മഞ്ജു വാരിയർക്കൊപ്പമുള്ള സീൻ കട്ട് ചെയ്യരുത്: വെട്രിമാരനോട് അഭ്യർഥനയുമായി വിജയ് സേതുപതി
Mail This Article
വിടുതലൈ രണ്ടാംഭാഗത്തിൽ മഞ്ജു വാരിയർക്കൊപ്പമുള്ള പ്രണയരംഗങ്ങൾ കട്ട് ചെയ്തു കളയരുതെന്നു സംവിധായകനോട് അപേക്ഷിച്ച് വിജയ് സേതുപതി. ‘‘വാത്തിയാർ എന്ന കഥാപാത്രത്തിനായി വെട്രിമാരൻ മനോഹരമായ ഒരു ലൗവ് ട്രാക്ക് ചെയ്തിട്ടുണ്ട്. എനിക്കും നടി മഞ്ജു വാരിയർക്കുമിടയിലാണ് ഈ റൊമാന്റിക് ട്രാക്ക് നടക്കാൻ പോകുന്നത്. ചിത്രത്തിന്റെ ഫൈനൽ കട്ടിൽ ഈ ഭാഗങ്ങൾ എഡിറ്റ് ചെയ്യരുതെന്ന് വെട്രിമാരനോട് ഞാൻ അഭ്യർഥിച്ചിട്ടുണ്ട്.’’–‘മഹാരാജ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് വിടുതലൈ. വമ്പൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ മലയാളികളുടെ പ്രിയതാരമായി മഞ്ജു വാര്യരും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന സൂചനകളാണ് വരുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിൽ മഞ്ജു വാരിയർ പ്രത്യക്ഷപ്പെടുന്നില്ല. ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ഇരുവരുടെയും ചെറുപ്പകാലവും വിടുതലൈ രണ്ടാം ഭാഗത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.
ബി. ജയമോഹന്റെ തുനൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് വിടുതലൈ. ജയമോഹനും വെട്രിമാരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഇളയരാജയാണ് സംഗീത സംവിധാനം. വാത്തിയാര്‍ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയില്‍ ചേര്‍ന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തില്‍ ചര്‍ച്ച ചെയ്തത്. സൂരി, ഗൗതം വാസുദേവ് മേനോൻ, കിഷോർ, രാജീവ് മേനോൻ എന്നിവരായിരുന്നു മറ്റുതാരങ്ങൾ.
വിടുതലൈ രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്. ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രിമിയർ ചെയ്തിരുന്നു.