ആയിരം എഴുത്തിന്റെ ഫലം ചെയ്ത ലാലിന്റെ മൂളൽ: 30ാം വർഷം മണിച്ചിത്രത്താഴിന്റെ രഹസ്യങ്ങൾ തുറന്ന് മധു മുട്ടം

Mail This Article
മലയാള സിനിമയുടെ ചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനമുണ്ട് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക്. 1993 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം മുപ്പതാം വാർഷിക നിറവിലാണ്. ഒരു സിനിമ പുറത്തിറങ്ങി 30 വർഷങ്ങൾ കഴിഞ്ഞിട്ടും അതിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും നിരന്തരം ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടുകയും ചെയ്യുക എന്നത് ഒരു അപൂർവതയാണ്. ശോഭനയ്ക്കു മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം കന്നട, തമിഴ്, ബംഗാളി, ഹിന്ദി തുടങ്ങി ഇതരഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. മൂന്നു പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടസിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. പ്രതിവർഷം 12 തവണയെങ്കിലും ഇപ്പോഴും ടെലിവിഷൻ സ്ക്രീനിൽ ചിത്രം പ്രദർശിപ്പിക്കുന്നു.
ചലച്ചിത്ര നിരൂപകർ മലയാള കച്ചവട സിനിമയുടെ ചരിത്രത്തെ മണിച്ചിത്രത്താഴിന് മുൻപും പിൻപുമെന്ന് വിഭജിക്കുന്നു. അതുവരെയുള്ള കലക്‌ഷൻ റെക്കോർഡുകളെയെല്ലാം മറികടന്ന് 93 ലെ ഏറ്റവും വലിയ ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രം കച്ചവടമൂല്യത്തിനൊപ്പം കലാമൂല്യവും പ്രകടിപ്പിച്ച അപൂർവം മലയാള സിനിമകളിലൊന്നാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച സൈക്കളോജിക്കൽ ത്രില്ലറായും മണിച്ചിത്രത്താഴ് വിശേഷിക്കപ്പെടുന്നു. മണിച്ചിത്രത്താഴിന്റെ തിരക്കഥ ഇന്ത്യയിലെ വിവിധ ചലച്ചിത്ര പഠന കേന്ദ്രങ്ങളിൽ ഇന്ന് പാഠ്യവിഷയമാണ്.
റിലീസ് ചെയ്ത നിമിഷം മുതൽ ഇന്നോളം ആഘോഷിക്കപ്പെടുന്ന ഒരു സിനിമയുടെ രചയിതാവിന് പ്രശസ്തിയുടെ കൊടുമുടിയിൽ അഭിരമിക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടെന്നിരിക്കെ സിനിമയുടെ വെള്ളിവെളിച്ചങ്ങളിൽ നിന്ന് എല്ലാ കാലത്തും അകന്നു നടക്കാനായിരുന്നു തിരക്കഥാകൃത്ത് മധു മുട്ടത്തിന് ഇഷ്ടം. ദീർഘമായ മൗനത്തിന്റെ വാൽമീകത്തിൽ സ്വയം ഒളിച്ചിരിക്കുന്ന എഴുത്തുകാരൻ ഇപ്പോൾ എവിടെയായിരിക്കാം എന്ന കൗതുകത്തിൽ തുടങ്ങിയ യാത്ര അവസാനിക്കുന്നത് ഹരിപ്പാട് നങ്ങ്യാർക്കുളങ്ങരയ്ക്ക് അടുത്തുള്ള മുട്ടത്തെ ഇരുമുറി വീട്ടിലാണ്.
താരപരിവേഷമുള്ള മധു മുട്ടമെന്ന എഴുത്തുകാരനെ അവിടെ ദർശിക്കാനായില്ല. മുട്ടത്തുകാരനായ, സാധാരണക്കാരിൽ സാധാരണക്കാരനായ മധു എന്ന മനുഷ്യ സ്നേഹി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. “മണിച്ചിത്രത്താഴിന്റെ മുപ്പതാം വാർഷികവേളയിൽ തിരക്കഥാകൃത്ത് മധു മുട്ടം മനസ്സു തുറക്കുന്നു” എന്ന മട്ടിലുള്ളൊരു എക്സ്ക്ലുസീവ് സ്റ്റോറിയിലെ കേന്ദ്രബിന്ദുവാകാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. ചോദ്യങ്ങളുമായി മുന്നിലിരുന്ന ലേഖകനെ അദ്ദേഹം സ്നേഹത്തോടെ വിലക്കി. ‘‘പ്രിയമുള്ളവരാരും വരുവാനില്ലാ ഈ വഴി’യെന്ന ഭാവത്തോടെ അദ്ദേഹം ധ്യാനാത്മകമായ മൗനത്തിലേക്ക് മുഖം താഴ്ത്തി. മണിച്ചിത്രത്താഴിട്ട് പൂട്ടിയ അദ്ദേഹത്തിന്റെ മനസ്സ് തുറക്കുക ശ്രമകരമാണെന്ന തിരിച്ചറിവിൽ ക്ഷമയോടെ കാത്തിരുന്നു. അതിഥികൾക്കായി കരുതാറുള്ള കൽകണ്ടം സ്നേഹത്തോടെ നീട്ടുമ്പോൾ അദ്ദേഹത്തിന്റെ മൗനത്തിന്റെ മഞ്ഞുരുകിത്തുടങ്ങിയിരുന്നു. സിനിമയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് ആവർത്തിച്ച് ഒരു സൗഹൃദ സംഭാഷണമാകാമെന്ന മട്ടിൽ അദ്ദേഹം തന്റെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി.
“എന്നെപ്പറ്റിയെഴുതി നിങ്ങളുടെ
പേജുകളൊന്നും പാഴാക്കരുത്…”
മുപ്പത് വർഷങ്ങൾക്കു ശേഷവും മണിചിത്രത്താഴ് എന്ന സിനിമ ആളുകൾ ഇപ്പോഴും ഓർമിക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് സംവിധായകന് അവകാശപ്പെട്ടതാണ്. നമ്മൾ എന്ത് എഴുതിവച്ചാലും അത് സംവിധായകൻ എങ്ങനെ ദൃശ്യവത്ക്കരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ സ്വീകാര്യത. എഴുത്തിനു വേണ്ടി സ്വയം സമർപ്പിച്ചിട്ടുള്ള എഴുത്തുകാരുണ്ട്. എംടിയേയും പത്മരാജനെയും പോലുള്ളവർക്കു സ്വന്തമായ അസ്തിത്വമുണ്ട് എഴുത്തുകാരെന്ന നിലയിൽ. ഞാൻ മറ്റു പലരും എഴുതുന്നതുപോലെ എനിക്ക് തോന്നുന്ന ചില ആശയങ്ങൾ വെറുതെ കുത്തിക്കുറിക്കുക മാത്രമാണ് ചെയ്യുന്നത്. ആ എന്നെ എഴുത്തുകാരൻ എന്നു വിളിക്കുന്നത് തന്നെ നീതിയും ഉചിതവുമല്ല. അർഹതയുള്ള എത്രയോ പേരുണ്ട്. അവരെ പരിചയപ്പെടുത്താനുള്ള വേദിയായി മാറ്റാണം പ്രസിദ്ധീകരണങ്ങൾ. നിങ്ങളുടെ പേജുകളിലൊന്നും എന്നെ പരാമർശിച്ചു പാഴാക്കരുത്. മാധ്യമ പ്രവർത്തകർ കഴിവുള്ള ആളുകളെയോ ചെയ്തികളെയോക്കെ കണ്ടെത്തി അവതരിപ്പിക്കുമ്പോഴാണ് കാര്യങ്ങൾക്ക് ഗൗരവം വരുന്നത്.

“ആലുമൂട്ടിൽ തറവാട്ടിലെ കൊലപാതകത്തിന്റെ കഥയല്ല മണിച്ചിത്രത്താഴ്…”
രാജഭരണ കാലത്ത്, മരുമക്കത്തായ വ്യവസ്ഥയുടെയൊക്കെ അവസാനകാലത്ത് ആലുമൂട്ടിൽ തറവാട്ടിലൊരു കൊലപാതകം നടന്നു. തറവാട്ടിലെ കാരണവരെ അനന്തരവൻ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അന്നത്തെ പ്രമാദമായ കേസുകളിലൊന്നായിരുന്നു അത്. അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ അനന്തരവന് തൂക്കുകയറും വിധിക്കപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട പലതരം കഥകളും കിംവദന്തികളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അത്തരം കഥകൾ കേട്ടാണ് വളർന്നത്. ആ സംഭവത്തിന്റെയൊരു റിപ്പോർട്ടിങ് ഒന്നുമല്ല സിനിമ. ആലുമൂട്ടിൽ തറവാടിന്റെ അന്തരീക്ഷം എഴുത്തിന്റെ ഘട്ടത്തിൽ നമ്മുടെ പലതരം സങ്കൽപ്പങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. അതേസമയം മണിച്ചിത്രത്താഴിന്റെ തിരക്കഥയ്ക്ക് ആലുമൂട്ടിൽ തറവാട്ടിലെ കൊലപാതകവുമായി നേരിട്ട് യാതൊരു ബന്ധങ്ങളും ഇല്ലെന്നതാണ് സത്യം.

“ഫാസിലിനോട് ഉള്ളത് സർഗാത്മക സൗഹൃദം മാത്രം…”
ഫാസിലുമായി അങ്ങനെയൊരു സൗഹൃദം അപ്പോഴും ഇപ്പോഴും ഇല്ല. എന്നും ഉണ്ടായിരുന്നത് ഒരു സർഗാത്മക സൗഹൃദമാണ്. ഒരു സബ്ജക്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സൗഹൃദമെന്നു ലളിതമായി പറയാം. ഞാൻ എഴുതിയ ചില വിഷയങ്ങൾ അവർക്ക് കൗതുകമായി തോന്നി സിനിമയാക്കുന്നു എന്നേയുള്ളൂ.
ചില ആശയങ്ങൾ തോന്നുന്നത് എഴുതിവയ്ക്കുകയും കഥാരൂപം പ്രാപിക്കുകയും ചെയ്ത് എൺപത് ശതമാനമൊക്കെയാകുമ്പോഴാണ് ഞാൻ അവരോടൊക്കെ അത് പങ്കുവെക്കുന്നത്. ഞാൻ ഒരു പുസ്തകം എഴുതി. അത് വായിച്ചതിനു ശേഷം വായനക്കാർ അത് ശ്രേഷ്ഠമാണെന്ന് പറഞ്ഞാൽ മാത്രമല്ലേ അത് എന്നിലെ എഴുത്തുകാരനുള്ള അംഗീകാരമായി കണക്കാക്കാൻ കഴിയുക. തിരക്കഥ സംവിധായകൻ കൊണ്ടുപോയി വായിച്ചതിനു ശേഷം അതിന്റെ ദൃശ്യപരമായ കാഴ്ചകൾ ഉണ്ടാക്കി അതിനെ കൃത്യമായ സമയ പരിധിക്കുള്ളിലും ഫ്രെയിമുകളിലുമൊക്കെ ആവിഷ്കരിക്കുക എന്നത് വേറൊരു സർഗപ്രക്രിയയാണ്. അവിടെ അംഗീകരിക്കപ്പെടേണ്ടത് സംവിധായകനാണ്, എഴുത്തുകാരനല്ല.
“ഞാൻ എഴുത്തുകാരനല്ല, പുളുപറച്ചിലുകാരൻ മാത്രമാണ്…”
ലോകം തന്നെയൊരു പുളു അല്ലേ…? പുളു അല്ലാത്ത ഒരു ബേയ്സുമായി ബന്ധപ്പെടുത്തുമ്പോളാണ് അത് പുളുവാകുന്നത്. കള്ളം പറയണമെങ്കിൽ മുൻകൂർ സത്യം വേണം. ലോക പ്രശസ്തമായ സത്യമാണ് പൂജ്യം. ലോക പ്രശസ്തമായ ഒരേയൊരു കള്ളമാണ് ഒന്ന്. അതിന്റെ പേരാണ് കണക്ക്. പൂജ്യം കണക്കല്ല, ഒന്ന് കണക്കാണ്. കണക്ക് എന്ന് പറഞ്ഞാൽ എന്താണ് അർഥം…? ആലോചിച്ചിട്ടുണ്ടോ? ‘ഗണിക്കൽ’ എന്ന സംസ്കൃത പദം മലയാളി ഉച്ചരിച്ചപ്പോൾ കണക്കായി. ‘ഗോശ്രീ’ എന്നത് പോർച്ചുഗീസുകാരൻ ഉച്ചരിച്ചതാണ് കൊച്ചി. അങ്ങനെ ഉച്ചാരണഭേദം കൊണ്ട് ഉടലാകെവാർന്ന സംഭവങ്ങളുണ്ട്.

ഗണിക്കുക എന്ന് പറഞ്ഞാൽ ഇല്ലാത്ത ഒന്ന് ഉണ്ടെന്നു സങ്കൽപിക്കലാണ്. അങ്ങനെ പറയുമ്പോൾ കള്ളത്തിന്റെ മറ്റൊരു പേരാണ് കണക്ക്. അതുകൊണ്ടാണ് സങ്കലനം, കലനം എന്ന് അതിന് പേരു വരുന്നത്. ഇതിൽ നിന്നാണ് കാലം ഉണ്ടാകുന്നത്. കാലം കള്ളമാണ്, കൽപ്പിതമാണ് എന്നതാണ് അടിസ്ഥാനം. അമ്മയെന്നു ഞാൻ സങ്കൽപ്പിച്ച് വച്ചിരിക്കുന്ന സ്ത്രീ അവരുടെ ജ്യേഷ്ഠത്തി വന്നു നോക്കുമ്പോൾ അനിയത്തിയാണ്. അവരുടെ ഭർത്താവിന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ അവർ ഭാര്യയാണ്. ഇതിന്റെ പേരാണ് ലോകം. അലോകനം കൊണ്ടു ഉണ്ടാകുന്നതാണ് ലോകം.
നാരായണ പിള്ള എന്നൊരു നടനുണ്ട്. അയാൾ രാവണൻ ആകുകയാണ്. നാരാണയണപിള്ള എന്ന നടനാണ് ഉള്ളത്. രാവണൻ ഉണ്ടാകുകയാണ്. ഉണ്ടാകുക എന്നാൽ ഇല്ല; പക്ഷേ ഉണ്ട്, എന്ന് ആകുകയാണ്. അതിന്റെ പേരാണ് പുളു. അതാണ് കള്ളം. കള്ളത്തിന് മുൻകൂർ സത്യമുണ്ട്. സത്യത്തിലാണ് കള്ളം ജനിക്കുന്നത്, ഒട്ടുകാലം നിൽക്കുന്നത്, ശമിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാനൊരു പുളുപറച്ചിലുകാരൻ മാത്രമാണ് എനിക്ക് എങ്ങനെ എഴുത്തിൽ മൗലികത അവകാശപ്പെടാൻ കഴിയും.
"ലോകമൊരു കളിക്കളമാണ്. ജയിക്കാനല്ല, രസിക്കാൻ വേണ്ടി കളിക്കാനാണ് ഇഷ്ടം"
ഇവിടെ നടക്കുന്നത് ഒരു കളിയാണ്. ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കാൻ ശ്രമിച്ചവരെല്ലാം ഒന്നുകിൽ ഇതിനെ നാടകമെന്നും മറ്റൊരു രീതിയിൽ കളിക്കളമെന്നുമാണ് പറയുന്നത്. അത് നൂറ് ശതമാനം ശരിയാണെന്ന് ഞാൻ കരുതുന്നു. ഒരു കളിക്കളത്തിനകത്താണ് നമ്മൾ. ഈ ജീവിതവും കമ്പോളവും വിമർശനങ്ങളും പരാതികളും എല്ലാം പറയുന്നത് കളിക്കളത്തിനകത്താണ്. ഈ കളിക്കളമൊക്കെ രൂപം കൊള്ളുന്നതിന് മുമ്പ് നമ്മളൊക്കെ ഈ മൈതാനത്ത് വന്നൊരു സമയമുണ്ട്. അന്ന് ഇവിടെ ഈ കളം ഇല്ല. നാലു മണിക്ക് കൂട്ടുകാരെല്ലാം തോളിൽ കയ്യിട്ട് ഈ മൈതാനത്തോട്ട് വരുമ്പോൾ കളിക്കമ്പമേയുള്ളു. അതിർത്തിയില്ലാതെ കിടക്കുന്ന അനന്തമായ മൈതാനമാണത്. അവിടെ കളിക്കമ്പക്കാരായ കൂട്ടുകാർ കളം വരയ്ക്കുകയാണ്. അത്രയും സ്വതന്ത്രമായി കിടക്കുന്ന സ്ഥലത്ത് കളി നടക്കില്ല. കളി നടക്കാൻ ഇടുക്കം വേണം. ആ ഇടുക്കത്തിന് വേണ്ടി നമ്മൾ സുഹൃത്തുകൾ കളിയുടെ ആരംഭത്തിലൊരു ഇടുക്കം വരച്ചിടുകയാണ്. എന്നിട്ട് രണ്ടായി തിരിയുകയാണ് മത്സരിക്കാൻ. ശത്രുക്കൾ ആകുകയാണ്. ഇതെല്ലാം രസിക്കാൻ വേണ്ടിയാണ്. കളിക്കളം രൂപം കൊള്ളുന്നത് തന്നെ രസത്തിനു വേണ്ടിയാണ്. കളി തുടങ്ങിയാൽ ഫൗളുകൾ ഉണ്ടാകുന്നു. അപ്പോൾ പരസ്പരം പഴി പറയും. ഇത് ഇങ്ങനെയല്ല കളിക്കേണ്ടത്, നീ അടിച്ചത് ശരിയായില്ല എന്നു വാദിക്കും. ആ വാദങ്ങളൊന്നും പൂർണ്ണ സത്യങ്ങളൊന്നും അല്ല, വെറും കളി മാത്രമാണ്. ഇത്രയും പ്രസക്തിയെയുള്ളു ജീവിതത്തിന്. ഈ വഴക്കുകൾ ഒഴിവാക്കാൻ പറ്റില്ല.
കളി തുടങ്ങി കഴിഞ്ഞാൽ കളി ശങ്കകളുണ്ട്. അതൊക്കെ കളിയുടെ ഭാഗമാണ്. തോറ്റാൽ ദുഃഖം വരും ജയിച്ചാൽ സുഖം വരും എന്നൊരു സങ്കൽപ്പം ഉണ്ട്. വിദ്യാഭ്യാസം അൽപ്പം കിട്ടി കഴിയുമ്പോൾ തോൽവിയിലും നമ്മൾ രസിക്കാൻ തുടങ്ങും. കാരണം നമ്മൾ കളിക്കാൻ ഇറങ്ങിയത് ജയിക്കാനല്ല രസിക്കാനാണ് എന്നൊരു അടിസ്ഥാന സത്യം അവിടെയുണ്ട്. അത് മറന്നിട്ടാണ് ജയിച്ചാലേ എനിക്ക് സുഖമുള്ളു എന്ന ചിന്ത വരുന്നത്. ആ രസമാണ് പ്രധാനം എന്നറിയുന്നവൻ തോറ്റ് രസിക്കുകയാണ്. അല്ലാത്തവൻ തോറ്റ് ദുഃഖിച്ചിരിക്കുകയാണ്. ഒരു സംഭവത്തെ എങ്ങനെയാണ് നിങ്ങൾ സമീപിക്കുന്നതെന്ന് ചിന്തിക്കുക. ഈ സമീപനത്തിന്റെ ഏറ്റവും ഉജ്ജ്വലമായ നിലപാട് സ്വീകരിക്കാൻ വിദ്യാഭ്യാസമാണ് സത്യത്തിൽ കളം ഒരുക്കേണ്ടത്. നിർഭാഗ്യവശാൽ അങ്ങനെയൊരു വിദ്യാഭ്യാസം നമ്മുക്ക് ലഭിക്കുന്നില്ല. മറിച്ച് തോൽക്കാനും ജയിക്കാനും തോറ്റ് കഴിഞ്ഞാൽ ആത്മഹത്യ ചെയ്യാനുമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് ലഭിക്കുന്നത്. അതാണ് കമ്പോളം നൽകുന്ന വിദ്യാഭ്യാസം. അങ്ങനെ നിരർഥകമായൊരു സ്ഥലമാണിത്. അവിടെയാണ് നമ്മുടെ വ്യവഹാരങ്ങളെല്ലാം നടക്കുന്നത് . എന്നിരുന്നാലും ആ കമ്പോളത്തിന്റെ ഭാഗമായി നിന്നു കൊണ്ട് തന്നെ മേൽവിചാരം (Over look) ചെയ്യാൻ നമ്മുക്ക് കഴിയും. “മധു മുട്ടം” എന്ന പേരു പോലും ഒരാർഥത്തിൽ കമ്പോള സൃഷ്ടിയാണ്.
"വെടിവയ്ക്കുകയും ‘ഠോ’ ശബ്ദം ഉണ്ടാക്കുകയും ചെയ്യേണ്ടതില്ലല്ലോ"
ഒരു വിഷയം അവതരിപ്പിക്കാനുള്ള ടൂളുകളായിട്ടാണ് സിനിമയിൽ സൈക്യാട്രിയും മന്ത്രവാദവുമൊക്കെ ഉപയോഗിച്ചിരിക്കുന്നത്. അതല്ല സിനിമയുടെ യഥാർഥ പ്രതിപാദ വിഷയം. പിന്നെ എന്താണ് പ്രതിപാദിക്കാൻ ശ്രമിച്ചതെന്നു ചോദിച്ചാൽ വെടിവയ്ക്കുകയും “ഠോ” എന്നു ശബ്ദം ഉണ്ടാക്കുകയും ചെയ്യേണ്ടതില്ലല്ലോ.
"മണിച്ചിത്രത്താഴ് സിനിമക്കു വേണ്ടി എഴുതിയതല്ല, സിനിമയായി സങ്കൽപ്പിച്ച് എഴുതിയത്…"
‘എന്നെന്നും കണ്ണേട്ടന്റെ’ ഒരു സിനിമയാകും എന്നു കരുതിയിരുന്നില്ല. അതൊരു ചെറുകഥയായിത്തന്നെ എഴുതിയതാണ്. മണിച്ചിത്രത്താഴിലേക്ക് വരുമ്പോൾ ഞാൻ മനസ്സിലൊരു സിനിമ കണ്ടുകൊണ്ടാണ് എഴുതിയത്. അതിനർഥം അത് സിനിമയാക്കാൻ വേണ്ടി എഴുതിയെന്നല്ല. മണിച്ചിത്രത്താഴിന്റെ ആദ്യ ആലോചനകൾ മനസ്സിൽ വന്നപ്പോൾ തന്നെ ഞാൻ ഒരു സിനിമയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് എഴുതിയതും കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും സങ്കൽപ്പിച്ചതും എന്നാണ് ഉദ്ദേശിച്ചത്. സിനിമയാക്കാൻ വേണ്ടി അന്നും ഇന്നും ഒന്നും എഴുതിയിട്ടില്ല. കൗതുകപ്പെട്ട് ആരെങ്കിലും കൊണ്ടുപോയി സിനിമയെടുത്തെങ്കിലായി, അത്രേയുള്ളു. ഇപ്പോഴും പലരും കൗതുകപ്പെട്ട് കഥകൾ കൊണ്ടുപോയിട്ടുണ്ട്.
"കഥാപാത്രങ്ങളുടെ പേരുകൾ രസകരമായ ധ്യാനത്തിൽ നിന്നുണ്ടായത്….”
മണിച്ചിത്രത്താഴിലെ കഥാപാത്രങ്ങളുടെ പേരുകളൊക്കെ രസകരമായ ധ്യാനത്തിൽ നിന്നുണ്ടായിട്ടുള്ളതാണ്. അത് പ്രേക്ഷകർ ആ അർഥത്തിൽ തിരിച്ചറിയറിയുമ്പോൾ അവർ അത് പിടിച്ച് എടുത്തു കളഞ്ഞല്ലോ എന്ന അദ്ഭുതം തോന്നാറുണ്ട്. അവിടെയും അത് പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടാൻ കാരണമായത് അത് ചിത്രീകരിച്ചതിലെ വൈഭവമാണ്. അല്ലെങ്കിൽ ഞാൻ അവിടെ നകുലൻ എന്ന് എഴുതിവച്ചാൽ അതിന്റെ അർഥം അന്വേഷിച്ച് ആരെങ്കിലും പോകുമോ. 30 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഇവിടെ ഒരു അഭിമുഖ സംഭാഷണത്തിനായി നിങ്ങൾ എത്തിയതും എഴുത്തിന്റെ മഹത്വം കൊണ്ടല്ല. അത് ദൃശ്യവത്ക്കരിച്ചതിലെ മികവും അന്നത്തെ പ്രേക്ഷകർ അതിനെ സ്വീകരിച്ചതു കൊണ്ടുമാണ് സിനിമ മറ്റൊരു തലത്തിലേക്ക് ഉയർന്നത്. പ്രേക്ഷകരാണ് സിനിമയെ കണ്ടെത്തുന്നത്. അവരുടെ മനസ്സും ചിന്തകളും കൂടി കലർത്തിയാണ് സിനിമയെ ആഘോഷിക്കുന്നത്.
"ആയിരം എഴുത്തിന്റെ ഫലം ചെയ്ത ലാലിന്റെ മൂളൽ…"
സ്ക്രിപ്റ്റ് എഴുതുമ്പോൾ വളരെ സൂക്ഷ്മമായ കാര്യങ്ങൾ എഴുതിവയ്ക്കുന്നത് അസൗകര്യമാണ്. അങ്ങനെ എഴുതാതെ ഒഴിവാക്കിയ ചില സംഗതികൾ ഉണ്ടാകും. അങ്ങനെ നമ്മൾ മനസ്സിൽ കാണുകയും എഴുതാതെ പോകുകയും ചെയ്ത അത്തരം ചില മൂഹുർത്തങ്ങൾ അഭിനേതാക്കൾ അസാമാന്യമായ മികവോടെ നമ്മൾ ഉദ്ദേശിച്ച അതേ ഉയരത്തിൽ പോയി തൊടുന്നത് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. മോഹൻലാൽ അവതരിപ്പിച്ച സൈക്യാട്രിസ്റ്റ് ആദ്യമായി തറവാട്ടിൽ എത്തുകയും സുഹൃത്തിനോട് സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തിരിക്കുന്ന സമയത്ത്, അവിടെയൊരു കോലാഹലം ഉണ്ടാകുന്നുണ്ട്. അത് കഴിഞ്ഞ് സുരേഷ് ഗോപിയുടെ നകുലൻ എന്ന കഥാപാത്രം സണ്ണിയോട് ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്നങ്ങൾ എന്ന് പറയുന്നുണ്ട്. അതിനോടുള്ള പ്രതികരണമായി സണ്ണിയുടെ ഒരു മൂളൽ ഉണ്ട്. മോഹൻലാലിന്റെ ആ മൂളൽ കൃത്യമായിരുന്നു. അത് കറക്റ്റ് ഡോസിലാണ് അവിടെ വീണിരിക്കുന്നത്. അത് ഒരുപാട് എഴുത്തിന്റെ ഫലം ചെയ്തു. അതായത് അയാൾ ആദ്യമായി ആ ദൗത്യം ഏറ്റുവാങ്ങുന്നതിന്റെ ഒരു മുഹൂർത്തമായിട്ട് അത് അനുഭവപ്പെടുകയാണ്. ആ മൂളൽ അൽപം കൂടുകയായിരുന്നെങ്കിൽ ആ അർഥം വരില്ല. അയാളുടെ നോട്ടമോ ചലനമോ മറ്റൊരുവിധത്തിലായിരുന്നെങ്കിലും ആ അർഥം ലഭിക്കില്ല. അത് യാദൃച്ഛികതയല്ല, മറിച്ച് ആ നടൻ കഥാപാത്രത്തെ ഏറ്റുവാങ്ങി അങ്ങനെ പെരുമാറുകയാണ്. അത് ഏറ്റുവാങ്ങാൻ തക്കതാവണം, അത് സംവിധായകൻ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നെ ഫാസിലും മോഹൻലാലും തമ്മിലുള്ള വേവ് ലെങ്ത് ഉണ്ടല്ലോ. ഇതൊക്കെ ചേരുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം ചില അഭിനയ മൂഹുർത്തങ്ങൾ നല്ല അനുഭവമായി തോന്നിയിട്ടുണ്ട്. നേരേ മറിച്ച് സ്ക്രിപ്റ്റിൽ ഇതൊക്കെ എഴുതിവച്ചാൽ അത് ഫലിക്കില്ല.