ബൈജുവിനു ‘പഞ്ചാബി മരുമകൻ’; വരനെ കണ്ടെത്തിയ കഥ പറഞ്ഞ് ഐശ്വര്യ
Mail This Article
നടൻ ബൈജു സന്തോഷിന് പഞ്ചാബി മരുമകൻ? സമൂഹമാധ്യമങ്ങളിലെ വൈറൽ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മകൾ ഐശ്വര്യ. മാതാപിതാക്കൾ മലയാളികളാണെങ്കിലും ഭർത്താവ് രോഹിത് നായർ ജനിച്ചു വളർന്നത് പഞ്ചാബിലാണെന്ന് ഐശ്വര്യ പറയുന്നു. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹിത്തിനെ മാട്രിമോണി വഴിയാണ് കണ്ടെത്തിയതെന്നും ഐശ്വര്യ വെളിപ്പെടുത്തി.
വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് വിവാഹത്തിനു പിന്നിലെ രസകരമായ കഥ ഐശ്വര്യ പങ്കുവച്ചത്. "ഞങ്ങളുടേത് പ്രണയവിവാഹമല്ല. മാട്രിമോണി സൈറ്റിൽ നിന്നാണ് രോഹിത്തിനെ കണ്ടെത്തിയത്," ഐശ്വര്യ പറഞ്ഞു. ഏതു നാട്ടുകാരൻ എന്നതല്ല മറ്റു കാര്യങ്ങളാണ് വിവാഹത്തിന് പരിഗണിച്ചത്. രോഹിത്ത് ചെന്നൈയിൽ ജോലി ചെയ്യുന്ന എൻജിനീയർ ആണ്. മാതാപിതാക്കൾ പത്തനംതിട്ടയിൽ നിന്നുള്ളവരാണ്. "സംസാരിച്ചപ്പോൾ എന്നെ മനസിലാക്കാൻ കഴിയുന്ന ആളാകുമെന്ന് തോന്നി. അച്ഛൻ പൊതുവേ ഒന്നിനും എതിർപ്പ് പറയാറില്ല. മലയാളം അറിയാത്ത ആളായത് കൊണ്ടു ബുദ്ധിമുട്ടാവില്ലേയെന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. പഞ്ചാബിൽ ജനിച്ചു വളർന്നുവെങ്കിലും മലയാളം കേട്ടാൽ മനസിലാകും," ഐശ്വര്യ പറയുന്നു.
വിവാഹാലോചന വന്നപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന നടന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് രോഹിത് പറയുന്നു. പിന്നീടാണ് അക്കാര്യം മനസിലാക്കിയത്. ഐശ്വര്യയെ പരിചയപ്പെട്ടപ്പോൾ കൂടുതൽ ഇഷ്ടം തോന്നിയെന്നും രോഹിത് പറഞ്ഞു.
വിവാഹത്തിനു ശേഷം വലിയ പ്ലാനുകളൊന്നും ഉടനില്ലെന്ന് ഐശ്വര്യ. "ഉടൻ വലിയ പ്ലാനുകൾ ഒന്നുമില്ല. മാസങ്ങൾ നീണ്ട തിരക്കിന് ശേഷം രണ്ടാഴ്ച റസ്റ്റ് എടുക്കണം. ചെന്നൈയിൽ പോയ ശേഷം ജോലിക്ക് കേറണം," ഐശ്വര്യ വ്യക്തമാക്കി.
നടൻ ബൈജുവിന്റെ മൂത്ത മകളാണ് ഐശ്വര്യ. എം.ബി.ബി.എസ് പൂർത്തിയാക്കിയ ഐശ്വര്യയെക്കൂടാതെ ബൈജുവിന് ഒരു മകൻ കൂടിയുണ്ട്. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചായിരുന്നു ഐശ്വര്യയുടെയും രോഹിതിന്റെയും വിവാഹം. സിനിമാമേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബൈജുവിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദർശൻ, ഷാജി കൈലാസ്, ആനി, മേനക, സോനാ നായർ, കാലടി ഓമന, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവർ വിവാഹത്തിൽ പങ്കുചേരാനെത്തി.