ഇത് അന്നു വീട്ടിൽ വന്ന മലയാളി നഴ്സിന്റെ കഥ: കാനിലെ സിനിമയെക്കുറിച്ച് പായൽ കപാഡിയ

Mail This Article
കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായിക പായൽ കപാഡിയ സംസാരിക്കുന്നു.
‘ഞാൻ പുണെ ഫിലിം ഇൻസ്റ്റ്യൂട്ടിൽ പഠിക്കുന്ന കാലത്താണ് മലയാളി നഴ്സ് വീട്ടിൽ മുത്തശ്ശിയെ പരിചരിക്കാനെത്തിയത്. അവരുടെ ജീവിതകഥ മനസ്സിനെ തൊട്ടു. അത് പഠനത്തിന്റെ ഭാഗമായി ഡിപ്ലോമ ചിത്രമാക്കാൻ ആലോചിച്ചെങ്കിലും നടന്നില്ല. വലിയൊരു സിനിമയുടെ ത്രെഡ് അതിലുണ്ടായിരുന്നതിനാൽ മനസ്സിൽ നിന്നു മാഞ്ഞതുമില്ല. അങ്ങനെ അത് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന പേരിൽ 2018 ൽ എഴുതാൻ തുടങ്ങി. 2023 ൽ ചിത്രീകരണം ആരംഭിച്ചു. ഇപ്പോഴിതാ കാനിൽ എത്തിനിൽക്കുന്നു– കാൻ ചലച്ചിത്രോത്സവ വേദിയിൽ നിന്ന് സംവിധായിക പായൽ കപാഡിയ പറയുന്നു.
∙ കാൻ ചലച്ചിത്രമേളയിൽ ചിത്രം കണ്ടവരെല്ലാം അഭിനന്ദനംകൊണ്ടു മൂടുന്നു. സിനിമ കഴിഞ്ഞ് 8 മിനിറ്റോളമാണ് കരഘോഷം നീണ്ടത്. എന്താണ് പറയാനുള്ളത്?
ഒന്നും വിശ്വസിക്കാനാകുന്നില്ല. ഞാൻ സംവിധാനം ചെയ്ത ചിത്രം കാനിൽ എത്തി എന്നതു തന്നെ വലിയ സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണ്. ചിത്രം കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായം പറഞ്ഞു. ഒട്ടേറെപ്പേരുടെ കൂട്ടായ പരിശ്രമമാണ് ഇൗ നേട്ടത്തിനു കാരണം. സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന 25 പേർ ഇപ്പോൾ കാൻ ചലച്ചിത്രമേളയ്ക്ക് എത്തിയിട്ടുണ്ട്. അതിൽ ഏറെയും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുതൽ ഒപ്പമുള്ളവർ. അതിനാൽ, ഞങ്ങൾക്കിത് ‘കുടുംബചിത്ര’മാണ്.
∙ മലയാളത്തിൽ ഒരു ചിത്രത്തിനു കാരണം?
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം മലയാളത്തിലും ഹിന്ദിയിലുമായാണ് എടുത്തിരിക്കുന്നത്. കേരളത്തിൽനിന്ന് മുംബൈയിൽ ജോലിക്കെത്തിയ 2 നഴ്സുമാരുടെ കഥയാണിത്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് മലയാളം ഉൾപ്പെടുത്താൻ കാരണം. മുംബൈയിലും കൊങ്കണിലെ രത്നാഗിരിയിലുമാണ് സിനിമ ചിത്രീകരിച്ചത്.
∙ തയാറെടുപ്പുകൾ?
ഞാനും പാലക്കാട് സ്വദേശിയായ സഹസംവിധായകൻ റോബിൻ ജോയിയും മുംബൈയിൽ ഒട്ടേറെ മലയാളി നഴ്സുമാരെ കണ്ടു സംസാരിച്ചിരുന്നു. ഒരു കഥാപാത്രം പാലക്കാട് പശ്ചാത്തലത്തിലുള്ളതാണ്. അണിയറയിൽ ഒട്ടേറെ മലയാളികളുണ്ട്.