂർത്തിയാക്കാൻ എത്രപേരിൽ നിന്നു പണം കടം വാങ്ങേണ്ടി വന്നുവെന്ന് എനിക്കറിയില്ല. വാക്ക് പാലിക്കാനും സിനിമ പൂർത്തിയാക്കാനും അമീർ അണ്ണൻ മറ്റുള്ളവരിൽനിന്ന് പണം കടം വാങ്ങി. ഇത് കോടി രൂപയിലധികം വിലമതിക്കുന്നു. അതിനിടെയാണ് നിങ്ങൾ ഒരു കോടി രൂപയുടെ കണക്കു ചോദിക്കുന്നത്.

ആറു മാസത്തോളം പരുത്തിവീരന്റെ സെറ്റിൽ ഉണ്ടായിരുന്നെങ്കിലും ഒരു ദിവസം പോലും നിങ്ങളെ കണ്ടിട്ടില്ല. സിനിമയുടെ നിർമാതാവ് നിങ്ങളാണെന്ന്  നിരന്തരം അവകാശപ്പെടുന്നു, പക്ഷേ നിങ്ങളെ നിർമാതാവും കാർത്തിയെ നായകനും ആക്കിയത് അമീറാണ്. അതിന്റെ പോലും നന്ദിയില്ലാതെ നിങ്ങൾക്ക് എങ്ങനെയാണ് അദ്ദേഹത്തിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയുന്നത്? ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉയർന്നുവരുമ്പോഴെല്ലാം ഞാൻ ഇടപെടാൻ മടിച്ചു. നേരിട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്തവണ സഹിക്കാൻ കഴിഞ്ഞില്ല.

നിർമാണം പകുതിയായപ്പോൾ നിങ്ങൾ ഫണ്ട് പിൻവലിക്കുകയും നിങ്ങളുടെ പക്കൽ കൂടുതൽ പണമില്ലെന്നു പറയുകയും ചെയ്തു. ചിത്രം കയ്യിൽത്തന്നെ സൂക്ഷിക്കാൻ സഹോദരൻ സൂര്യ അമീറിനോട് ആവശ്യപ്പെട്ടു. ഏകദേശം 50, 60 പേർ പണം നൽകിയാണ് ആ ചിത്രം എടുത്തത്. പക്ഷേ അവസാനം നിങ്ങൾ വന്നു ആ പ്രൊഡ്യൂസർ കുപ്പായം എടുത്തണിഞ്ഞു.

പ്രശ്നം വന്നപ്പോൾ ആർക്കും എന്തും പറയാമായിരുന്നു. എന്നാൽ അന്ന് ഇതൊക്കെ കണ്ട കാർത്തി മൗനം പാലിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഒരിക്കൽ അമീറിന്റെ ഒരു സുഹൃത്ത് പോലും ചോദിച്ചു, ‘‘ഈ സിനിമ പൂർത്തിയാക്കാൻ നിങ്ങൾ എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്?’’ അമീർ നൽകിയ മറുപടി ‘ഞങ്ങൾ അത് ആരംഭിച്ചു. ഇതാണ് കാർത്തിയുടെ ഭാവി. കാർത്തിയെ എന്റെ കയ്യൽ ഏൽപ്പിച്ചപ്പോൾ കാർത്തിയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു. അവർക്കുവേണ്ടിയാണ് ഞാനത് ചെയ്യുന്നത്.’ എന്നാണ്.

ഞാൻ നിങ്ങളോട് പറഞ്ഞത് ഒരു സംഭവം മാത്രം. ഇനിയുമേറെയുണ്ട്, ആവശ്യമെങ്കിൽ സംസാരിക്കേണ്ടി വരും. ദയവായി പൊതുസ്ഥലത്ത് തെറ്റായി സംസാരിക്കുന്നത് നിർത്തുക. അതാണ് ഏവർക്കും നല്ലത്.’’–സമുദ്രക്കനി പറഞ്ഞു.

കാർത്തിയുടെ അരങ്ങേറ്റ ചിത്രമാണ് 2007-ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. പ്രിയാമണിയായിരുന്നു നായിക. സിനിമയുടെ റിലീസിനു ശേഷം നിർമാതാവ് കെ.ഇ. ജ്ഞാനവേലും സംവിധായകൻ അമീറുമായി നിയമ തർക്കം ഉണ്ടായിരുന്നു. ഈ അടുത്ത് നടന്ന കാർത്തിയുടെ 25ാം ചിത്രം ‘ജപ്പാന്റെ’ ഓഡിയോ ലോഞ്ചിൽ അമീറിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. തന്നെ ആരും വിളിച്ചില്ലെന്നായിരുന്നു അമീർ ഒരഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ അമീറിനെ വിളിച്ചിരുന്നുവെന്നും വരാൻ കൂട്ടാക്കാത്തതാണെന്നും ജ്ഞാനവേൽ മറ്റൊരഭിമുഖത്തില്‍ വെളിപ്പെടുത്തി. കൂടാതെ ‘പരുത്തിവീരൻ’ സിനിമയുടെ സമയത്ത് തന്നെ സാമ്പത്തികമായി അമീർ കബളിച്ചുവെന്നും പറയുകയുണ്ടായി. 2.75 കോടി രൂപ ബജറ്റിൽ സിനിമ ചെയ്യുമെന്ന് അമീർ പറഞ്ഞെങ്കിലും ഒടുവിൽ 4.85 കോടി രൂപ നൽകേണ്ടിവന്നു. പരുത്തിവീരൻ ആറു മാസത്തിനകം പൂർത്തിയാക്കുമെന്ന് അമീർ പറഞ്ഞെങ്കിലും അത് രണ്ടര വർഷത്തേക്ക് നീട്ടിയെന്നും ജ്ഞാനവേൽ ആരോപിച്ചിരുന്നു.

English Summary:

Suriya, Karthi under pressure to break silence on Ameer vs KE Gnanavel Raja fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com