ADVERTISEMENT

ദിലീഷ് പോത്തനെ പ്രധാന കഥാപാത്രമാക്കി രഞ്ജൻ പ്രമോദ് ഒരുക്കിയ ‘ഒ.ബേബി’ സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ എന്നും രഞ്ജൻ പ്രമോദിന്റെ മികച്ച സിനിമകളിലൊന്നാണ് ഒ. ബേബിയെന്നും സത്യൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.

‘‘കാലാവസ്ഥയിലെ ന്യൂനമർദ്ദം പോലെയാണ് രഞ്ജൻ പ്രമോദ്. വിചാരിക്കാത്ത നേരത്ത് ആർത്തലച്ചങ്ങ് പെയ്യും. പിന്നെ മഷിയിട്ട് നോക്കിയാൽ ആളെ കാണില്ല. തിയറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമയായിരുന്നു ‘ഒ.ബേബി’. ഇന്നലെ ആമസോൺ പ്രൈമിൽ ആ പടം കണ്ടു.

നമുക്ക് പരിചയമുള്ള സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രം. സിനിമയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് ഒരിക്കലും തോന്നാത്ത രംഗങ്ങൾ. പടം തുടങ്ങി അവസാനിക്കും വരെ നമ്മൾ ആ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോകും. എസ്റ്റേറ്റിനകത്തെ ഇരുണ്ട ജീവിതം നമ്മളെ ആദ്യം കാണിച്ചു തന്നത്‌ കെ.ജി. ജോർജാണ്. ഇരകളിൽ. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ, ‘എടാ മോനേ!’ എന്നും പറഞ്ഞ് രഞ്ജൻ പ്രമോദിനെ നെഞ്ചോട് ചേർത്ത് അഭിനന്ദിച്ചേനേ.

സിനിമ കണ്ട ആഹ്ലാദത്തിൽ രഞ്ജനെ ഞാൻ വിളിച്ചിരുന്നു. ഔട്ട്ഡോർ യൂണിറ്റും കാരവാനും ജനറേറ്ററും കടന്നു ചെല്ലാത്ത ലൊക്കേഷനിൽ വച്ച് ഈ സിനിമ എങ്ങനെയെടുത്തുവെന്ന് ഞാൻ ചോദിച്ചു. ദിലീഷ് പോത്തനടക്കമുള്ള എല്ലാ നടീനടന്മാരും ക്യാമറാമാനും മറ്റു സാങ്കേതിക പ്രവർത്തകരും ഒരേ മനസ്സോടെ കൂടെ നിന്നതു കൊണ്ടാണെന്ന് രഞ്ജൻ പറഞ്ഞു. അവരെയെല്ലാം ഞാൻ മനസ്സ് കൊണ്ട് നമിക്കുന്നു. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ. 

സ്വാഭാവികമായി സംഭവിക്കുന്നു എന്ന് തോന്നുന്ന രംഗങ്ങളാണ് സിനിമയിൽ മുഴുവൻ. ഒരു കൗമാരക്കാരിയുടെ മനസ്സിനെ പ്രണയം വന്ന് കുത്തി നോവിക്കുന്ന അനുഭവമൊക്കെ എത്ര മനോഹരമായാണ് രഞ്ജൻ ആവിഷ്കരിച്ചിരിക്കുന്നത്. എനിക്ക് തട്ടാൻ ഭാസ്കരനേയും സ്നേഹലതയേയും തന്ന രഘുനാഥ് പലേരിയടക്കം എല്ലാവരും അനായാസമായി അഭിനയിച്ചു. രഞ്ജൻ പ്രമോദിന്റെ അടുത്ത പെയ്ത്തിനായി ഞാൻ കാത്തിരിക്കുന്നു.’’–സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.

English Summary:

Sathyan Anthikad Praises O Baby Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com