ടാലന്റ് ഹണ്ടുമായി ഇൻഡിവുഡ് ടാലന്റ് ക്ലബ്; വിജയികൾക്ക് സിനിമയിൽ അവസരം

Mail This Article
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ 'കർണ്ണിക'യുടെ റിലീസിനോട് അനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് ടാലന്റ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ടാലന്റ് ക്ലബ് പ്രവർത്തിക്കുന്ന കലാലയങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ആയിരിക്കും മത്സരങ്ങൾ നടക്കുക. ഇനിയും ടാലന്റ് ക്ലബിന്റെ ഭാഗമാകാത്ത കുട്ടികൾക്കും ക്ലബിൽ ചേരാനുള്ള സുവർണാവസരം കൂടിയാണ് ഇത് .
സ്കൂളുകളിലും കോളജുകളിലും സിനിമയോട് അഭിരുചിയുള്ള വിദ്യാർഥികൾക്കായി ആരംഭിച്ച ടാലന്റ് ക്ലബുകളിലെ അംഗങ്ങൾക്ക്, സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാൻസ്, പോസ്റ്റർ ഡിസൈനിങ്, ആൽബം മേക്കിങ് എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുന്നു. വിജയികൾക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തിൽ അവസരവും ലഭിക്കും.

"സിനിമാ മേഖലയിൽ താല്പര്യമുള്ള നിരവധി വിദ്യാർത്ഥികൾ ക്യാംപസുകളിലുണ്ട്. എന്നാൽ അതിലേക്ക് എത്തിപ്പെടാൻ എന്തു ചെയ്യണം എന്നുള്ള കൃത്യമായ മാർഗനിർദ്ദേശം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ ടാലന്റ് ക്ലബിലൂടെ കുട്ടികൾക്ക് ഇപ്പോൾ സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. നാളത്തെ സിനിമയുടെ വാഗ്ദാനങ്ങൾ ആയിരിക്കും 'കർണിക' എന്ന ചിത്രത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഈ മത്സരത്തിലൂടെ രംഗത്തെത്തുക. സ്കൂൾ മാനേജ്മെന്റും രക്ഷകർത്താക്കളും കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇൻഡിവുഡ് ടാലന്റ് ക്ലബ്," സോഹൻ റോയ് പറഞ്ഞു.
ഇൻഡിവുഡ് ടാലന്റ് ക്ലബിലെ, 'ഏരീസ് കിഡ്സ് കരിയർ ഡിസൈൻ' പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നത് നിരവധി കുട്ടികളാണ്. ഓരോ വിദ്യാർഥിക്കും ജന്മസിദ്ധമായി ലഭിച്ച കഴിവുകൾ കണ്ടറിഞ്ഞ് അവയോട് പൊരുത്തപ്പെടുന്ന കരിയറിൽ ചെറുപ്പം മുതലെ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.
വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രമാണ് 'കർണ്ണിക'. ഈ ചിത്രത്തിൽ ടി.ജി.രവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സിനിമ ജൂലൈ അവസാനവാരം തിയറ്ററുകളിൽ എത്തും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് :+91 95390 00553, വെബ്സൈറ്റ്: https://www.indywoodtalentclub.co.in/