രജനിയുമായി പിണക്കമാണോ?; ഒടുവിൽ പ്രതികരിച്ച് സത്യരാജ്

Mail This Article
രജനികാന്തുമായി യാതൊരു പിണക്കവുമില്ലെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ വന്ന കഥാപാത്രങ്ങളിൽ തൃപ്തനല്ലാത്തതുകൊണ്ടാണ് ഇത്രയും വർഷം ഒന്നിച്ചഭിനയിക്കാൻ സാധിക്കാതിരുന്നതെന്നും സത്യരാജ് വെളിപ്പെടുത്തി. ‘വെപ്പണ്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സത്യരാജ് ഈ വിഷയത്തിലും സംസാരിച്ചത്.
‘‘രജനികാന്തിന്റെ രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് എനിക്ക് നിരസിക്കേണ്ടി വന്നു. ഒന്ന് ശിവാജി ആണ്, മറ്റൊന്ന് എന്തിരന്‍ ആണ്. എന്തിരനില്‍ ഡാനി ഡെന്‍സോങ്പ അവതരിപ്പിച്ച (പ്രഫസര്‍ ബൊഹ്‌റ) എന്ന കഥാപാത്രത്തിലേക്കാണ് എന്നെ ക്ഷണിച്ചത്. എന്നാല്‍ ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല. അല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ല.” എന്നാണ് സത്യരാജ് പറയുന്നത്.
ലോകേഷ് കനകരാജും ഒന്നിക്കുന്ന കൂലി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന മുതിര്‍ന്ന താരം സത്യരാജാണ്. 38 കൊല്ലത്തിന് ശേഷമാണ് സത്യരാജ് രജനിക്കൊപ്പം അഭിനയിക്കുന്നത്. 1986ൽ മിസ്റ്റർ ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
വളരെക്കാലമായി രജനിയും സത്യരാജും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ചാണ് സത്യരാജ് ഈ വേഷത്തില്‍ എത്തുന്നതെന്നും വാർത്തകൾ വന്നിരുന്നു. സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന സത്യരാജ് മുൻപ് നടത്തിയ പല പ്രസ്താവനകളിലും രജനിക്കെതിരെ സംസാരിച്ചിട്ടുണ്ട്. ഇതാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ കോളിവുഡിൽ വാർത്ത പടരാൻ കാരണം.