‘ഗോഡ്സില്ല’യുടെ ബജറ്റ് 125 കോടി, ഒപ്പം മത്സരിക്കുന്ന സിനിമയുടേത് 2000 കോടി; ചരിത്രം
Mail This Article
125 കോടി, ഇന്ത്യയിലെ സൂപ്പർതാരങ്ങൾക്കു ലഭിക്കുന്ന പ്രതിഫലത്തിനൊപ്പമുള്ള തുക. ഈ പൈസ കൊണ്ട് ഒരു ജാപ്പനീസ് ചിത്രം ഓസ്കർ നോമിനേഷനിൽ വരെ എത്തിനിൽക്കുന്നു. മത്സരിക്കുന്നതോ, ഹോളിവുഡ് കോടികൾ വാരിയെറിയുന്ന വിഷ്വൽ ഇഫക്ട്സ് മത്സര വിഭാഗത്തിൽ. കൂടെ നോമിനേഷനിലുള്ളത് മിഷൻ ഇംപോസിബിൾ, നെപ്പോളിയൻ, മാർവലിന്റെ ഗാർഡിയൻ ഓഫ് ഗ്യാലക്സി പോലുള്ള വമ്പൻ സിനിമകൾ. ഇതിൽ ഗാർഡിയൻ ഓഫ് ഗ്യാലക്സിയുടെ ബജറ്റ് രണ്ടായിരം കോടി. അതെ അവിടെയാണ് 125 കോടി ബജറ്റിൽ നിർമിച്ച ജാപ്പനീസ് ചിത്രം ‘ഗോഡ്സില്ല മൈനസ് വൺ’ ചരിത്രമാകുന്നത്.
70 വർഷം നീണ്ടുനിന്ന ഗോഡ്‌സില്ല ഫ്രാഞ്ചൈസിയിലെ ദീർഘകാല ചരിത്രം ‘ഗോഡ്സില്ല മൈനസ് വൺ’ തിരുത്തിക്കുറിച്ചു. 1954ലാണ് ആദ്യ ഗോഡ്സില്ല ചിത്രം പുറത്തിറങ്ങുന്നത്. 70 വർഷത്തിനിടയിൽ റിലീസ് ചെയ്ത 38 ഗോഡ്സില്ല സിനിമകളുടെ ചരിത്രത്തിൽ ഓസ്‌കറിന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഗോഡ്‌സില്ല സിനിമയാണിത്.
1954-ലെ ഒറിജിനല്‍ ഗോഡ്സില്ലയ്ക്കു ശേഷം ജാപ്പനീസ് എന്റർടെയ്ൻമെന്റ് കമ്പനിയായ ടൊഹോ കോ. ലിമിറ്റഡ് നിർമിച്ച 33-ാമത്തെ ജാപ്പനീസ് ഭാഷയിലുള്ള ഗോഡ്‌സില്ല ചിത്രം കൂടിയാണ് ഗോഡ്‌സില്ല മൈനസ് വൺ. 38 സിനിമകളിൽ അഞ്ച് ഗോഡ്സില്ല സിനിമകളാണ് ഹോളിവുഡ് ഒരുക്കിയത്.. ലെജൻഡറി പിക്ചേഴ്സ് ആണ് ഇതിൽ നാല് സിനിമകൾ നിർമിച്ചത്. 38ാമത് സിനിമയായ ‘ഗോഡ്‌സില്ല വേഴ്സസ് കോങ്: ദ് ന്യൂ എംപയർ’ ഈ വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും.
ഈ വർഷത്തെ വിഎഫ്എക്സിനുള്ള ഓസ്കർ നോമിനേഷനുകളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ വിഎഫ്എക്സ് ചെയ്ത ചിത്രമെന്ന ഖ്യാതിയും ഗോഡ്‌സില്ല മൈനസ് വണ്ണിന് സ്വന്തമാണ്. ഒപ്പം മത്സരിക്കുന്ന ചിത്രങ്ങളേക്കാൾ പത്തുമടങ്ങ് കുറഞ്ഞ ബജറ്റിലാണ് ഗോഡ്‌സില്ല മൈനസ് വൺ പൂർത്തിയായത്. ഇവിടെ വിജയ്‌യും രജനിയുമൊക്കെ പ്രതിഫലമായി മേടിക്കുന്ന നൂറു കോടി രൂപ മാത്രമാണ് ഈ ചിത്രത്തിന് ആകെ ചിലവായത് എന്നതും ശ്രദ്ധേയമാണ്.
2016-ൽ പുറത്തിറങ്ങിയ ഷിൻ ഗോഡ്‌സില്ലയ്ക്ക് ശേഷം ടോഹോ നിർമിച്ച ചിത്രമാണ് തകാഷി യമസാകി സംവിധാനം ചെയ്ത ഗോഡ്‌സില്ല മൈനസ് വൺ. 1954ൽ റിലീസ് ചെയ്ത ആദ്യ ഗോഡ്‌സില്ലയുടെ പുനർരൂപകൽപനയാണ് ഈ സിനിമയെന്നു പറയാം. സംവിധായകൻ തകാഷി ഉൾപ്പെടുന്ന 35 വിഎഫ്എക്സ് ആർടിസ്റ്റുകൾ മാത്രമാണ് ഗോഡ്സില്ല മൈനസ് വൺ സിനിമയുടെ വിഎഫ്എക്സ് വിഭാഗത്തിൽ പ്രവർത്തിച്ചത്. സിനിമയിൽ ആകെ ഉപയോഗിച്ചിരിക്കുന്നത് 610 വിഎഫ്എക്സ് ഷോട്ടുകളാണ്. കഴിഞ്ഞ വർഷം വിഷ്വൽ ഇഫക്ട്സിന് ഓസ്കർ നേടിയ അവതാർ വേ ഓഫ് വാട്ടർ സിനിമയിൽ ഉപയോഗിച്ചത് 3,289 വിഎഫ്ക്സ് ഷോട്ടുകളാണ്.
15 മില്യൻ യുഎസ് ഡോളർ മുടക്കിയ ‘ഗോഡ്സില്ല മൈനസ് വൺ’ ബോക്സ് ഓഫിസിൽ നിന്നും വാരിയത് 100 മില്യൻ ഡോളറാണ്. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ജാപ്പനീസ് റിലീസായി ചിത്രം മാറിയിരുന്നു. യുഎസ് ബോക്‌സ് ഓഫfസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക‌്ഷൻ നേടിയ അഞ്ചാമത്തെ വിദേശ ഭാഷാ ചിത്രം കൂടിയാണിത്.
എന്നിരുന്നാലും ഓസ്കറിൽ ഗോഡ്‌സില്ലയ്ക്കു കടുത്ത മത്സരം നേരിടേണ്ടിവരും. ദ് ക്രിയേറ്റർ, ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്‌സി വോളിയം 3 തുടങ്ങിയ ബിഗ്-ബജറ്റ് സയൻസ് ഫിക്‌ഷൻ സിനിമകളോടാണ് ‘ഗോഡ്‌സില്ല’ മത്സരിക്കേണ്ടി വരിക. ഈ വിഭാഗത്തിലെ മറ്റു രണ്ട് നോമിനികൾ മിഷൻ ഇംപോസിബിൾ സെവണും, റിഡ്‌ലി സ്കോട്ടിന്റെ ചരിത്ര ഇതിഹാസമായ നെപ്പോളിയനുമാണ്.