അഭിമുഖത്തിനിടെ പാറ്റ; പതറി അവതാരക; കൂളായി ഐശ്വര്യ റായി; വിഡിയോ

Mail This Article
അഭിമുഖത്തിനിടയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ‘അതിഥി’യെക്കണ്ട് അവതാരക ഭയന്നപ്പോൾ നടി ഐശ്വര്യ റായ് കൂളായി അതിനെ നേരിടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അഭിമുഖത്തിനിടയിൽ സംഭവിച്ച രസകരമായ കാര്യം അണിയറപ്രവർത്തകർ സൂക്ഷിച്ചു വയ്ക്കുകയും ഇപ്പോൾ ‘ബിഹൈൻഡ് ദ് സീൻസ്’ ആയി പുറത്തുവിടുകയുമായിരുന്നു. സിമി ഗരേവാളിന്റെ ഏറെ പ്രശസ്തമായ ടിവി ഷോയുടെ ഇടയിലാണ് ഈ രസകരമായ സംഭവം നടന്നത്. ഐശ്വര്യ റായുമായി സിമി നടത്തിയ അഭിമുഖത്തിനിടെ ഒരു പാറ്റ വന്നതാണ് വിഡിയോയിൽ കാണാനാകുക.
അണിയറപ്രവർത്തകർ ആ പാറ്റയെ പിടിക്കുന്നതിനിടെ ‘ഇത്ര സ്നേഹത്തോടെ പാറ്റയെ പിടിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്’ എന്ന ഐശ്വര്യയുടെ കമന്റാണ് ആരാധകരിൽ ചിരി പടർത്തുന്നത്.
ഷൂട്ടിങ്ങുകൾക്കിടയിൽ നടക്കുന്ന രസകരവും അപ്രതീക്ഷിതവുമായ ചില രംഗങ്ങൾ പിന്നീട് ബിഹൈൻഡ് ദ് സീൻ ആയി പുറത്തുവിടുകയും അത് ആരാധകരിൽ കൗതുകമുണർത്തുകയും ചെയ്യാറുണ്ട്. തിരശീലയിൽ കാണുന്ന താരങ്ങളുടെ മറ്റൊരു മുഖമായിരിക്കും അത്തരം വിഡിയോകളിലൂടെ വെളിപ്പെടുന്നത്. അഭിമുഖത്തിനിടെ പാറ്റയെ കാണുന്ന സിമി ഗരേവാളിന്റെ മുഖത്ത് ഞെട്ടല്‍ കാണാം. എന്നാൽ പാറ്റയെ കണ്ടിട്ടും ഐശ്വര്യ കൂൾ ആയി ഇരിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
ഇതിനെ എടുക്കാൻ ആരും വരാത്തത് എന്തെന്നും ഇത് പ്ലാൻ ചെയ്തത് ആരാണ് എന്നുമൊക്കെ ഐശ്വര്യ ചോദിക്കുന്നുണ്ട്. മറ്റേതു നടിയായിരുന്നെങ്കിലും ബഹളം ഉണ്ടാക്കുമായിരുന്നുവെന്നും ഇത്തരം ഒരു സാഹചര്യത്തെ ഐശ്വര്യ സരസമായി കൈകാര്യം ചെയ്തുവെന്നുമാണ് ആരാധകരുടെ പ്രതികരണങ്ങൾ.