അനശ്വരയ്ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 2000 രൂപ; അവൾ അതു നൽകിയത് രോഗിയായ സഹപാഠിക്ക്

Mail This Article
അനു (അനശ്വര രാജൻ) പഠിക്കുന്ന സ്‌കൂളില്‍ മിക്കവാറും എല്ലാ കുട്ടികളും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ മിടുക്കരാണ്. സ്‌കൂള്‍ അസംബ്ലിയിലൊക്കെ മുതിര്‍ന്നവരെ പോലെ നന്നായി പ്രസംഗിക്കുന്ന കുട്ടികളുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുക്കുന്നത്. അച്ചുവിന് പലപ്പോഴും ആ ചാന്‍സ് കിട്ടിയിരുന്നു.
അച്ചു പഠനത്തിലും നല്ല മിടുക്കിയായിരുന്നു. നേരെ മറിച്ച് അനു പഠനകാര്യത്തില്‍ അത്ര സാമർഥ്യം കാണിച്ചിരുന്നില്ല. ശ്രദ്ധിക്കപ്പെടുക എന്നതായിരുന്നു എക്കാലത്തും അവളുടെ സ്വപ്നം. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും മടിയില്ല. എല്ലാത്തിലും പങ്കെടുക്കണം. ഡാന്‍സിനും അഭിനയത്തിനുമിടയില്‍ കരാട്ടെ, ഫുട്‌ബോള്‍ ഇതൊക്കെ പോയി പഠിക്കും. എല്ലായിടത്തും ചെന്ന് തൊട്ടുനോക്കും. പക്ഷേ ഒന്നും പൂര്‍ത്തിയാക്കില്ല.
കളരി അഭ്യാസത്തിന് കേള്‍വികേട്ടതാണ് ഞങ്ങളുടെ നാട്. അച്ഛന്‍ അവളെ കളരി പഠിക്കാന്‍ വിട്ടാലോ എന്ന് ചോദിച്ചു. എന്തിനാണ് ഒരാഴ്ച പോയിട്ട് മതിയാക്കാനാണോ എന്ന് ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. സ്‌കൂള്‍ അധികൃതര്‍ അസംബ്ലിക്ക് അവളെ പ്രസംഗത്തിന് ഉള്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചു. ഇംഗ്ലിഷ് പ്രസംഗമാണ്. പത്താം ക്ലാസിലെ കുട്ടികള്‍ ചെയ്യുന്ന കാര്യം ഇവള്‍ ചെയ്താല്‍ എങ്ങിനെ ശരിയാവും. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.
മിക്കവാറും എല്ലാ ദിവസവും ഞാന്‍ ജോലി കഴിഞ്ഞ് വന്ന് ഇവളെയും കൂട്ടിയാണ് മടങ്ങുക. അന്ന് പതിവു പോലെ സ്‌കൂളില്‍ വന്നപ്പോള്‍ എല്ലാവരും എനിക്ക് ഷേക്ക് ഹാന്‍ഡ് തരുന്നു. അഭിനന്ദ വാക്കുകള്‍ കൊണ്ട് പൊതിയുന്നു. ഞാന്‍ അന്തംവിട്ട് നിന്നു. ശരിക്കും കഥയറിയാതെ ആട്ടം കാണുകയാണ്. എല്ലാം എനിക്കറിയാമെന്ന ധാരണയിലാണ് ആളുകള്‍ സംസാരിക്കുന്നത്. അവസാനം കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനു അസലായി അസംബ്ലിയില്‍ പ്രസംഗിച്ചു പോലും.

ടീച്ചേഴ്‌സ് ഒക്കെ വന്ന് ഷേക്ക് ഹാന്‍ഡ് തന്നപ്പോള്‍ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി. അമ്മ എന്ന നിലയില്‍ പറഞ്ഞറിയിക്കാനാവാത്ത ചാരിതാർഥ്യം അനുഭവപ്പെട്ട മുഹൂര്‍ത്തമായിരുന്നു അത്.ആയിടയ്ക്ക് നാട്ടിലെ വായനശാലാ പ്രവര്‍ത്തകര്‍ ചൂട്ട് എന്ന പേരില്‍ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റാത്തതാണ് ഇതിവൃത്തം. അനു അതില്‍ അഭിനയിക്കുന്നുണ്ടായിരുന്നില്ല. അവള്‍ ആ നാടകം കണ്ടിട്ട് അത് ചുരുക്കി അവള്‍ തന്നെ ഒരു മോണോആക്ട് ഉണ്ടാക്കി. എന്നിട്ട് എന്നോട് ചോദിച്ചു.
‘‘അമ്മേ ഞാനിത് സ്‌കൂളില്‍ അവതരിപ്പിച്ചോട്ടെ?’’
ഞാന്‍ പറഞ്ഞു: ‘‘മോളെ...വര്‍ഷങ്ങളായി ഇതൊക്കെ പരിശീലിച്ച കുട്ടികളാണ് അവിടെ മത്സരിക്കുന്നത്. അവര്‍ക്കൊപ്പം കുഞ്ഞ് ഒറ്റയ്ക്ക് കഥയുണ്ടാക്കി അവതരിപ്പിക്കുകാന്ന് വച്ചാല്‍ അത് റിസ്‌കല്ലേ? അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ മോളെ എവിടെയെങ്കിലും വിട്ട് പഠിപ്പിക്കാം.’’
പക്ഷേ അങ്ങനെ പോകാന്‍ അവള്‍ താത്പര്യം കാണിച്ചില്ല. വീണ്ടും അവള്‍ സ്‌കൂളില്‍ മത്സരിക്കാന്‍ നിര്‍ബന്ധം പിടിക്കുകയാണ്. അപ്പോഴും ഞാന്‍ പഴയ പല്ലവി ആവര്‍ത്തിച്ചു.
‘‘ശരി. എന്നാല്‍ ഞാന്‍ അമ്മയെ ഒന്ന് കാണിക്കട്ടെ?’’ എന്ന് ചോദിച്ചു.
ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി. എന്റെ മുന്നില്‍ അവള്‍ ചെയ്ത മോണോ ആക്ട് അടിപൊളിയായിരുന്നു. ശരിക്കും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.അങ്ങനെ ഞാന്‍ അനുവാദം കൊടുത്തു. അപ്പോഴും സ്‌കൂള്‍ തലത്തില്‍ പാളിപ്പോകുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. പക്ഷേ വിചാരിച്ചതിന് വിപരീതമായാണ് സംഭവിച്ചത്. സ്‌കൂള്‍ മത്സരത്തില്‍ അവള്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

അന്ന് വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ആലോചിച്ചു. ആരും പറഞ്ഞുകൊടുക്കാതെ ഒരു പരിശീലനവും കൂടാതെയാണ് എന്റെ കുട്ടി മോണോ ആക്ട് അവതരിപ്പിച്ച് സമ്മാനം നേടിയത്. അവള്‍ക്ക് ദൈവീകമായ എന്തൊക്കെയോ കഴിവുകളുണ്ട്. ദൈവത്തിന്റെ കരസ്പര്‍ശമുളള ഒരു കുട്ടിയാണ് അവള്‍ എന്ന് പല സന്ദര്‍ഭങ്ങളിലും തോന്നിയിട്ടുണ്ട്. മനസില്‍ എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു. നമ്മളെക്കൊണ്ട് അതിനല്ലേ കഴിയൂ.
വളരെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടിയെക്കുറിച്ച് ദൈവത്തിന്റെ മനസില്‍ എന്തൊക്കെയോ പദ്ധതികള്‍ ഉളളതു പോലെ. അച്ചു രണ്ടാം ക്ലാസ് മുതല്‍ ലയം കലാക്ഷേത്രം എന്ന പേരിലുളള ഒരു നൃത്ത കലാലയത്തില്‍ ഡാന്‍സ് പഠിക്കാന്‍ പോയിരുന്നു. ആറ് വയസ്സ് ആയപ്പോള്‍ അനുവിനെയും അവിടെ കൊണ്ടുപോയി ചേര്‍ത്തു. പക്ഷേ അവള്‍ക്ക് അരമണ്ഡലം ഇരിക്കാനൊന്നും പറ്റില്ല. അങ്ങനെ പഠനം അവസാനിപ്പിച്ച് വന്നു. പിന്നീട് നൃത്തം പഠിച്ച ചേച്ചിയുടെ സ്‌റ്റെപ്പ്‌സ് നോക്കി തനിയെ പഠിക്കാന്‍ തുടങ്ങി.
പാട്ട് ക്ലാസിന് ചേര്‍ത്തിട്ടും അത് പൂര്‍ണമായില്ല.
സ്‌കൂളില്‍ സകല പരിപാടികള്‍ക്കും പേര് കൊടുക്കും. അനശ്വര എന്ന് അനൗണ്‍സ് ചെയ്യുമ്പോള്‍ അവള്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സിന്റെ പ്രാക്ടീസിലായിരിക്കും.
സ്‌പോര്‍ട്‌സില്‍ ഖോ-ഖൊയ്ക്ക് ഒക്കെ പേര് കൊടുക്കും. ടീച്ചേഴ്‌സ് അവര്‍ക്ക് ഇഷ്ടപ്പെട്ടവരുടെ പേര് മാത്രമേ കൊടുക്കൂ. അപ്പോള്‍ അനു വളരെ സങ്കടത്തോടെ വന്ന് പറയും.
‘അമ്മേ എനിക്ക് സ്‌പോര്‍ട്‌സിന് ചേരണം’
പിന്നീട് അവള്‍ക്കും കൊക്കോയ്ക്ക് പങ്കെടുക്കാന്‍ സിലക്‌ഷന്‍ കിട്ടി. അച്ഛനും അനുവാദം കൊടുത്തു. പക്ഷേ ഞാന്‍ എതിര് നിന്നു. എന്റെ കണ്‍വെട്ടത്തു നിന്ന് കുഞ്ഞ് മാറി നില്‍ക്കുന്നത് തീരെ ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. അങ്ങനെ അനു പ്രോഗ്രാം കാന്‍സല്‍ ചെയ്തപ്പോള്‍ ബാക്കിയുളള കുട്ടികളും പിന്‍വലിഞ്ഞു. അങ്ങനെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പഠനവും അവസാനിച്ചു.

പേടിപ്പിക്കുന്ന പഴയ ഒരു അനുഭവം മനസിലുളളതു കൊണ്ടാണ് അനുവിനെ എങ്ങും മാറ്റി നിര്‍ത്താന്‍ മനസ് അനുവദിക്കാത്തത്. അവള്‍ക്ക് നാല് വയസ്സുളളപ്പോഴാണ് സംഭവം. അന്ന് ഈ പിളേളരെ പിടുത്തക്കാര്‍ വന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നതും ബോധം മറച്ച് കൊണ്ടുപോകുന്നതും മറ്റും ഞാന്‍ പതിവായി സ്വപ്നം കാണുമായിരുന്നു. അതുകൊണ്ട് കുഞ്ഞിനെ കുറച്ച് സമയം കാണാതിരുന്നാല്‍ ഭയങ്കര ടെന്‍ഷനാണ്.
ആയിടയ്ക്ക് അനു വീടിന് മുന്നിലുളള തോട്ടിറമ്പിലിരുന്ന് ഒറ്റയ്ക്ക് കഞ്ഞീം കറീം കളിക്കുകയാണ്. ഉച്ചസമയമായിട്ടും ഭക്ഷണം കഴിക്കാന്‍ വരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു അമ്മയും രണ്ട് മക്കളും കൂടി വീട്ടിലേക്ക് വരികയാണ്. കുട്ടികള്‍ മുതിര്‍ന്നവരാണ്. കണ്ടിട്ട് ധര്‍മത്തിന് വരുന്നതായി തോന്നിയില്ല. മാന്യമായി വസ്ത്രം ധരിച്ചാണ് വരവ്.
പിന്നാലെ അനുവുമുണ്ട്. അവള്‍ അകത്തേക്ക് നോക്കി ഏട്ടന്റെ അമ്മയോടായി വിളിച്ചു പറയുകയാണ്.
‘‘അമ്മമ്മേ ഇവര്‍ക്ക് വിശക്കുന്നുണ്ട്. ഭക്ഷണം കൊടുക്ക്..’’
ഏട്ടന്റെ അമ്മ ആളും തരവും അറിയാതെ അന്യരെ വീട്ടിലേക്കൊന്നും പ്രവേശിപ്പിക്കില്ല. അതുകൊണ്ട് പുറത്ത് ഒരു ഇലയിട്ടാണ് ഭക്ഷണം കൊടുത്തത്. അന്ന് വലിയ വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാദാ ചോറും കറിയും മാത്രം. പലതും സംസാരിച്ച കൂട്ടത്തില്‍ അവര്‍ പറഞ്ഞു. മക്കള്‍ രണ്ടുപേരും എംഎ കഴിഞ്ഞവരാണ്. ഒരു ദിവസം മൂന്ന് പേര്‍ക്കും മനസിന്റെ സമനില തെറ്റി. അതിന് പരിഹാരം കണ്ടെത്താന്‍ അവര്‍ വീട് വീടാന്തരം കയറി കിട്ടുന്ന പണം കൊണ്ട് അമ്പലത്തില്‍ വഴിപാട് കഴിക്കുകയാണ്. വാടകവീട്ടിലാണ് താമസം. ഭര്‍ത്താവ് ഹെല്‍ത്ത് ഇന്‍സ്പക്ടറായിരുന്നു. പക്ഷേ ഈ പ്രശ്‌നം മൂലം ഡിവോഴ്‌സ് ചെയ്ത് അവരെ ഒഴിവാക്കി. ഭക്ഷണം കഴിഞ്ഞ് ഇറങ്ങാന്‍ നേരം ആ സ്ത്രീ അനുവിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചിട്ട് എന്നോടും അമ്മയോടുമായി പറഞ്ഞു.
‘‘ഈ കുഞ്ഞ് ഒരുപാട് ഉയരങ്ങളിലെത്തും. ദൈവത്തിന്റെ സമ്മാനമാണ് ഈ കുഞ്ഞ്.’’

അനുവിനെ ആദ്യമായി കാണുന്ന അവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല.ഞങ്ങള്‍ കരിവളളൂരിലേക്ക് താമസം മാറ്റിയ ശേഷം അമ്മ എന്നെ വിളിച്ചിട്ട് പറഞ്ഞു. ‘‘ഉഷേ...അന്ന് അനൂട്ടി ഭക്ഷണം കൊടുക്കാന്‍ കൂട്ടിക്കൊണ്ടു വന്ന ആ സ്ത്രീയും മക്കളും ഇന്ന് ഇവിടെ അന്വേഷിച്ച് വന്നിരുന്നു.’’
‘‘എന്തിനാ അവര് വന്നത്?’’ ഞാന്‍ ചോദിച്ചു.
‘‘ഏയ്...ധര്‍മ്മത്തിന് ഒന്നുമല്ല. കുഞ്ഞിനെ കാണാന്‍ വേണ്ടി മാത്രം വന്നതാണ്. നിങ്ങള്‍ ഇവിടന്ന് താമസം മാറി പോയ കാര്യം ഞാന്‍ പറഞ്ഞു. അപ്പോഴും അവര്‍ പറയുകയാണ്. അമ്മേ ആ കുഞ്ഞ് ദൈവത്തിന്റെ സമ്മാനമാണ്. അത് ഒരുപാട് ഉയരങ്ങളിലെത്തുമെന്ന്.’’ അത് പറഞ്ഞിട്ട് അവര്‍ പോയി. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ട് നിന്നില്ല.
പിറ്റേ ദിവസം കാലത്ത് അമ്മ വീണ്ടും വിളിച്ചിട്ട് പറഞ്ഞു. ‘ഉഷേ..ഇന്ന് പത്രം കണ്ടപ്പോഴാണ് ഞാനറിയുന്നത്. ഇന്നലെ രാത്രി നല്ല മഴയായിരുന്നു. മഴയത്ത് ആ അമ്മയും കുട്ടികളും റെയില്‍വെ ട്രാക്കില്‍ മരിച്ചു കിടക്കുന്നു.’’

ശരിക്കും ഷോക്കടിച്ചതു പോലെ നിന്നു പോയി. ഉളളില്‍ വല്ലാത്ത ഒരു കൊളുത്തിപ്പിടുത്തം.വളരെ ചെറുതിലേ മുതല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ട്. എല്ലാവരോടും
ദയയുളള കുഞ്ഞായിരുന്നു അനു. അച്ഛന്‍ വണ്ടിക്കൂലിക്ക് എല്ലാ ദിവസവും അവള്‍ക്ക് 20 രൂപ കൊടുക്കും.
സ്‌കൂള്‍ ബസില്‍ വിടാതെ മനഃപൂര്‍വമാണ് ലൈന്‍ ബസില്‍ കയറ്റി വിട്ടത്. ആളുകളുമായി ഇടപഴകി സ്വന്തമായി കാര്യങ്ങള്‍ മാനേജ് ചെയ്യാനുളള കഴിവുണ്ടാകട്ടെ എന്ന് കരുതി ഞാന്‍ തന്നെയാണ് അഞ്ചാം ക്ലാസ് മുതല്‍ ലൈന്‍ബസില്‍ വിട്ടിരുന്നത്. പക്ഷേ മിക്കപ്പോഴും ഒന്നുകില്‍ അച്ഛന്‍ സ്‌കൂളില്‍ കൊണ്ടാക്കും. അല്ലെങ്കില്‍ എന്റെ ഒപ്പം കൊണ്ടുപോകും. ആ ദിവസങ്ങളിലും അവള്‍ പതിവു പോലെ അച്ഛനോട് 20 രൂപ ചോദിച്ച് വാങ്ങും. എന്തെങ്കിലും വാങ്ങാനയി കയ്യില്‍ കരൂതി വയ്ക്കുന്നതാവുമെന്നാണ് ഞങ്ങള്‍ ധരിച്ചത്. ഒരു ദിവസം മൂത്തമകള്‍ വന്നിട്ട് പറഞ്ഞു.
‘‘എല്ലാ ദിവസവും അച്ഛന്‍ കൊടുക്കുന്ന 20 രൂപ ഇവള്‍ എന്ത് ചെയ്യുകയാണെന്ന് അറിയാമോ?’’
ഞാന്‍ ആശങ്കയോടെ ചോദിച്ചു. ‘‘എന്ത് ചെയ്യുകയാണ്?’’
‘‘ഞങ്ങളുടെ സ്‌കൂളിന് മുന്നില്‍ പ്രായമായ ഒരമ്മമ്മ ധര്‍മ്മത്തിന് ഇരിപ്പുണ്ട്. അവര്‍ക്ക് കൊണ്ടുപോയി കൊടുക്കുകയാണ്.’’
അവളുടെ നല്ല മനസിനെക്കുറിച്ചോര്‍ത്ത് സന്തോഷം തോന്നി. ഞാന്‍ അതേക്കുറിച്ച് ഒന്നും ചോദിക്കാന്‍ പോയില്ല. ആയിടയ്ക്ക് കുട്ടികള്‍ക്കുളള കണ്‍സഷന്‍ പാസ് കിട്ടി. അതിന് ശേഷം ഞാന്‍ അച്ഛനോട് പറഞ്ഞു.
‘‘ഇനി അവള്‍ക്ക് 20 രൂപ കൊടുക്കണ്ട. 5 രൂപ കൊടുത്താല്‍ മതി’’
ഞാന്‍ കാശ് വെട്ടിച്ചുരുക്കിയിട്ടും പരാതി പറയാന്‍ നില്‍ക്കാതെ അവള്‍ കിട്ടിയ പൈസ ആ അമ്മമ്മയ്ക്ക് കൊണ്ടു പോയി കൊടുത്തു. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് ഞാന്‍ അവളെ കൂട്ടാനായി സ്‌കൂളിലേക്ക് പോയി. ഞങ്ങള്‍ വീട്ടിലേക്കുളള വഴിയേ കുറച്ചു ദൂരം നടന്നപ്പോള്‍ പെട്ടെന്ന് നിന്നിട്ട് അവള്‍ എന്നോട് ചോദിച്ചു.
‘‘അമ്മേ...ഒരു 5 രൂപ എനിക്ക് തര്വോ?’’
ഞാന്‍ 5 രൂപ കൊടുത്തു. അവള്‍ അതുംകൊണ്ട് ഒറ്റയോട്ടം ഓടി ആ അമ്മൂമ്മയ്ക്ക് അരികിലേക്ക് ചെന്ന് അത് കൊടുത്തിട്ട് തിരിച്ചു വന്നു.സത്യം പറഞ്ഞാല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. ഷോര്‍ട്ട് ഫിലിം ചെയ്ത വകയില്‍ രതീഷ് കൈയ്യില്‍ വച്ചുകൊടുത്ത 2000 രൂപയാണ് അഭിനയത്തിന് അവള്‍ക്ക് ആദ്യമായി കിട്ടുന്ന പ്രതിഫലം. ഞാന്‍ അത് വേണ്ടെന്ന് പറഞ്ഞിട്ട് രതീഷ് സമ്മതിച്ചില്ല.
‘‘ചേച്ചി ഇത് എന്റെയൊരു സന്തോഷത്തിനാണ്’’, എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചു. അവള്‍ക്ക് അത് വലിയ സന്തോഷമായി. പെട്ടെന്ന് വല്യ ആളായ പോലൊരു തോന്നല്‍.
പോകുന്ന വഴിക്ക് ഓരോന്ന് കാണുമ്പോള്‍ അവള്‍ ചോദിക്കും. ‘‘അമ്മേ...എനിക്ക് അതുവാങ്ങി തരുമോ? എന്റെ കയ്യില്‍ ര...ണ്ടാ...യി..രം.. രൂപയുണ്ട്.’’

ഞാന്‍ ചിരിക്കും. പക്ഷേ ആവശ്യമില്ലാതെ കാശ് ചെലവാക്കി കളയരുതെന്ന് ഉപദേശിക്കും. ഒരു ദിവസം സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ അനു എന്നോട് പറഞ്ഞു. ‘‘അമ്മേ എന്റെ സ്‌കൂളില്‍ ഒരു കുട്ടിക്ക് കാന്‍സറാണ്. ഈ 2000 രൂപ ഞാന്‍ അവള്‍ക്ക് കൊടുത്തോട്ടെ.’’
ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഇങ്ങനെയൊരു മകളെ പ്രസവിച്ച ഞാന്‍ പുണ്യവതിയാണെന്ന് തോന്നി. ഇത്ര ചെറുപ്രായത്തില്‍ ഇത്ര വലിയ ഒരു മനസുണ്ടാവുക എന്നത് സാധാരണ ഗതിയില്‍ ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഏട്ടനും അച്ചുവും എല്ലാവരും ഒരേ മനസോടെ അതിനെ അനുകൂലിച്ചു. അങ്ങനെ ആദ്യമായി ജോലി ചെയ്തു കിട്ടിയ പൈസ അവള്‍ ഒരു നല്ല കാര്യത്തിനായി വിനിയോഗിച്ചു.