ADVERTISEMENT

സൂപ്പർതാരങ്ങളുടെ മക്കളുടെ സിനിമയ്ക്കു ലഭിക്കുന്ന ഓപ്പണിങ്, സുരേഷ് ഗോപിയുടെ മകനായിട്ടും എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകി ഗോകുൽ സുരേഷ്. ആ വിഷയം സംസാരിച്ചാൽ, രാഷ്ട്രീയമടക്കം പല കാര്യങ്ങളും വരുമെന്നും ദുൽഖറും പ്രണവും അത് എളുപ്പം സാധിച്ചെടുത്തതല്ലെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി. ഗഗനചാരിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗോകുലിന്റെ ഈ തുറന്നു പറച്ചിൽ.  

മലയാളത്തിലെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. അവരുടെ മക്കൾ സിനിമയിൽ വരുമ്പോൾ ആ ചിത്രങ്ങൾക്കു ലഭിക്കുന്ന വലിയ ഓപണിങ് നിർഭാഗ്യവശാൽ ഗോകുലിന് ലഭിക്കുന്നില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ആയാണ് ഗോകുൽ സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. 

gokul-suresh-solo

"ദുല്‍ഖറും പ്രണവും അത് എളുപ്പം സാധിച്ചെടുത്തതാണെന്ന് എനിക്ക് പറയാനാവില്ല. അവരുടെ കഥ എനിക്ക് അറിയില്ല. ഡിക്യു ഇക്കയെ സംബന്ധിച്ച് നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അതു യാഥാർഥ്യമാക്കാനും അദ്ദേഹത്തിന് ഇപ്പോഴുള്ള താരമൂല്യം നേടിയെടുക്കാനും എത്രത്തോളം പരിശ്രമിക്കേണ്ടി വന്നുവെന്ന് നമുക്ക് അറിയില്ല. അതിനെ ജഡ്ജ് ചെയ്യാനോ അതിനെക്കുറിച്ച് സംസാരിക്കാനോ നമുക്ക് കഴിയില്ല. കാരണം, അദ്ദേഹത്തിന്റെ അനുഭവം നമുക്ക് അറിയില്ല. അദ്ദേഹം വ്യക്തിപരമായി ചിലതൊക്കെ പറഞ്ഞിട്ടുള്ളത് എനിക്ക് അറിയാം. എത്രത്തോളം കഷ്ടപ്പാടുകളിലൂടെയാണ് അദ്ദേഹം കടന്നു പോയിട്ടുള്ളതെന്ന് അങ്ങനെ കുറച്ചെങ്കിലും ഞാൻ മനസിലാക്കിയിട്ടുണ്ട്. പ്രിവിലജ് ഉള്ള ഒരു വ്യക്തി ആയതുകൊണ്ടു മാത്രം ഒന്നും എളുപ്പമാകുന്നില്ല," ഗോകുൽ പറയുന്നു.  

"അപ്പുച്ചേട്ടനെക്കുറിച്ച് (പ്രണവ് മോഹന്‍ലാല്‍) നമ്മള്‍ കേട്ടിരിക്കുന്നത് അദ്ദേഹത്തിന് സിനിമയില്‍ നില്‍ക്കാന്‍ വലിയ താല്‍പര്യം ഇല്ലാത്ത ആളെന്നാണ്. പക്ഷേ അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കുന്നു. അവസരം ലഭിക്കാത്തവര്‍ അദ്ദേഹത്തെ ഭാഗ്യവാന്‍ എന്നായിരിക്കാം കരുതുക. പക്ഷേ, സ്വയം അധികം വെളിപ്പെടുത്താൻ താല്‍പര്യമില്ലാത്ത ഒരാള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുമ്പോള്‍ അത് ഭാഗ്യമായി അയാള്‍ കരുതില്ല. അതാണ് നാം കാണുന്ന വൈരുദ്ധ്യം", ഗോകുൽ വ്യക്തമാക്കി. 

suresh-gopi-gokul

"നിങ്ങള്‍ക്ക് എന്താണോ ഉള്ളത് അതില്‍ തൃപ്തിപ്പെടുകയും കൂടുതല്‍ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. സൃഷ്ടിക്കുന്ന ഉള്ളടക്കത്തോട് നിങ്ങള്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍ അത് നിങ്ങളെ പലയിടങ്ങളിലും എത്തിക്കും. അത് ചിലപ്പോള്‍ പതുക്കെയാവും സംഭവിക്കുക. പതിയെ പോകുന്നതിൽ പ്രശ്നമില്ലാത്ത ആളാണ് ഞാന്‍. ഞാന്‍ എത്തണമെന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഉയരങ്ങളിലേക്ക് എത്താനായില്ലെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല," ഗോകുൽ പറഞ്ഞു. 

English Summary:

Gokul Suresh on Nepotism: The Truth About Dulquer and Pranav's Journey in Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com