ADVERTISEMENT

‘അയ്യോ അടിയൊന്നുമല്ല. ചവിട്ട്, ചവിട്ടെന്നു പറഞ്ഞാൽ എന്റെ ദൈവമേ ഒരു മനുഷ്യനെ ഇങ്ങനെ എടുത്തിട്ടു ചവിട്ടാമോ. ചവിട്ടു കൊണ്ടെന്റെ ചെറുക്കൻ തെറിച്ചുവീണത് ഗീതേടെ പറമ്പിലാ..’ ജയ ജയ ജയ ജയ ഹേ സിനിമയിലെ ഈ ഒരു ഡയലോഗുമതി മലയാളികൾക്ക് ആ നടിയെ തിരിച്ചറിയാൻ, കുടശ്ശനാട് കനകം. പ്രഫഷനൽ നാടകങ്ങൾ ചെയ്ത് മികച്ച നടിക്കുള്ള പുരസ്കാരം വരെ സ്വന്തമാക്കിയിട്ടുള്ള കനകം സിനിമയിൽ അറിയപ്പെടാൻ അൽപം വൈകിയെങ്കിലും ആ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. ഇപ്പോൾ ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലും രസകരമായ വേഷമാണ് കനകത്തെ തേടി എത്തിയിരിക്കുന്നത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കാത്തിൽ ദുഃഖമുണ്ടെന്ന് കനകം പറയുന്നു. തമിഴിൽ ഗുരു സോമസുന്ദരം സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത സംതൃപ്തിയുമായി മനോരമ ഓൺലൈനിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കുടശ്ശനാട് കനകം.

ഗുരുവായൂർ അമ്പലനടയിലെ വേലക്കാരി വേഷം

‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയാണ് ഞാൻ എന്ന അഭിനേത്രിയെ മലയാള സിനിമയിൽ പ്രശസ്തയാക്കിയത്. അതിന് സംവിധായകൻ വിപിൻ ദാസിനോടും ആ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു. ബേസിൽ ജോസഫിന്റെ അമ്മയ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ എന്നെ ബേസിലിന്റെ അമ്മ എന്ന് പറയുന്നതിന് കാരണം വിപിൻ ദാസ് ആണ്. ഇന്നും ആളുകളെ പൊട്ടിച്ചിരിക്കും ആ അമ്മയും മകനും. ജയ ജയ ജയ ജയ ഹേ എനിക്ക് തന്ന വിപിൻ ദാസ് വീണ്ടും ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ അവസരം തന്നു. വിപിൻ ദാസിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. പൃഥ്വിരാജ് പ്രൊഡക്‌ഷനോടും വളരെയധികം നന്ദിയുണ്ട്.

ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന അനുഭവം 

ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയ്ക്കു വേണ്ടി ഗുരുവായൂർ അമ്പലം സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. ശരിക്കും നമുക്ക് അവിടെ നിൽക്കുമ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുന്ന പ്രതീതി ആയിരുന്നു മനസ്സിൽ. പണ്ട് ഗുരുവായൂരമ്പലത്തിലെ സ്റ്റേജിൽ ഞാൻ നൃത്തം ചെയ്തിട്ടുണ്ട്, നാടകവും കളിച്ചിട്ടുണ്ട്. അവിടെ നിൽക്കുന്നതുപോലെ തന്നെയാണ് തോന്നിയത്. ഗുരുവായൂരമ്പലം അല്ല എന്ന് തോന്നിയതേ ഇല്ല. ‌സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു, സിനിമ കണ്ടപ്പോൾ എന്റെ കഥാപാത്രം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. കുറെ നല്ല സീനുകൾ ഉണ്ടായിരുന്നു അതൊക്കെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു.

ബേസിൽ ജോസഫിന് എന്നും അമ്മയാണ് 

ബേസിൽ, പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര, രേഖ, ജഗദീഷ് എന്നിവരോടൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.  ഞങ്ങൾ ഒരു കുടുംബത്തെപ്പോലെയായിരുന്നു സെറ്റിൽ. പൃഥ്വിരാജ് എപ്പോഴും ഉണ്ടാകില്ല എങ്കിലും കാണാൻ അവസരം കിട്ടുമ്പോൾ നമ്മുടെ സുഖവിവരങ്ങൾ ഒക്കെ അന്വേഷിക്കും. വളരെ നല്ല സൗഹൃദത്തോടെയാണ് പെരുമാറിയിട്ടുള്ളത്. ബേസിലിന് പിന്നെ ഞാൻ അമ്മയെപ്പോലെ ആണ്. നിഖിലയും അനശ്വരയും അമ്മാ എന്നു പറഞ്ഞു വന്നു കെട്ടിപ്പിടിക്കും. 

kudassanadu-kanakam2
ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ നിന്നും

സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു

ഞാനിപ്പോൾ ഒരു വീടുവച്ചു. സ്വന്തമായി ഒരു വീടുണ്ടാകാൻ കാരണം ജയ ജയ ജയ ജയ ഹേ ആണ്.  ആ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം വച്ചാണ് കുറച്ചു സ്ഥലം വാങ്ങിയത്. ഒാർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ തിരുമേനിയുടെ സഹോദരൻ പദ്ധതിയിൽ കിട്ടിയതാണ് വീട്. ഒരു തമിഴ് സിനിമ ചെയ്തപ്പോൾ കിട്ടിയ വരുമാനവും കൂടി ചേർത്താണ് വീട് പണിപൂർത്തിയാക്കിയത്. പാലുകാച്ചിന് വിപിൻ ദാസും ഭാര്യയും കുഞ്ഞും വന്നിരുന്നു. 

   

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം

സ്പൈഡർ ഹൗസ് എന്ന സിനിമയിൽ ചെമ്പഴന്തി ചന്ദ്രബാബു ആണ് ആദ്യമായി സിനിമയിൽ അവസരം തന്നത്.  അതിനു ശേഷം ഭാഗ്യമായി കിട്ടിയതാണ് ജയ ജയ ജയ ജയ ഹേ. പക്ഷേ ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളൊന്നും കിട്ടിയില്ല. അതിൽ വിഷമമുണ്ട്.  കമ്മ്യൂണിസ്റ്റ് പച്ച, ഗരുഡകല്പ, അകത്തേക്ക് തുറക്കുന്ന ജാലകം, റിബൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സൂപ്പർ ജെമിനി എന്ന സിനിമ ചെയ്തു അത് ഉടനെ റിലീസ് ആകും. ആ സിനിമയിൽ സീമ ജി. നായരുടെ അമ്മയാണ് ഞാൻ. ടോപ് സിങ്ങറിലെ മീനാക്ഷി എന്റെ കൊച്ചുമോൾ ആയി അഭിനയിക്കുന്നു. വളരെ നല്ല ഒരു റോൾ ആണ് ആ സിനിമയിൽ.  ധ്യാൻ ശ്രീനിവാസന്റെ അമ്മയായി ഒരു സിനിമ ചെയ്തു. ബാദുഷ, ഇന്ദ്രജിത്ത്, അനശ്വര ടീമിന്റെ ഒരു സിനിമയും ചെയ്തിട്ടുണ്ട്. എറണാകുളം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കുറെ കലാകാരൻമാർ ഒരുമിച്ച് ചെയ്യുന്ന നദി എന്ന സിനിമയിൽ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കിട്ടും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.

kudassanadu-kanakam22
ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ നിന്നും

ഇനി കനകം തമിഴ് പേസപ്പോറെ   

തമിഴിൽ ‘കാല’ സിനിമയിൽ രജനികാന്തിന്റെ മകനായി അഭിനയിച്ച മണികണ്ഠന്റെ അമ്മയായി ഒരു സിനിമ ചെയ്തിട്ടുണ്ട്. ഗുരു സോമസുന്ദരം എന്റെ മരുമകൻ ആണ്. അതാണ് ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. അടിപൊളി കഥാപാത്രമാണ്, രോമാഞ്ചം വരുന്ന ഡയലോഗ് ഒക്കെ ഉണ്ട്. പ്രസന്ന എന്ന തിരക്കഥാകൃത്തിന്റെ രചനയിൽ രാജേഷ് സംവിധാനം ചെയ്യുന്ന സിനിമയാണത്.  45 ദിവസം മറ്റൊരാൾ ചെയ്ത കഥാപാത്രം കട്ട് ചെയ്തു കളഞ്ഞിട്ടാണ് അവർ എന്നെ തേടി ഇവിടെ വന്നു കാസ്റ്റ് ചെയ്തത്. ഏറെ സംതൃപ്തിയോടെ ചെയ്ത കഥാപാത്രമാണ്. സിനിമ റിലീസ് ചെയ്തു കാണാൻ കാത്തിരിക്കുന്നു.

English Summary:

Chat with Actress Kudassanad Kanakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com