അനിമൽ ‘കൾട്ട്’ എന്ന് തൃഷ; പിന്നാലെ വിവാദം; പോസ്റ്റ് പിൻവലിച്ചു
Mail This Article
രൺബീർ കപൂർ നായകനായെത്തിയ ‘അനിമൽ’ സിനിമയെ പ്രശംസിച്ച തൃഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. അനിമൽ കണ്ട ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് തൃഷയെ കുഴപ്പത്തിലാക്കിയത്. ‘‘ഒറ്റ വാക്ക്- കള്‍ട്ട്’’ എന്നായിരുന്നു നടി സിനിമയെ വിശേഷിപ്പിച്ചത്. ഒപ്പം ചില സ്മൈലികളും കയ്യടിയുടെ ഇമോജിയും ചേര്‍ത്തിരുന്നു. വിവാദമായതോടെ അവർ പോസ്റ്റ് പിൻവലിച്ചു.
കുറച്ചുനാൾ മുൻപ് മൻസൂർ അലിഖാൻ തൃഷയെ ഉദ്ദേശിച്ചു നടത്തിയ സ്ത്രീവിരുദ്ധ പരാമർശവും അനിമലിലെ സ്ത്രീവിരുദ്ധ ഉള്ളടക്കവും ചേർത്താണ് നടിക്കെതിരെ വിമർശനമുയർന്നത്. സ്ത്രീകളുടെ അന്തസ്സിനെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഒരാഴ്ച മുൻപുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരാൾ ചോദിച്ചത്. വിമർശനങ്ങൾ രൂക്ഷമായതോടെയാണ് തൃഷ പോസ്റ്റ് പിൻവലിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയദേവ് ഉനദ്ഘട്ട് സിനിമയെ വിമർശിച്ചെഴുതിയ പോസ്റ്റും രൺബീര്‍ ആരാധകരുടെ സൈബർ ആക്രമണത്തെുടർന്നു പിൻവലിക്കുകയുണ്ടായി. ‘‘അക്ഷരാർഥത്തിൽ ദുരന്തമാണ് അനിമല്‍. ഇന്നത്തെ ലോകത്ത് പുരുഷാധിപത്യത്തെ വാഴ്ത്തിയിട്ട് അതിനെ കേവലം പരമ്പരാഗത പൗരുഷമെന്നും ആല്‍ഫ മെയില്‍ എന്നുമൊക്കെ വിശേഷിപ്പിക്കുന്നത് അധഃപതനമല്ലാതെ മറ്റൊന്നുമല്ല. കാടുകളിലോ കൊട്ടാരങ്ങളിലോ അല്ല നമ്മളിപ്പോള്‍ ജീവിക്കുന്നത്. യുദ്ധമോ വേട്ടയാടലോ ഇപ്പോള്‍ ചെയ്യുന്നില്ല. എത്ര നന്നായി അഭിനയിച്ചിട്ടും കാര്യമില്ല, ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന ഒരു സിനിമയില്‍ ഒരാള്‍ ഇത്തരം കാര്യങ്ങളെ വാഴ്ത്താന്‍ പാടില്ല. വിനോദ വ്യവസായത്തിലുള്ളവര്‍ക്കും സാമൂഹിക ഉത്തരവാദിത്തം എന്നൊന്നുണ്ട്. അത് മറക്കാന്‍ പാടില്ല. ഇത്രയും ശോചനീയമായ ഒരു ചിത്രം കാണാന്‍ ഞാനെന്‍റെ മൂന്നു മണിക്കൂര്‍ ചെലവഴിച്ചതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.’’– ഉനദ്ഘട്ട് കുറിച്ചു.
വിശ്വാസ വഞ്ചന, അവിഹിതബന്ധങ്ങൾ, സ്ത്രീവിരുദ്ധത തുടങ്ങിയവയെ ന്യായികരിക്കുന്ന പരാമർശങ്ങളും ദ്വയാർഥ സംഭാഷണങ്ങളുമുള്ള അനിമൽ സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വാങ്കയാണ്. സന്ദീപിന്റെ മുൻ ചിത്രമായ അർജുൻ റെഡ്ഡിക്കെതിരെയും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു.