സുരേഷ് ‘സോപ്പ്’ അല്ലേയെന്ന് പാർവതി: 35 വർഷം മുമ്പുള്ള അഭിമുഖം വൈറൽ
Mail This Article
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വലിയ വിജയത്തിനു പിന്നാലെ ഇന്ത്യ മുഴുവൻ സുരേഷ് ഗോപി ശ്രദ്ധിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാല അഭിമുഖവും വൈറലാകുന്നു. 1989ല്‍ ചിത്രീകരിച്ച ടെലിവിഷൻ അഭിമുഖമാണ് ഓർബിറ്റ് വിഡിയോ വിഷൻ എന്ന ചാനൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. നടി പാർവതിയാണ് സുരേഷ് ഗോപിയെ അഭിമുഖം ചെയ്യുന്നത്.
സിനിമയായിരിക്കും തന്റെ പ്രഫഷനെന്നു പോലും ചിന്തിക്കാതിരുന്ന കാലത്താണ് അപ്രതീക്ഷിതമായി ഈ രംഗത്തെത്തുന്നതെന്ന് സുരേഷ് ഗോപി പറയുന്നു. ‘സിനിമാ നടനായി തീരണം എന്ന ആഗ്രഹം ഉണ്ടായതോടെ സിനിമാക്കാരുടെ പുറകെ അലച്ചിൽ തുടങ്ങി. നവോദയ അപ്പച്ചൻ സാറിനെയും മക്കളെയും നിരന്തരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഫാസിലിനെ പരിചയപ്പെടുന്നത്. ഫാസിൽ എന്നെയൊരു പ്രോജക്ടിനു വേണ്ടി സമീപിച്ചു. പക്ഷേ അത് നടന്നില്ല. പിന്നീട് എംഎ പാസായതിനു ശേഷം മദ്രാസിൽ സിവിൽ സർവീസിന്റെ കോച്ചിങിനു വേണ്ടി അച്ഛൻ എന്നെ കൊണ്ടാക്കി. അതിനു ശേഷമാണ് സിനിമാ ജീവിതത്തിനു തുടക്കമാകുന്നത്. അവിടെ വച്ച് ബാലാജി എന്നെ കാണുകയുണ്ടായി. അദ്ദേഹം നിർമിച്ച ‘നിരപരാധി’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. അതോടെ സിനിമാ ജീവിതം വീണ്ടും നിന്നു.’
‘നവോദയയുടെ കടാക്ഷം േവണ്ടി വന്നു വീണ്ടും ഒരു അഭിനേതാവായി തീരാൻ. അപ്പച്ചൻ സാറിന്റെ മകൻ ജോസുകുട്ടി എന്നെ വിളിച്ചുവരുത്തി ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന സിനിമയിൽ അഭിനയിപ്പിക്കുന്നു. ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന സിനിമയിൽ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാൻ ‘രാജാവിന്റെ മകനി’ൽ വന്നത്. ഒരു നടനായി തീരണം എന്നുള്ളതായിരുന്നു ആഗ്രഹം. അത് ആകും എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.
പാർവതിയുടെ രസകരമായ ചോദ്യങ്ങൾക്ക് പക്വമായ മറുപടിയാണ് സുരേഷ് ഗോപി നൽകുന്നത്. സുരേഷ് ഭയങ്കര സോപ്പ് ആണെന്ന് സിനിമയിലുള്ള എല്ലാവരും പറയാറുണ്ട് അതിനെന്താണ് മറുപടിയെന്ന പാർവതിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ, ‘ഈ പറയുന്നവർക്ക് തിരിച്ചടിയൊന്നുമാകില്ല, എന്റെ ഈ മറുപടി. ഇപ്പോ ഞാനെത്തിയ ഈ പൊസിഷൻ ആണ് പ്രധാന പ്രശ്നം. ഒരു സോപ്പ് ആയാലൊന്നും ഈ സ്ഥാനത്ത് എത്താൻ പറ്റില്ല, സോപ്പ് മാത്രം സഹായിക്കില്ല. അങ്ങനാണെങ്കിൽ സോപ്പ് മാത്രം പുതച്ച് വീട്ടിലിരുന്നാല്‍ പോരേ.’