ADVERTISEMENT

നടി പൂനം പാണ്ഡെയുടെ മരണവാർത്തയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങി. ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി സൃഷ്ടിച്ചൊരു ക്യാംപെയ്നിന്റെ ഭാഗമായിരുന്നു ഈ ‘മരണം’. സെർവിക്കൽ കാൻസർമൂലമാണ് താരം മരണമടഞ്ഞതെന്നായിരുന്നു നടിയുടെ മാനേജർ കഴിഞ്ഞ ദിവസം ഔദ്യോഗിക സമൂഹ മാധ്യമ പേജിൽ കുറിച്ചത്.

എന്നാൽ പൂനം മരിച്ചിട്ടില്ലെന്നു സ്ഥിരീകരിക്കുന്നതായിരുന്നു എക്സ് പ്ലാറ്റ്ഫോമിലെ ചർച്ചകൾ . സെർവിക്കൽ കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഈ ‘മരണ’മെന്നും ചിലർ ട്വീറ്റുകളിലൂടെ ഉന്നയിച്ചു. നടിയുടെ ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പിൽ ‘സെർവിക്കൽ കാൻസർമൂലം പ്രിയപ്പെട്ട പൂനം മരണമടഞ്ഞു’ എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ക്യാംപെയ്ൻ ആകാനുളള എല്ലാ സാധ്യതയുമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ലോക കാന്‍സർ ദിവസമായ ഫെബ്രുവരി നാലിന് ഈ ‘മരണവാർത്ത’യിലെ സസ്പെൻസ് വെളിപ്പെടുമെന്നും സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് നടി തന്നെ ഇതിനു വിരാമമിട്ടത്.

പൂനത്തിന്റെ സഹോദരിയാണ് മരണവാർത്ത തന്നെ വിളിച്ചു പറഞ്ഞതെന്നായിരുന്നു നടിയുടെ മാനേജർ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ നടിയുടെ സഹോദരിയെയും കുടുംബാംഗങ്ങളെയും മാധ്യമങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിലരുടെ ഫോൺ സ്വിച്ച്ഓഫും മറ്റു ചിലരുടേത് പരിധിക്കു പുറത്തുമായിരുന്നു.

ആരാധകരടക്കമുള്ളവർ വാർത്ത വിശ്വസിക്കാന്‍  തയാറായില്ല. ഇത് വ്യാജ വാർത്തയാണോ ഏതെങ്കിലും സിനിമയ്ക്കു വേണ്ടിയുള്ള പ്രമോഷനാണോ എന്നും സംശയം പ്രകടിപ്പിച്ചവരുമുണ്ട്. 

കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന പാർട്ടി വിഡിയോയിൽ പൂർണ ആരോഗ്യവതിയായി കാണപ്പെടുന്ന പൂനത്തിന് പെട്ടന്നെങ്ങനെയാണ് കാൻസർ മൂലം മരണം സംഭവിക്കുന്നതെന്നാണ് ആരാധകർ ചോദിച്ചത്.

2013ൽ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൂനം പാണ്ഡെ. ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ താരം പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട്.

ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആൻഡ് കോ, ആ ഗയാ ഹീറോ, ദ് ജേർണി ഓഫ് കര്‍മ തുടങ്ങിയ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായില്ലെങ്കിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ നടി സാന്നിധ്യം ഉറപ്പാക്കിയിരുന്നു. 

English Summary:

Poonam Pandey's death: Questions that remain unanswered: Twitter Reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com