ADVERTISEMENT

തൈപ്പറമ്പിൽ അശോകനായി മോഹൻലാലും അരിശുമൂട്ടിൽ അപ്പുക്കുട്ടനായി ജഗതി ശ്രീകുമാറും നിറഞ്ഞാടിയ സംഗീത് ശിവൻ ചിത്രം യോദ്ധ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ മുൻ പന്തിയിലാണ്. 32 വർഷത്തിനിപ്പുറവും റംബോച്ചെയും വിക്രുവും കുട്ടിമാമയുമൊക്കെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. ടെലിവിഷനിലൂടെ ഈ സിനിമ കാണുമ്പോഴൊക്കെ ഇവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും എന്ന് നമ്മൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുമുണ്ടാകും. അത്തരത്തിൽ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറന്നു കളയാനാകാത്ത  കഥാപാത്രമാണ് ചിത്രത്തിലെ വിക്രു. അശോകനും അപ്പുക്കുട്ടനും തമ്മിലുള്ള മുട്ടൻ വഴക്കിനിടയിൽ അശോകേട്ടൻറെ കൂടെ കട്ടയ്ക്കു നിക്കുന്ന, വികൃതിപ്പയ്യൻ. അശോകേട്ടന്റെ സ്വന്തം ഉണ്ണിക്കുട്ടൻ. തിരുവനന്തപുരം സ്വദേശിയായ വിനീത് അനിലാണ് വിക്രുവിന്റെ വേഷം ഗംഭീരമാക്കിയത്. മനോരമ ഓൺലൈനിന്റെ 'ഓർമയുണ്ടോ ഈ മുഖം' പരിപാടിയിൽ ഓർമകൾ പങ്കുവെയ്ക്കുകയാണ് വിനീത് അനിൽ.

ഇപ്പോഴും സിനിമയിലുണ്ട്
 

ബാലതാരമായി 13 വർഷം സിനിമയിലുണ്ടായിരുന്നു. തനിയാവർത്തനം, കൺകെട്ട്, വാസ്തുഹാര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛൻ സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നതുകൊണ്ട്  സിനിമയിലേക്കെത്താൻ എളുപ്പമായിരുന്നു. സിനിമയിൽ തുടരാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീണ്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അഭിനയം നിർത്തിയത്. പഠിച്ചു കൊണ്ടിരുന്ന സമയമായിരുന്നതിനാൽ അഭിനയം പഠനത്തെ ബാധിക്കാതിരിക്കാനായിരുന്നു സിനിമയിൽ നിന്നും പിന്മാറിയത്. അഭിനയ രംഗത്തു നിന്ന് പിന്മാറിയെങ്കിലും പഠനം പൂർത്തിയാക്കിയ ശേഷം ഇരുപത്തി രണ്ടാം വയസ്സിൽ സീരിയലിലൂടെ സഹസംവിധായകനായി തിരിച്ചെത്തി. 

എന്നാൽ അധികകാലം തുടർന്നില്ല. മറ്റു ജോലികൾ തേടി വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നീട് ചെറിയ ഇടവേളയ്ക്കു ശേഷം സിനിമാ മോഹവുമായി വിദേശത്തു നിന്ന് മടങ്ങി വരികയും  2017 ൽ കവിയുടെ ഒസ്യത്ത് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് വീണ്ടും വെള്ളിത്തിരയിൽ സജീവമാകുകയുമായിരുന്നു. ക്യാമറയ്ക്കു മുന്നിലില്ലെങ്കിലും ചീഫ് അസോഷ്യേറ്റ്, അസോഷ്യേറ്റ് ഡയറക്ടർ തുടങ്ങിയ റോളുകളിൽ ഇപ്പോഴും സിനിമയിൽ തന്നെയുണ്ട്.

യോദ്ധയിലെ വിക്രു

ഇരുപതിലധികം ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും ലാലേട്ടനോടൊപ്പം ചെയ്ത യോദ്ധയിലെ വിക്രുവെന്ന ക്യാരക്ടറാണ് പ്രേക്ഷകർ ഏറ്റെടുത്തത്. യോദ്ധയുടെ സെറ്റ് ജീവിതത്തിലെ നല്ല അനുഭവമായിരുന്നു. ലാലേട്ടൻ, ജഗതി ശ്രീകുമാർ കോംബോ അത്ര അടിപൊളിയായിരുന്നു. അത് നേരിട്ട് കാണാൻ സാധിച്ചു. ഇന്ന് വളരെ കോമൺ ആയി ആളുകൾ പറയുന്ന ആ സിനിമയിലെ തഗ്ഗ് ഡയലോഗുകൾ സക്രിപ്റ്റിൽ ഉണ്ടായിരുന്നത് പോലും ആയിരുന്നില്ല. പലതും ലാലേട്ടനും ജഗതി അങ്കിളും ആ സമയത്ത് കയ്യിൽ നിന്നിട്ടതാണ്.  കോംബിനേഷൻ സീനുകൾ ചെയ്യുമ്പോൾ എങ്ങനെയാണ് ഒരോ ഡയലോഗും പറയേണ്ടതെന്നും ആക്‌ഷനുകൾ കാണിക്കേണ്ടതെന്നും ലാലേട്ടൻ പറഞ്ഞു തരുമായിരുന്നു.

art-2

അഭിനയത്തിലേക്ക് തിരിച്ചു വരുമോ ?

സിനിമയിൽ തന്നെ എന്തെങ്കിലുമൊക്കെയായി തുടരാനാണ് താൽപര്യം. അഭിനയത്തിലേക്കു തിരിച്ചു വരുന്നതിൽ താൽപര്യക്കുറവില്ല. പക്ഷേ ക്യാമറയ്ക്കു പിന്നിൽ സജീവമായി നിൽക്കാനാണ് ഏറെയിഷ്ടം. ഡയറക്‌ഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും കഴിയുന്നത് ഒരു ഡയറക്ടർ ആയിരിക്കുമ്പോഴാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. 2017 ൽ ഒരു പ്രൊഡക്‌ഷൻ ഹൗസ് തുടങ്ങിയിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടു വരാനാണ് ഇനിയുള്ള പദ്ധതി.

English Summary:

Chat with actor Vineeth Anil

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com