ADVERTISEMENT

സംവിധായകൻ ബാലയെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വളച്ചൊടിച്ചുവെന്ന് നടി മമിത ബൈജു. തന്റെ കരിയറിൽ പ്രധാന സ്ഥാനത്തു നിൽക്കുന്ന സംവിധായകനാണ് ബാലയെന്നും അദ്ദേഹം ഒരിക്കൽപോലും മാനസികമോ ശാരീരികമോ ആയി ഉപദ്രവിക്കുകയോ മറ്റേതെങ്കിലും തരത്തിൽ അധിക്ഷേപകരമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നു മമിത പറയുന്നു. ‘വണങ്കാൻ’ സിനിമയുടെ സെറ്റിൽ സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നുവെന്നു മമിത പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മമിത പ്രതികരിച്ചത്.

‘‘ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരിൽ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു സിനിമാ പ്രമോഷനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്നുമൊരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി ക്വോട്ട് ചെയ്താണ് ഈ നിരുത്തരവാദപരമായ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ആ സിനിമയുടെ പ്രീപ്രൊഡക്‌ഷനും പ്രൊഡക്‌ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തിട്ടുണ്ട് ഞാന്‍. കൂടുതല്‍ മെച്ചപ്പെട്ട അഭിനേതാവാകാന്‍ എന്നെ അദ്ദേഹം എന്നും സഹായിച്ചിട്ടുണ്ട്. ഒരു നല്ല നടി എന്ന നിലയിൽ ഉയരാൻ ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. 

എനിക്ക് ഒരു തരത്തിലുമുള്ള മാനസികവും ശാരീരികവുമായ വേദനകളോ മറ്റോ ആ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് എടുത്തു പറയട്ടെ. മറ്റു പ്രഫഷനല്‍ കമ്മിറ്റ്‌മെന്റുകള്‍ മൂലമാണ് ഞാന്‍ ആ സിനിമയില്‍നിന്നു പിന്മാറിയത്. പബ്ലിഷ് ചെയ്യും മുമ്പ് വ്യക്തതയ്ക്കായി എന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടു നന്ദി പറയാനും ആഗ്രഹിക്കുകയാണ്. മനസ്സിലാക്കിയതിന് നന്ദി.’’ മമിത ബൈജുവിന്റെ വാക്കുകൾ.

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വണങ്കാൻ’. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറി. പിന്നാലെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്.

English Summary:

'Vanangaan' actress Mamitha Baiju disseminates rumours about her mistreatment by director Bala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com