ഭർത്താവിന്റെയും മകന്റെയും മരണം: മലയാളം അഡൽറ്റ് വെബ്സീരിസ് നടിക്കെതിരെ സൈബർ ആക്രമണം
Mail This Article
മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ഭാര്യയും വെബ്സീരിസ് നടിയുമായ ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം. യൂട്യൂബറും അഡൽറ്റ് വെബ് സീരിസുകളിലെ നായികയുമായ ദിയയ്‌ക്കെതിരെ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കടുത്ത ആക്രമണമാണ് നടക്കുന്നത്. മകന്റെയും ഭർത്താവിന്റെയും മരണത്തിനു കാരണക്കാരിയെന്നാരോപിച്ചാണ് ആക്രമണം.
ദിയയുടെ ഭര്‍ത്താവ് ഷെരീഫിനെയും നാലു വയസുള്ള മകന്‍ അല്‍ഷിഫാഫിനെയുമാണ് കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ഇൗ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഡല്‍ട്ട് കണ്ടന്റ് വെബ്സീരിസ് നിർമാതാക്കളായ യെസ്മയുടെ ‘പാൽപ്പായസം’ സീരിസിൽ അഭിനയിച്ചതിനെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട നടിയാണ് ദിയ.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റെയും ചാവക്കാട് സ്വദേശിനിയായ ദിയയുടെയും രണ്ടാം വിവാഹമായിരുന്നു. ആറു വർഷം മുമ്പായിരുന്നു ഇരുവരും ഒന്നിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവർ തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മകനെയും കൊണ്ട് ഷെരീഫ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. ഖദീജ ആലുവയിലെ ഫ്ളാറ്റില്‍ തന്നെയായിരുന്നു താമസം.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനേയും മകനെയും വീടിന്റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ ഖദീജയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഖദീജ ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. മണ്ണുംതുരുത്തിലുള്ള മറ്റൊരാളെ വിളിച്ച് ഖദീജയുടെ സുഹൃത്തും ഇതേ വിവരം കൈമാറി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാന്‍ ഖദീജ എത്തിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വളാഞ്ചേരിയില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി.
താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഖദീജയെ വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങൾ ഷെരീഫ് അയച്ചുനല്‍കിയതിന്റെ തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഖദീജയുടെ സുഹൃത്തിന്റെ ഫോണില്‍നിന്നും മണ്ണുംതുരുത്തിലുള്ള ഒരാളുടെ ഫോണിലേക്ക് ഈ ചിത്രങ്ങള്‍ അയച്ചിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.