ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കുട്ടികളുടെ സിനിമകളില്‍ ഒന്നാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ചിത്രം ലോക ക്ലാസിക്കുകളിൽ സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രം കൂടിയാണ്. 1997ല്‍ പുറത്തിറങ്ങിയ ഈ സിനിമ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ കഥകളാണ് പറയുന്നത്. കുട്ടികളുടെ നിഷ്‌കളങ്കത എത്രത്തോളമെന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണിത്. ഏതു പ്രതിസന്ധിയിലും പോരാടാന്‍ കുട്ടികള്‍ തയാറാകണമെന്നും ഈ ചലച്ചിത്രം ഓര്‍മപ്പെടുത്തുന്നുണ്ട്.

സഹോദരങ്ങളായ അലിയും സാറയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. പാവപ്പെട്ട ഒരു വീട്ടിലെ അംഗങ്ങളാണ് ഇരുവരും. ഒരിക്കല്‍ സാറയുടെ ചെരുപ്പ് നന്നാക്കിക്കൊണ്ടുവരുന്നതിനിടയില്‍ അലിയുടെ കൈയില്‍ നിന്നും അത് നഷ്ടപ്പെടുന്നു. ചെരുപ്പ് നഷ്ടപ്പെട്ട വിവരം പിതാവറിഞ്ഞാല്‍ ശിക്ഷിക്കുമെന്ന ഭയത്താല്‍ അവരിത് അദ്ദേഹത്തിനെ അറിയിച്ചില്ല.  ഇനി എങ്ങനെ സ്‌കൂളില്‍ പോകുമെന്ന ഭയവും അവര്‍ക്കുണ്ട്. അലിയുടെ കൈയിലുള്ള ഒരു ജോഡി ഷൂസുകൊണ്ട് ഇരുവരും സ്‌കൂളില്‍ പോകുന്നു. രാവിലത്തെ ക്ലാസില്‍ സാറയും ഉച്ചകഴിഞ്ഞുള്ള ക്ലാസില്‍ അലിയും ഹാജരാകുന്നു.

ഇങ്ങനെ എത്ര നാളെന്ന ചിന്ത അവരെ വല്ലാതെ അലട്ടി. അങ്ങനെയിരിക്കെ,  കുട്ടികള്‍ക്കായി ഒരു ഓട്ടമത്സരം നടക്കുന്ന വിവരം ഇരുവരും അറിയുന്നു. മത്സരത്തില്‍ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസുകളാണ്. അതോടെ മത്സരത്തില്‍ പങ്കെടുക്കാം എന്ന തീരുമാനത്തില്‍ അലി എത്തുന്നു. അങ്ങനെ ഒരുപാട് വിദ്യാര്‍ഥികളെ മറികടന്ന് ഓടിയ അലിക്ക് പക്ഷേ ലഭിച്ചത് ഒന്നാം സ്ഥാനമാണ്. അതോടെ അവന്‍ നിരാശനാകുന്നു. 

മൂന്നാം സമ്മാനമായ ഷൂവിലേക്ക് അവന്‍  നിരാശയോടെ നോക്കിനിന്നു പോയി. ഓട്ടമത്സരത്തില്‍ പങ്കെടുത്തതോടെ അവന്റെ ആകെയുള്ള ഷൂവും ഇളകിയിരിക്കുന്നു. ഇങ്ങനെ ഒരു വിജയം ഒരിക്കലും അവന്‍ ആഗ്രഹിച്ചിരുന്നില്ല. മൂന്നാം സ്ഥാനം മോഹിച്ച് ഒന്നാം സ്ഥാനത്തേക്കെത്തിയ അലിയുടെ ദയനീയാവസ്ഥയാണ് ഈ സിനിമ നമ്മോട് പറയുന്നത്. സിനിമയുടെ അവസാനഭാഗത്ത് അവരുടെ അച്ഛന്‍ കടയില്‍ നിന്നും കുറേ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതായി കാണാം. ആ സൈക്കിളില്‍ കുറേ സാധനങ്ങള്‍ക്കിടയില്‍ ഒരു ജോഡി വെളുത്ത ഷൂസും ഒരു ജോഡി പിങ്ക് ഷൂസും കാണാം.

ഇറാനിയന്‍ ഭാഷയിലെത്തിയ ഈ സിനിമ അതിവേഗത്തില്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഭാഷയുടെ അതിരുകളില്ലാതെ എല്ലായിടത്തും സിനിമ പ്രദര്‍ശിപ്പിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ലഭിച്ചു. കുട്ടികള്‍ക്കായി വന്ന മികച്ച സിനിമകളില്‍ ഇന്നും ആദ്യ സ്ഥാനത്തു തന്നെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ഉണ്ട്.

children-of-heaven-3

അലിയും സാറയുമായെത്തിയ അമീർ ഫറോഖിന്റെയും ബഹാരെ സെദ്ദിഖിയുടെയും അഭിനയ പ്രകടനം തന്നെയായിരുന്നു സിനിമയുടെ ആത്മാവ്. തിരക്കേറിയ സ്ഥലങ്ങളില്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ സംവിധായകന്‍ ക്യാമറ രഹസ്യമായി ഒളിപ്പിച്ചുവച്ചു. എല്ലാം സ്വാഭാവികമായി തോന്നണമെന്ന കാരണത്താല്‍ ആയിരുന്നു അത്. ഈ ചിത്രത്തിന്റെ വലിയ പ്രത്യേകതകളില്‍ ഒന്നായി അത് എല്ലാവരും എടുത്തു പറയുകയും ചെയ്തു. അമീറിനെയും ബഹാരയെയും ഒരുപാട് പരിശീലന പരിപാടികളില്‍ പങ്കെടുപ്പിച്ച ശേഷമായിരുന്നു സിനിമയില്‍ അഭിനയിപ്പിച്ചത്. ഓരോ രംഗവും അഭിനയിക്കും മുന്‍പ് കുട്ടികളായ അവരുടെയും അഭിപ്രായം കേട്ട ശേഷമാണ് സംവിധായകനായ  മജീദ് മജീദി ചിത്രീകരണത്തിലേക്ക് കടന്നിരുന്നത്.

ലോകം മുഴുവന്‍ സിനിമ അംഗീകരിച്ചെങ്കിലും അതിന് മുന്‍പ് വലിയ പ്രതിസന്ധിയുടെ കാലം ഈ സിനിമയ്ക്കുണ്ടായിരുന്നു. സിനിമ നിര്‍മിക്കാന്‍ പലരും മടിച്ചു നിന്നു. ഷോർട് ഫിലിമായി എടുക്കേണ്ട കഥയല്ലേ ഇതെന്ന് പലരും സംവിധായകനോട് തന്നെ ചോദിച്ചു. ഒടുവില്‍ നിര്‍മാതാവായി എത്തിയ അടുത്ത സുഹൃത്തും മജീദ് മജീദിയോട് പറഞ്ഞത് വളരെ ചെറിയ തുകയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം തിയറ്ററുകളിലേക്ക് ഈ സിനിമ എത്തിക്കാനും പലരും മടിച്ചു. നിരവധി ചലച്ചിത്രമേളകളിലും ഇതേ അവസ്ഥയായി. എന്നാല്‍ സിനിമ കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടതോടെ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ക്ലാസിക് ആയി മാറുകയായിരുന്നു.

English Summary:

Must Watch Movies With Your Children: Children of Heaven(1997) by Majid Majidi: MKID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com