തീരുമാനം എന്തുകൊണ്ടു വൈകുന്നു? മുല്ലപ്പെരിയാർ ഡീ കമ്മിഷൻ ചെയ്യണമെന്ന ആവശ്യവുമായി മേതിൽ ദേവിക

Mail This Article
മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിയും നർത്തകിയുമായ മേതിൽ ദേവിക. 'ഒരുമിച്ചു നിൽക്കാം, ഒരുമിച്ചു ജീവിക്കാം' എന്ന അടിക്കുറിപ്പോടെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ മേതിൽ ദേവിക സ്വന്തം നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ പോലുള്ള നിർണായക വിഷയങ്ങളിൽ ജനങ്ങളും ശാസ്ത്ര സമൂഹവും രാഷ്ട്രീയ നേതൃത്വവും ഇൻഫ്ലുവൻസേഴ്സും സെലിബ്രിറ്റികളും ഒരുമിച്ചു നിന്ന് നാടിന്റെ രക്ഷയ്ക്കായുള്ള ഏറ്റവും നല്ല തീരുമാനം എടുക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്ന് മേതിൽ ദേവിക ആവശ്യപ്പെട്ടു.
മേതിൽ ദേവികയുടെ വാക്കുകൾ: മാനുഷിക ഇടപെടലിലൂടെ ഒഴിവാക്കാൻ കഴിയുന്ന വലിയൊരു ദുരന്തം ഒഴിവാക്കാൻ അധികാരത്തിലുള്ളവർ അവരുടെ രാഷ്ട്രീലക്ഷ്യങ്ങൾ മാറ്റി വച്ച് മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുകയാണ്. വിശ്വസീനയമായ റിപ്പോർട്ടുകൾ പറയുന്നത് മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നും അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നുമാണ്. ഇത്രയും ഗൗരവമുള്ള വിഷയം പല കാരണങ്ങളാൽ നീട്ടിവച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതുപോലെയുള്ള നിർണായക വിഷയങ്ങളിൽ ജനങ്ങളും ശാസ്ത്ര സമൂഹവും രാഷ്ട്രീയ നേതൃത്വവും ഇൻഫ്ലുവൻസേഴ്സും സെലിബ്രിറ്റികളും ഒരുമിച്ചു നിന്ന് നാടിന്റെ രക്ഷയ്ക്കായുള്ള ഏറ്റവും നല്ല തീരുമാനം എടുക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തണം. അതൊരു തുരങ്കം നിർമിക്കുന്ന വിഷയമാകട്ടെ, ഡാം ഡീ കമ്മിഷൻ ചെയ്യുന്നതാവട്ടെ! എത്രയും വേഗത്തിൽ ഈ വിഷയത്തിന് പരിഹാരം കണ്ടെത്താൻ അഭ്യർത്ഥിക്കുന്നു.
മേതിൽ ദേവികയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധവും ക്യാംപയിനും പോരാ, തെരുവിലിറങ്ങി പ്രതിഷേധം അറിയിക്കണമെന്നാണ് കമന്റുകൾ.