‘ആഘോഷമൊക്കെ കൊള്ളാം, പക്ഷേ മാസ്ക് മസ്റ്റാ’; ഷാറുഖിനോട് ഗൗരി

Mail This Article
ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടമുയർത്തിയപ്പോൾ ഷാറുഖ് ഖാന്റെ കുടുംബം സന്തോഷം പങ്കുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സുഹാന ഓടിവന്നു കെട്ടിപ്പിടിച്ചു, ഷാറുഖിനോട് സന്തോഷമായോ എന്ന് ചോദിക്കുന്നുമുണ്ട്. സുഹാനയുടെ കണ്ണുകൾ ഈറനണിയുന്നതും അച്ഛനും മകളും പരസ്പരം ആലിംഗനം ചെയ്യുന്നതും വൈറലായ ഒരു വിഡിയോയിൽ കാണാം. തുടർന്ന് മക്കളായ ആര്യൻ ഖാനും അബ്രാമും ഓടി വന്ന് പിതാവിനെ കെട്ടിപ്പിടിച്ചു. ഷാറുഖിന്റെ അടുത്ത സുഹൃത്തായ ജൂഹി ചൗളയും പിന്തുണയേകാൻ എത്തിയിരുന്നു.
അസുഖബാധിതനായി ആശുപത്രിയിലായിരുന്ന ഷാറുഖ് ആശുപത്രിയിൽ നിന്നാണ് തന്റെ ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിൽ എത്തിയത്. പിതാവ് ആരോഗ്യത്തോടെ ഫൈനൽ കാണാനെത്തുകയും സ്വന്തം ടീം വിജയിക്കുകയും ചെയ്ത സന്തോഷത്തിലാണ് സുഹാനയുടെ കണ്ണുകൾ ഈറനണിഞ്ഞത്. കണ്ടുനിന്നവരെയും വികാരാധീനമാക്കുന്ന നിമിഷങ്ങളാണ് ഖാൻ കുടുംബം പങ്കിട്ടത്.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചതിന് പിന്നാലെ ഷാറുഖ് ഭാര്യ ഗൗരി ഖാനെ ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ സീസണിൽ ഇതാദ്യാമായാണ് ഗൗരി ഐപിഎൽ കാണാനെത്തിയത്. പതിവ് പോലെ അത്ര ഊർജ്ജ്വസ്വലനായിരുന്നില്ല താരം. മാസ്ക്ക് ധരിച്ചാണ് താരം ഗാലറിയിൽ ഇരുന്നത്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന മത്സര ശേഷം സൂര്യാഘാതത്തെ തുടർന്ന് ഷാറുഖിനെ രണ്ട് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം ആശുപത്രി വിട്ടത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾക്കിടയിൽ മാസ്ക് ഊരി മാറ്റുമ്പോൾ ഷാറുഖിന് മുന്നറിയിപ്പു നൽകുന്ന ഗൗരിയെ കാണാമായിരുന്നു.
ഫൈനലിനു ശേഷം ഷാറുഖ് തന്റെ ടീമിലെ ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിച്ചു. ടീം മെന്ററായ ഗൗതം ഗംഭീറിന്റെ നെറ്റിയിൽ ഷാറുഖ് ചുംബിക്കുന്ന ചിത്രങ്ങളും വൈറലായി മാറിയിരുന്നു.