ADVERTISEMENT

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ കഥ കോപ്പിയടി ആണെന്ന് ആരോപിച്ച് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്ത് വന്നതിനു ശേഷം സംവിധായകൻ ഡിജോ ജോസ് ചെയ്ത മൂന്നു ചിത്രങ്ങളുടെയും തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.  ഇതിനിടെ മെക്ക് റാണി എന്ന തിരക്കഥ എഴുതിയ ആഷിഖ് അക്ബർ അലി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.  ഡിജോ ജോസ് സംവിധാനം ചെയ്ത ആദ്യചിത്രമായ ക്യൂൻ മെക്ക് റാണി എന്ന ആഷിഖ് അക്ബറിന്റെ തിരക്കഥയുടെ കോപ്പി ആണെന്ന് മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു.  സിനിമകളുടെ കഥയ്ക്ക് സാമ്യമുള്ളതിനാൽ പിന്നീട് മെക്ക് റാണി എന്ന സിനിമ ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.  എന്നാൽ മെക്ക് റാണിയുടെ കഥയും ക്യൂനിന്റെ കഥയും തമ്മിൽ വലിയ സാദൃശ്യമില്ല ഇതുപോലെയുള്ള കഥകൾ അക്കാലത്ത് പലരുടെയും മനസ്സിൽ തോന്നിയിരിക്കാം എന്നാണ് ഇപ്പോൾ ആഷിഖ് അക്ബർ അലി പറയുന്നത്.  മലയാളി ഫ്രം ഇന്ത്യയുടെ കഥ കോപ്പി അടിയാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഡിജോ ജോസ് ചെയ്ത സിനിമകളെല്ലാം കോപ്പിയടി ആണെന്ന ആരോപണവുമായി വരുന്നതിൽ കഴമ്പില്ലെന്നും ഇപ്പോൾ ഡിജോയുമായി നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം ശരിയായൊരു മനുഷ്യനാണെന്ന് ഇടപെടലുകളിൽ കൂടി മനസ്സിലായിട്ടുണ്ടെന്നും ആഷിഖ് അക്ബർ അലി പറയുന്നു.  ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോയെ ഒരിക്കലും ക്രൂശിക്കരുത് എന്നും ആഷിഖ് അക്ബർ കൂട്ടിച്ചേർത്തു. 

തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലി

മെക്ക് റാണിക്ക് സംഭവിച്ചത്. 

പലരും എന്നെ നിഷാദ് കോയ ഡിജോ ജോസ് ആൻ്റണി റിലേറ്റഡ് പോസ്റ്റുകൾക്ക് താഴെ ടാഗ് ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം.  മെക്ക് റാണി എന്നെ സംബന്ധിച്ച് വളരെ പേഴ്സണൽ ആയിട്ടുള്ളൊരു കഥയായിരുന്നു. ഞാനും മെക്കാനിക്കൽ എഞ്ചിനീയറിംഗായിരുന്നു പഠിച്ചത്.  ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനോടാണ് ആദ്യം ആ കഥ പറയുന്നത്.  മരിച്ചുപോയ പിവി ഗംഗാധരൻ സാറിനോടും അവരുടെ മൂന്ന് പെൺ മക്കളോടും ഞാൻ കഥ പറഞ്ഞു.  അവര് കഥ കേട്ട് ചെയ്യാം എന്ന് പറഞ്ഞു.  അന്ന് നായികാ കഥാപാത്രം ചെയ്യാൻ വേണ്ടി ജയറാമേട്ടൻ്റെ മകൾ മാളവികയെ അവര് ബന്ധപെട്ടിരുന്നു.  മാളവിക ലണ്ടനിൽ പഠിക്കുന്ന സമയമായിരുന്നു അത്.  പിന്നീട് പാർവതി തിരുവോത്തിനോട് സംസാരിക്കാം എന്ന് പറഞ്ഞ് നിൽക്കുമ്പോഴാണ് ക്വീൻ സിനിമയുടെ ട്രെയിലർ വരുന്നത്.  സ്വാഭാവികമായും നമ്മുടെ ചിത്രം വേണ്ടെന്ന് വച്ചു.  ഒരുപാട് കാലം എനിക്ക് മനപ്രയാസം ഉണ്ടായി എന്നത് സത്യമാണ്.  ക്വീൻ ഞാൻ ഈ നിമിഷം വരെ കണ്ടിട്ടില്ല.  പക്ഷേ ക്വീനിൻ്റെ കഥ അല്ല എൻ്റെ കഥ എന്നെനിക്ക് ഉറപ്പുണ്ട്.  നമ്മുടെ കഥ കോർട്ട് റൂം ഒന്നും ആയിരുന്നില്ല.  നായിക ക്യാൻസർ പേഷ്യൻ്റ് ആണെന്ന് ഒഴിച്ചാൽ കുറച്ച് സീനുകളും പശ്ചാത്തലവും മാത്രമായിരുന്നു സിമിലർ.  ഒരുപക്ഷേ ഇതേ കഥ വേറെയും ഒരുപാട് പേർ ആ സമയത്ത് ആലോചിച്ച് കാണണം.  ചങ്ക്‌സ് ഒരു ഉദാഹരണം അല്ലേ.  അതുകൊണ്ട് എൻ്റെ കഥ മോഷ്ടിച്ചു എന്നെനിക്ക് എവിടെയും പറയാൻ കഴിയില്ല.  ഞാൻ മറ്റൊരു കഥ പ്രൂവ് ചെയ്ത് മുന്നോട്ട് വരിക എന്ന് മാത്രേയുള്ളു.  സമാനമായ ഒരനുഭവം ഈയടുത്ത് എനിക്ക് വേറെയും ഉണ്ടായിട്ടുണ്ട്.  യോഗി ബാബുവിൻ്റെ അടുത്ത് രണ്ട് വർഷം മുൻപ് ഞങ്ങൾ കൂർക്കം വലി ബേസ് ചെയ്ത് ഒരു കഥ പറഞ്ഞു.  അദ്ദേഹം ചെയ്യാം എന്ന് പറഞ്ഞ് അതിൻ്റെ കാര്യങ്ങൾ പുരോഗമിക്കുമ്പോഴാണ് ഗുഡ് നൈറ്റ് എന്നൊരു ചിത്രം വന്നത്.  എൻ്റെ ഒരു ഗതികേട് എന്നാണ് എനിക്ക് ആദ്യം തോന്നിയത്.  ആ കഥയും ഇതേപോലെ മറ്റ് പലർക്കും ചിന്തിക്കാവുന്ന ത്രെഡ് ആയത് കൊണ്ട് മിണ്ടാതിരുന്നു, അതിൽ വളരെയേറെ സാമ്യതകൾ ഉണ്ടായിരുന്നു.  സിനിമ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്.  പ്രൂവ് ചെയ്യുന്നത് വരെ നമ്മൾ ഇതൊക്കെ ഫേസ് ചെയ്യേണ്ടി വരും.  ചിലപ്പോൾ കടുത്ത മനപ്രയാസം നമ്മൾ നേരിടും.

'മെക് റാണി' ഒക്കെ നമുക്ക് ലൈഫ് ടൈം വൺസ് ചെയ്യാൻ പറ്റുന്ന ഒരു കഥയായിരുന്നു.  മെയിൻ സ്ട്രീം ആർട്ടിസ്ട് പോലും വേണ്ട ആ കഥയ്ക്ക്.  അത് സംഭവിച്ചു കഴിഞ്ഞു.  അതിലൂടെ പുതിയ താരങ്ങളും സംവിധായകനും പിറന്നു.  ഡിജോയോട് എനിക്ക് ആ സമയത്ത് ഈ വിഷയത്തിൽ ഒരു നീരസം ഉണ്ടായിരുന്നു.  പിന്നീട് ഈയടുത്ത് ഞങൾ  ലാലേട്ടൻ- ലിസ്റ്റിൻ പ്രോജക്ടുമായി ഇരിക്കുന്ന സമയത്ത് ഞാൻ ഇതെല്ലാം  പറഞ്ഞു.  എനിക്ക് പേഴ്സണലി ഇപ്പോൾ ഡിജോയെ പരിചയമുണ്ട്.  ഒരാൾ എതത്തോളം ശരിയാണ് എന്ന് നമുക്ക് ഇടപെടലിലൂടെ മനസ്സിലാവുമല്ലോ.  ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല എന്ന് മാത്രം പറയാം.  അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ ആണ്. 

എഴുത്തുകാരെ സംബന്ധിച്ച് കഥ മോഷ്ടിക്കുമ്പോൾ വല്യ പ്രയാസമാണ്.  നമ്മൾ അതെഴുതിയ സമയത്ത് അനുഭവിച്ച സ്ട്രഗിൾ, പട്ടിണി ഒന്നും ആരും എവിടെയും നികത്തില്ല.  എല്ലാവരും എത്തിക്സ് ഉള്ളവരാവണം എന്ന് പറഞ്ഞ് വാശിപിടിക്കാനും പറ്റില്ല.  ഞാനടക്കം ഒരുപാട് പേർ പുതിയ ആശയം ചെയ്യാനുള്ള ശ്രമത്തിലും എക്സൈറ്റ്മെൻ്റിലുമാണ് മുന്നോട്ട് പോവുന്നത്.  ഞങ്ങൾക്ക് ഫൈറ്റ് ചെയ്യാനുള്ള ഹോൾഡോ പണമോ ഒന്നും കാണില്ല അതുകൊണ്ട്.  (ഗൃഹലക്ഷ്മിയോട് പറഞ്ഞപ്പോൾ ടോം ഇമ്മട്ടി ആയിരുന്നില്ല സംവിധായകൻ).  " ആഷിഖ് അക്ബർ അലി കുറിച്ചു.  

ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ റിലീസ് ആകുന്നതിന്റെ തലേ ദിവസം പ്രമുഖ തിരക്കഥകൃതായ നിഷാദ് കോയ  സിനിമയുടെ കഥ ഊഹിച്ചു പറയുന്നു എന്നുപറഞ്ഞ് ഒരു കഥ ഫേസ്ബുക്കിൽ എഴുതി  പോസ്റ്റ്‌ ചെയ്തിരുന്നു. പിന്നീട്‍ നിഷാദ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഡിജോയും തിരക്കഥാകൃത്ത് ഷാരിസും തന്റെ കഥ മോഷ്ടിച്ചതാണ് എന്ന ആരോപണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. നിഷാദ് 2021 ൽ എഴുതിയ കഥയായിരുന്നു ഇതെന്നും ജയസൂര്യയെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നുമാണ് നിഷാദ് പറയുന്നത്.  ഇതേതുടർന്ന് ഡിജോ ജോസ് ചെയ്ത സിനിമകൾ മൂന്നിന്റേയും തിരക്കഥ കോപ്പിയടി ആണെന്ന് ആരോപണങ്ങൾ ഉയരുകയാണ്.  ഈ പശ്ചാത്തലത്തിലാണ് ഡിജോയുടെ ക്യൂൻ എന്ന സിനിമ തന്റെ മെക്ക് റാണി എന്ന തിരക്കഥയുടെ കോപ്പിയടി ആണെന്ന് കരുതുന്നില്ല എന്ന് തുറന്നുപറഞ്ഞുകൊണ്ട് തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലി രംഗത്തെത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com