ADVERTISEMENT

‘അമ്മ’ സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെ വിമർശിച്ച നടൻ അനൂപ് ചന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം. കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിനെന്നായിരുന്നു ഒരഭിമുഖത്തിൽ അനൂപ് ചന്ദ്രൻ പ്രതികരിച്ചത്. യുവനടന്മാരിൽ സെൽഫിഷ് ആയ ആളുകളിൽ പ്രധാനി ഫഹദ് ആണെന്നും ‘അമ്മ’ യോഗം നടക്കുമ്പോൾ കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും ഫഹദ് വരാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അനൂപ് പറഞ്ഞിരുന്നു. അനൂപിന്റെ ഇൗ പ്രസ്താവനകൾക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം അരങ്ങേറുന്നത്. 

ഒരാളോട് വിശദീകരണം ചോദിക്കാതെ ഇത്തരണം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഫഹദ് മാത്രമല്ല ‘അമ്മ’ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും നിവിനും ദുൽക്കറും പൃഥ്വിയും ഉൾപ്പടെയുള്ള യുവതാരങ്ങൾ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ യോഗത്തിൽ വരാത്തവരെ നിർബന്ധിച്ചു കൊണ്ടു വരുന്നതെന്തിനാണെന്നും വരാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് വരാതിരിക്കാനുള്ള സ്വാതന്ത്ര്യമെന്നും ഫഹദിനെ അനുകൂലിക്കുന്നവർ പറയുന്നു. ഫഹദ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണെന്നും അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും ഇക്കൂട്ടർ കൂട്ടിച്ചേർക്കുന്നു. 

പ്രതിഷേധത്തിനിടയാക്കിയ അനൂപിന്റെ പ്രസ്താവന ഇപ്രകാരമായിരുന്നു. 

‘അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റെയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷായി പോകുകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. 

ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ്. എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബൻ. നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയാറാകാറുണ്ട്. 

ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവർത്തനമാണ് അദ്ദേഹം കാഴ്ച വയ്ക്കാറുള്ളത്. പൃഥ്വിരാജിനെപ്പോലുള്ളവർ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവർക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവർക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല.’ ആനൂപ് കൂട്ടിച്ചേർത്തു.’ 

English Summary:

Social Media Erupts After Anoop Chandran's Harsh Criticism of Fahadh Fazil's Absenteeism at 'Amma' Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com