കൈ പിടിച്ച് ഹക്കീമും സനയും; വിവാഹസൽക്കാര ചിത്രങ്ങൾ പുറത്ത്
Mail This Article
വിവാഹസൽക്കാരത്തിലെ ചിത്രങ്ങൾ പുറത്തുവിട്ട് ഹക്കിം ഷാജഹാനും സന അൽത്താഫും. കുറച്ചു ദിസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്.
റജിസ്റ്റർ വിവാഹമായിരുന്നു. അതിനുശേഷം കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതിലെ ചിത്രങ്ങളാണ് സന സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.
'സ്നേഹത്താൽ ചുറ്റപ്പെട്ട്' എന്നായിരുന്നു ചിത്രങ്ങൾക്ക് സന നൽകിയ അടിക്കുറിപ്പ്.
ആശംസകൾ അറിയിച്ചും ചിത്രങ്ങളുടെ ഭംഗിയെ വർണ്ണിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'ഇത് സ്വപ്നം പോലെയുണ്ടല്ലോ' 'എന്തൊരു ഭംഗി' എന്നിങ്ങനെയാണ് കമന്റുകളിൽ നിറയുന്ന സ്നേഹം.
അതേസമയം, വിവാഹ റിസപ്ഷൻ അനുവാദമില്ലാതെ പകർത്തിയ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച് സന രംഗത്തെത്തിയിരുന്നു.
കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത് നിരാശാജനകമാണെന്നായിരുന്നു സനയുടെ പ്രതികരണം.
വിവാഹ വിരുന്ന് സ്വകാര്യ ചടങ്ങായി നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോഴാണ് സന ഔദ്യോഗികമായി പങ്കുവയ്ക്കുന്നത്.
തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്.അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ തന്നെ ചാർളിയിൽ സഹ സംവിധായകനായി പ്രവർത്തിച്ചു.
രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു.
2021ല്‍ പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. കടസീല ബിരിയാണി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. പ്രണയ വിലാസം, കടകൻ എന്നിവയാണ് പുതിയ സിനിമകൾ. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി, പൊറാട്ട് നാടകം എന്നീ സിനിമകളാണ് ഇനി റിലീസിനൊരുങ്ങുന്നത്.
വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. കൊറിയോഗ്രഫറും ബന്ധുവുമായ സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്.
തുടർന്നു മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. റാണി പദ്മിനിയും ബഷീറിന്റെ പ്രേമലേഖനവും ഒടിയനും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു. കാക്കനാടാണു സ്വദേശം. ഉപ്പ അൽത്താഫ് നിർമാതാവാണ്. ഉമ്മ ഷമ്മി. സഹോദരി ഷമ.