‘എന്തെങ്കിലും മാർഗമുണ്ടെങ്കിൽ റിലീസ് മാറ്റിയേനെ, അത് മമ്മൂക്കയോടുള്ള ബഹുമാനം കൊണ്ടാണ്’

Mail This Article
‘മമ്മൂട്ടി’യുടെ ബിഗ് ബജറ്റ് ചിത്രം ‘ടർബോ’യും ആസിഫ് അലി–ബിജു മേനോൻ ചിത്രം ‘തലവനും’ ഒരേ ആഴ്ചയാണ് തിയറ്ററുകളിൽ എത്തുന്നത്. ടർബോ, മേയ് 23നും തലവൻ, മേയ് 24നും റിലീസ് ചെയ്യും. ‘ടർബോ’യ്ക്ക് എതിരാളിയായാണോ തലവൻ’ എന്ന ചിത്രവുമായി വരുന്നത് എന്ന ചോദ്യത്തിനു മറുപടിയുമായി ഇപ്പോൾ എത്തുകയാണ് ‘തലവൻ’ സിനിമയുടെ അണിയറപ്രവർത്തകർ. തങ്ങൾ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്കയോടു ഒരിക്കലും മത്സരത്തിനു വരില്ലെന്നും നേരത്തെ തീരുമാനിച്ച റിലീസ് തീയതി ആയതിനാലും വെക്കേഷൻ തീരാൻ പോകുന്നതുകൊണ്ടുമാണ് നിശ്ചയിച്ച ദിവസം തന്നെ സിനിമ റിലീസ് ചെയ്യുന്നതെന്നും സംവിധായകൻ ജിസ് ജോയി പറഞ്ഞു. മലയാള സിനിമയുടെ വസന്തകാലമായ ഇക്കാലത്ത് മേയ് 24 എന്ന സുരക്ഷിതമായ ഡേറ്റ് മുൻപേ തീരുമാനിച്ചതാണെന്നും തീയതി മാറ്റാൻ ഒരു നിവർത്തിയുമില്ലാത്തതുകൊണ്ടാണ് നിശ്ചയിച്ച ദിവസം തന്നെ ‘തലവൻ’ റിലീസ് ചെയ്യുന്നതെന്ന് ആസിഫ് അലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘‘ഈ സിനിമയുടെ റിലീസ് മേയ് 24ന് ചെയ്യണം എന്ന് നേരത്തെ പ്ലാൻ ചെയ്തിരുന്നതാണ്. ഞങ്ങൾ അങ്ങനെയാണ് മറ്റ് ഏർപ്പാടുകൾ എല്ലാം ചെയ്തിരുന്നതും. ടർബോ എന്ന സിനിമ ജൂൺ 13 ന് റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ടു മൂന്നാഴ്ച ഗ്യാപ് ഉണ്ടല്ലോ അതിനു മുൻപ് നമുക്ക് വന്നു പോകാമല്ലോ എന്നാണു ഞങ്ങൾ കരുതിയിരുന്നത്. പക്ഷേ അവർ സിനിമയുടെ റിലീസ് 23ലേക്ക് മാറ്റിയപ്പോ ഞങ്ങൾക്ക് മാറാൻ വേറെ ഇടമില്ലാതെ ആയിപ്പോയി എന്നുള്ളതാണ് അവസ്ഥ. വെക്കേഷൻ തീരുന്ന സമയമാണ്, പിന്നെ ഞങ്ങൾക്ക് പല കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതുകൊണ്ട് റിലീസ് ചെയ്യാൻ വേറെ സ്പേസ് ഇല്ല എന്നതാണ് അവസ്ഥ.’’–നിർമാതാവ് അരുൺ നാരായണൻ പറയുന്നു.
‘‘ഒന്നരമാസം മുൻപേ തന്നെ ഞങ്ങൾ രണ്ടു റിലീസ് ഡേറ്റ് എടുത്തിരുന്നു. നമ്മൾ ഇപ്പോൾ മലയാള സിനിമയുടെ ഒരു വസന്തകാലത്തിലാണ് നിൽക്കുന്നത്. എല്ലാ സിനിമകളും വളരെ തിരക്കുള്ള രീതിയിൽ തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുകയും നല്ല റിപ്പോർട്ട് വന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ വളരെ സുരക്ഷിതമായി കണ്ട ഡേറ്റ് ആണ് മേയ് 24. അങ്ങനെ വളരെ ആത്മവിശ്വാസത്തിൽ നിൽക്കുമ്പോഴാണ് ടർബോ എന്ന സിനിമ മെയ് 23ലേക്ക് മാറ്റി തീരുമാനിക്കുന്നത്.’’– ആസിഫ് അലി പറഞ്ഞു.
‘‘വെക്കേഷൻ തീരാൻ ഒരാഴ്‌ച കൂടി എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഈ സിനിമ മാറ്റി വയ്ക്കുമായിരുന്നു. കാരണം അത് മമ്മൂക്ക എന്ന വ്യക്തിയോടുള്ള ആരാധനയും ബഹുമാനവും പേടിയും കാരണമാണ്. ഞങ്ങൾ മമ്മൂക്കയുടെ വലിയ ആരാധകരാണ്. മലയാള സിനിമയുടെ പോലെ തന്നെ മമ്മൂക്കയുടെയും വസന്തകാലമാണ് ഇപ്പോൾ. ഭയങ്കര വ്യത്യസ്തമായ നല്ല നല്ല സിനിമകളുമായിട്ടാണ് മമ്മൂട്ടി കമ്പനിയും മമ്മൂക്കയും വരുന്നത്. സ്കൂൾ തുറക്കുന്നു, അഞ്ചാം തീയതി ഇലക്‌ഷൻ ഫലം വരുന്നു, മഴ വരാൻ പോകുന്നു, അങ്ങനെ ഒരു രീതിയിലും ഞങ്ങൾക്ക് ഡേറ്റ് മാറ്റാൻ പറ്റാത്തതുകൊണ്ടാണ് ഈ വരുന്ന 24 നു തന്നെ റിലീസ് ചെയ്യുന്നത്. ടർബോ വലിയ സ്കെയിലിലുള്ള സിനിമയാണ് നമ്മുടേത് നമ്മുടെ കഴിവിനനുസരിച്ചുള്ള സിനിമയാണ്. എന്തായാലും നമ്മുടെ സിനിമ എല്ലാവരെയും ആസ്വദിപ്പിക്കും എന്നൊരു പ്രതീക്ഷ ഉണ്ട്. ടർബോ വിജയിക്കുമ്പോൾ നിങ്ങൾ ഉറപ്പായിട്ടും ഞങ്ങളുടെ സിനിമയും കൂടി പരിഗണിക്കുകയും വിജയിപ്പിക്കുകയും വേണം.’’– ജിസ് ജോയി പറയുന്നു.
ബിജു മേനോനും ആസിഫ് അലിയും നായകന്മാരാവുന്ന ത്രില്ലർ ചിത്രമാണ് തലവൻ. അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം മേയ് 24-ന് ചിത്രം തിയറ്ററുകളിലെത്തും. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .