ADVERTISEMENT

കരിയറിന്റെ തുടക്കകാലത്ത് തനിക്കു നേരിടേണ്ടി വന്ന വേര്‍തിരിവുകളെക്കുറിച്ച് വെളിപ്പെടുത്തി ദിയ മിര്‍സ. സ്ത്രീകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ചില സിനിമാ സെറ്റുകളില്‍ ലഭ്യമായിരുന്നില്ലെന്ന് നടി പറയുന്നു. ബിബിസി ഹിന്ദിക്കു നല്‍കിയ അഭിമുഖത്തിലാണ് ദിയ മിര്‍സ മനസ്സു തുറന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് താൻ സിനിമയിലെ തുടക്കകാരിയായിരുന്ന സമയത്ത് ഒരു സിനിമാ സെറ്റിൽ നേരിടേണ്ടി വന്ന വേർതിരിവിനെ കുറിച്ചാണ് നടി സംസാരിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അന്ന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിരുന്നില്ലെന്നും ചെറിയ അവസരങ്ങളിൽ പോലും സ്ത്രീകൾ പ്രൊഫഷണലല്ലെന്ന് മുദ്രകുത്തപ്പെടുത്തിയെന്നും അവർ പറഞ്ഞു.

‘‘വളരെ കുറച്ച് സ്ത്രീകള്‍ മാത്രമായിരുന്നു അന്ന് സെറ്റില്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. ഞങ്ങളോട് വേര്‍തിരിവ് കാണിച്ചിരുന്നു. ഞങ്ങള്‍ക്ക് ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അതുണ്ടായിരുന്നു. ചെറിയ വാനിറ്റി വാനായിരുന്നു ലഭിച്ചിരുന്നത്. പാട്ട് ചിത്രീകരിക്കാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ടോയ്‌ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ പാറകള്‍ക്കോ പുറകില്‍ പോകേണ്ടി വരും. വലിയ ഷീറ്റ് വച്ച് മൂന്ന് പേര്‍ മറച്ചു പിടിക്കേണ്ടി വരും. ഞങ്ങൾക്ക് വസ്ത്രം മാറാൻ പോലും ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും അന്യമായിരുന്നു. 

പുരുഷന്മാര്‍ വരാന്‍ വൈകിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷേ സ്ത്രീകള്‍ കാരണം ചെറുതായി വൈകിയാല്‍ പോലും ഞങ്ങളെ അണ്‍പ്രെഫഷനല്‍ ആക്കിക്കളയുമായിരുന്നു. പല സ്ത്രീ അഭിനേതാക്കളും നടൻമാർ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചും സിനിമ സെറ്റിൽ പറഞ്ഞിട്ടുണ്ട്. 

എന്റെ ഹൃദയം തന്നെ നല്‍കാന്‍ ഞാന്‍ ഒരുക്കമായ ഗംഭീര സംവിധായകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷെ അവര്‍ എന്നെ കാസ്റ്റ് ചെയ്തിട്ടില്ല, കാരണം ഞാന്‍ കാണാന്‍ കൂടുതല്‍ സുന്ദരിയാണെന്നാണ് പറയുന്നത്. അത് സാരമില്ല. പക്ഷെ ഒരു കാര്യം പറയേണ്ടതുണ്ട്. കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അതേ സംവിധായകര്‍ ഇന്ന് എനിക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.’’–ദിയ മിർസ പറഞ്ഞു.

നേരത്തെ തനിക്ക് മാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനങ്ങളെക്കുറിച്ചും ദിയ മിര്‍സ വെളിപ്പെടുത്തിയിരുന്നു. സിനിമാ പാരമ്പര്യമൊന്നും ഇല്ലാതിരുന്നതിനാല്‍ തുടക്കകാലത്ത് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും നേരത്തെ ദിയ മിര്‍സ തുറന്നു പറയുകയുണ്ടായി.

ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളായിരുന്നു ദിയ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയാണ് ദിയ മിര്‍സ ബോളിവുഡിലെത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ രഹ്നാ ഹേ തേരെ ദില്‍ മേം ആയിരുന്നു ദിയയുടെ അരങ്ങേറ്റ സിനിമ. ദക്ക് ദക്ക് ആണ് ദിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാറുഖ് ഖാന്‍ നായകനാകുന്ന ഡങ്കിയിലും ദിയ അഭിനയിക്കുന്നുണ്ട്. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും ദിയ മിര്‍സ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാഫിര്‍, മൈന്‍ഡ് ദ മല്‍ഹോത്രാസ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയവയാണ് പ്രധാന സീരിസുകൾ.

English Summary:

Dia Mirza recalls having no toilets, privacy on film sets: ‘We’d have to go behind trees and rocks’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com