5000 രൂപയ്ക്ക് തിയറ്ററിൽ ഞങ്ങള് പടമെത്തിക്കാം, എന്തിന് ഈ അധികച്ചെലവ്: നിർമാതാവ് അനിൽ തോമസ് അഭിമുഖം
Mail This Article
ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരുടെ കൊള്ള അനുവദിച്ചു കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് നിർമാതാക്കളുടെ സംഘടന സ്വന്തമായി ഡിജിറ്റൽ കണ്ടന്റ് സംവിധാനം തുടങ്ങിയതെന്നും ഇതുമൂലം ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർക്കു നൽകേണ്ടിവരുന്ന അമിത ഫീസ് ഒഴിവാക്കാൻ കഴിയുമെന്നും നിർമാതാവ് അനിൽ തോമസ്. നിർമാതാക്കളുടെ സംഘടനയുടെ നിബന്ധനകൾ അംഗീകരിക്കാനാവാത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോവുകയാണെന്ന തിയറ്റർ ഉടമകളുടെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു അനിൽ തോമസ്. തിയറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കയ്യിൽനിന്നും സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. താരങ്ങൾക്കു കോടികൾ പ്രതിഫലം കൊടുത്ത് സിനിമ നിർമിക്കുന്നവർക്ക് സർവീസ് പ്രൊവൈഡേഴ്സിന് അയ്യായിരമോ പതിനായിരമോ കൊടുക്കാൻ മടിയെന്താണ് എന്നായിരുന്നു ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്. എന്നാൽ തങ്ങളുടെ പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽതാഴെ മാത്രം ചെലവിൽ തയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്ന് നിർമാതാക്കളുടെ സംഘടന ചോദിക്കുന്നു. സമരത്തിനു പിന്നിലെ കാരണങ്ങളും പ്രശ്നങ്ങളും വെളിപ്പെടുത്തി അനിൽ തോമസ് മനോരമ ഓൺലൈനിൽ...
‘‘പണ്ടു സിനിമയുടെ പ്രിന്റ് ആണ് തിയറ്ററുകളിൽ കൊടുക്കുന്നത്. അത് അവിടുത്തെ പ്രൊജക്ടറിൽ ലോഡ് ചെയ്ത് അവർ കാണിക്കും. ആ പ്രൊജക്ടർ അവർ വിലയ്ക്കു വാങ്ങിയാണ് വച്ചിരുന്നത്. ഡിജിറ്റൽ യുഗമായപ്പോൾ ഈ പ്രൊജക്ടറുകൾക്ക് വില കൂടി. സിനിമാ കണ്ടന്റ് ഡിജിറ്റലി മാസ്റ്റർ ചെയ്തു കൊടുക്കുന്ന ആളുകള്‍ തന്നെ പ്രൊജക്ടറും കൊടുക്കാൻ തുടങ്ങി. ആ പ്രൊജക്ടറുകൾക്കു വലിയ വില ആയതുകൊണ്ട് ലീസിനാണ് എടുത്തിരുന്നത്. ആ ലീസിൽ തിയറ്ററുകാർക്ക് കിട്ടുന്ന പരസ്യ വരുമാനവും മാസവാടകയും ഉൾപ്പടെ കൊടുക്കുന്നതിനോടൊപ്പം സർവീസ് പ്രൊവൈഡർമാർ ഒരുകാര്യം കൂടി നടപ്പിലാക്കി. നമ്മുടെ കണ്ടന്റ് തിയറ്ററിൽ കൊടുക്കുന്നതിന് നിർമാതാക്കള്‍ക്കൊരു ഫീസ് നിശ്ചയിച്ചു. ആ പ്രൊജക്ടറിന്റെ വാടകയിനത്തിൽ അവർ ഇങ്ങനെ അത് കണക്കാക്കികൊണ്ടിരിക്കുകയാണ്. ആഴ്ചയിൽ 12000, 20000 എന്ന തരത്തിലുള്ള റേറ്റുകൾ ആണ് ഇവരുടേത്. എല്ലാ ആഴ്ചയിലും പണം അടയ്ക്കണം.
ഇത് ഭാരിച്ച ചെലവാണ് നിർമാതാക്കൾക്കുണ്ടാക്കുന്നത്. ഇതിനൊരു പരിഹാരമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആലോചിച്ച്, നമ്മൾ തന്നെ കണ്ടന്റ് മാസ്റ്റർ ചെയ്ത് 5000 രൂപയ്ക്ക് ഏതു തിയറ്ററിലും പടം എത്തിക്കാം എന്ന് തീരുമാനിച്ചു. ഞങ്ങൾ കണ്ടന്റു തരും, നിങ്ങൾ അത് പ്രദർശിപ്പിക്കുക എന്നല്ലാതെ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ബലമായി ആരോടും പ്രൊജക്ടർ കച്ചവടം നടത്താൻ പറഞ്ഞിട്ടില്ല.
എന്റെ സിനിമ ഒരു തിയറ്ററിൽ കൊടുത്താൽ അത് പ്രദർശിപ്പിക്കാൻ അവർ ബാധ്യസ്ഥരാണ്. സിനിമ അവിടെയെത്തിക്കുക എന്നതാണ് എന്റെ ജോലി. അതിനായി ലോകത്താദ്യമായി ഒരു സംഘടന തുടങ്ങിയ സംരംഭം ആണ് പിഡിസി (പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ്). കുറഞ്ഞ ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംവിധാനമാണ് ഇത്. ക്യൂബും യുഎഫ്ഒയും തിയറ്ററുകാരോടൊപ്പം ചേർന്ന് ഇതിനെ എതിർത്തു സമരം ചെയ്യുകയാണ്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ഇതിനു ചെലവ് വരുന്ന 5500 രൂപയും ടാക്‌സും പ്രൊഡ്യൂസർ ആണ് അടയ്ക്കുന്നത്. ഇതിലൂടെ സിനിമ കൊടുക്കുകയാണെങ്കിൽ നിർമാതാവിന് അത്രയേ ചെലവു വരികയുള്ളൂ, മറ്റേതാണെങ്കിൽ പ്രൊഡ്യൂസർ ആഴ്ച തോറും 12000 രൂപ അടയ്ക്കണം. കേരളം മുഴുവൻ ഉള്ള തിയറ്ററുകളിൽ സിനിമ കൊടുക്കുമ്പോൾ എല്ലാം കൂടി എത്ര ലക്ഷം രൂപയാണ് എന്ന് ആലോചിച്ചു നോക്കൂ. അത് നടക്കില്ല. കണ്ടന്റ് ഞങ്ങൾ കൊടുക്കാം, അതിന്റെ ചെലവും ഞങ്ങൾ വഹിക്കാം എന്നാണ് ഞങ്ങൾ പറയുന്നത്.
അവർ വാടകയ്ക്ക് എടുത്ത പ്രൊജക്ടറിന്റെ ആളുകൾ സെർവർ ലോക്ക് ചെയ്ത ശേഷം ഞങ്ങൾ കൊടുക്കുന്ന കണ്ടന്റ് പ്രദർശിപ്പിക്കാൻ തയാറാകുന്നില്ല. അവർ വാങ്ങുന്ന അമിത ചാർജ് ഈടാക്കാൻ ഞങ്ങൾ തയാറാകാത്തതുകൊണ്ട് സെർവറിൽ ഡീറ്റെയിൽസ് അവരുടെ കസ്റ്റഡിയിൽ വച്ച ശേഷം നമുക്കും തരുന്നില്ല. 20000 രൂപ പ്രൊജക്ടർ വാടക, 20000 രൂപ പരസ്യ ഇനത്തിൽ, 20000 രൂപ കണ്ടന്റ് ഇനത്തിൽ ഇതെല്ലാം അവർ ഈടാക്കുന്ന പണമാണ്. അവർ ലീസിനു കൊടുത്ത പ്രൊജക്ടറിൽനിന്ന് ഇങ്ങനെ പണം വസൂലാക്കിക്കൊണ്ടിരിക്കുകയാണ്.
അതേ സമയം 5000 രൂപ ചെലവാക്കി കണ്ടന്റ് ഞങ്ങൾക്ക് കൊടുക്കാൻ കഴിയും. ഞങ്ങൾ കൊടുക്കുന്ന പ്രിന്റ് തിയറ്ററുകൾ പ്രദർശിപ്പിക്കാൻ തയാറാകണം. അല്ലാതെ അവരും കൂടുതൽ കാശു മുടക്കണം എന്നൊന്നും ഞങ്ങൾ പറയുന്നില്ല. അവർ ലീസിനെടുത്തു വച്ചിരിക്കുന്ന സാധനത്തിന്റെ വാടക ഞങ്ങൾ കൂടി കൊടുക്കണം എന്ന് പറയുന്നത് ശരിയല്ല. അവർക്കും ഇത് അധിക ചെലവാണ്. ഇതൊന്നും മനസിലാക്കാതെയാണ് ഇവർ ഇപ്പോൾ ഈ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി വരുന്ന തിയറ്ററുകൾ പുതിയ പ്രൊജക്ടർ വയ്ക്കണം എന്ന് മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ. എന്തായാലും ഇപ്പോൾ തിയറ്ററുകളിൽ സിനിമകൾ നല്ല രീതിയിൽ ഓടുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തു. അടുത്ത ആഴ്ചയും പടങ്ങൾ റിലീസ് ചെയ്യുകയും തിയറ്ററുകളിൽ പടം കളിക്കുകയും ചെയ്യും. അനാവശ്യമായ ഈ സമരം ഞങ്ങളെ ബാധിക്കുമെന്ന് കരുതുന്നില്ല.’’–അനിൽ തോമസ് പറഞ്ഞു.