അശ്വിന്റെ വീട്ടിലേക്ക് കുടുംബ സമേതം കൃഷ്ണകുമാർ; താംബൂലവും ക്ഷണക്കത്തും കൈമാറി

Mail This Article
ദിയ കൃഷ്ണയുടെ പ്രതിശ്രുത വരൻ അശ്വിൻ ഗണേഷിന്റെ വീട്ടിലെത്തി താംബൂലവും ക്ഷണക്കത്തും കൈമാറി കൃഷ്ണകുമാറിന്റെ കുടുംബം. അശ്വിന്റെ വീട്ടിലേക്ക് അഹാന കൃഷ്ണയും എത്തിയിരുന്നു. അശ്വിന്റെ കുടുംബം ദിയയുടെ വീട്ടിൽ പെണ്ണുകാണലിനു എത്തിയപ്പോൾ ചടങ്ങിൽ അഹാന പങ്കെടുത്തില്ലെന്നും അശ്വിന്റെ കുടുംബത്തെ വേണ്ടവിധത്തിൽ സ്വീകരിച്ചില്ല എന്നുമൊക്കെയുള്ള വിവാദങ്ങൾ സജീവമായിരുന്നു. എല്ലാറ്റിനുമുള്ള മറുപടി എന്ന നിലയിലാണ് ഇരുകുടുംബങ്ങളും ഒന്നിച്ച് വിവാഹത്തിനു മുന്നോടിയായ ചടങ്ങുകളുമായി മുന്നോട്ടു പോകുന്ന വിഡിയോ ദിയ കൃഷ്ണ പങ്കുവച്ചിരിക്കുന്നത്.
കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് ഇപ്പോൾ താംബൂല കൈമാറ്റം നടത്തിയതെന്ന് ദിയ വിഡിയോയിൽ പറഞ്ഞു. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേക്ക് എത്തിയത്. അച്ഛനും അമ്മയും സഹോദരിമാരും എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ദിയ അശ്വിന്റെ വീട്ടിലെത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വീട്ടിൽ തന്നെ ഉണ്ടായ റംബൂട്ടാനും ഡ്രാഗൺ ഫ്രൂട്ടും എല്ലാം അടങ്ങിയ പഴക്കൂടകളും മധുര പലഹാരങ്ങളുമെല്ലാമായാണ് കൃഷ്ണ കുമാറും കുടുംബവും എത്തിയത്. ദ് ബിഗ് മീറ്റ് അപ്പ് എന്ന തലക്കെട്ടോടെയാണ് വിഡിയോ ദിയ പങ്കിട്ടത്. ഇനി ദിയയുടെ വിവാഹം അടുക്കുമ്പോൾ മാത്രമാണ് കൃഷ്ണകുമാർ വിദേശത്ത് നിന്നും വരിക. അതിനാലാണ് മാതാപിതാക്കളുടെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്ത ഇത്തരം ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കിയത് എന്ന് ദിയ പറയുന്നു.
അഹാന കൂടി ചടങ്ങിൽ പങ്കെടുത്തത് ആനന്ദം പകരുന്ന കാഴ്ചയായി എന്നാണ് കമന്റുകൾ. അന്ന് അശ്വിന്റെ കുടുംബം വന്നപ്പോൾ അഹാനയുടെ കുറവ് ശരിക്കും ഉണ്ടായിരുന്നു. മറ്റുള്ളവരെക്കാൾ കുറച്ച് കൂടി ആൾക്കരോട് സംസാരിക്കുന്നത് അഹാനയാണ്, എന്ത് നല്ല പെരുമാറ്റമാണ് അഹാനയുടേത് എന്നൊക്കെ പോകുന്നു വിഡിയോയ്ക്കു വരുന്ന കമന്റുകൾ.
വരുന്ന സെപ്റ്റംബറിലാണ് ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള വിഡിയോകളാണ് ദിയ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം താലി പൂജിക്കാൻ വരനായ അശ്വിന്റെ കുടുംബത്തോടൊപ്പം അവരുടെ കുടുംബക്ഷേത്രത്തിൽ പോയതിന്റെ വിഡിയോ പങ്കിട്ട് ദിയ എത്തിയിരുന്നു.