ജയറാമിന്റെ മകളുടെ കല്യാണത്തിന് പോയില്ലെന്നത് സത്യം: തുറന്നു പറഞ്ഞ് രാജസേനൻ
Mail This Article
ജയറാമിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ കാരണം െവളിപ്പെടുത്തി സംവിധായകൻ രാജസേനൻ. ചെറുപ്പം മുതലെ അറിയാവുന്ന മക്കളായിരുന്നു കാളിദാസും മാളവികയെന്നും ചില സൗന്ദര്യ പിണക്കങ്ങൾ തങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുണ്ടെന്നും രാജസേനൻ തുറന്നു പറയുന്നു. ഈ അടുത്ത് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്.
അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി. നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ. പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്.”–രാജസേനന്റെ വാക്കുകൾ.
ഇതിനു മുമ്പും ജയാറുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രാജസേനൻ തുറന്നു പറഞ്ഞിട്ടുണ്ട്.
‘‘ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദം രൂപപ്പെട്ടു. കടിഞ്ഞൂല്‍ കല്യാണമായിരുന്നു ഞങ്ങൾ ഒരുമിച്ച ആദ്യ ചിത്രം. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. എന്നിട്ടും കടിഞ്ഞൂല്‍ കല്യാണം അന്ന് ഹിറ്റായിരുന്നു. അതിന് പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ഹിറ്റുമായി. അതോടെയാണ് തുര്‍ന്നും ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുന്നത്.
ഒരു ടീം വര്‍ക്കൗട്ടായാല്‍ പിന്നെ നമ്മള്‍ അതില്‍ പിന്ന് പുറത്ത്‌പോകാന്‍ ആഗ്രഹിക്കില്ല. ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. അതിനും അപ്പുറത്ത് പരസ്പരം വളരെ സ്‌നേഹമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ പരസ്പരം പ്രാണനെ പോലെ സ്നേഹിച്ച രണ്ട് സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ഇപ്പോൾ അങ്ങനെ അല്ല. സുഹൃത്ത് ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ആ ബന്ധം പോയി അത് അങ്ങ് അകന്നുപോയി.
വഴക്ക് കൂടാതെ പരസ്പരം എന്തെങ്കിലും പറഞ്ഞ് പരത്താതെ പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളാണ് ഞങ്ങൾ രണ്ടാളും. വഴക്ക് ഇട്ടിരുന്നുവെങ്കിൽ അത് പറഞ്ഞ് തീർക്കാമായിരുന്നു. വഴക്ക് ഇല്ല. പക്ഷേ പരസ്പരം മിണ്ടില്ല. ഓർക്കാൻ സുഖമുള്ള പന്ത്രണ്ട് വർഷം. വല്ലാത്ത ഒരു സ്നേഹമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്.’’–രാജസേനന്റെ വാക്കുകൾ.
മലയാളത്തിൽ ഒരു കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടാണ് ജയറാം- രാജസേനൻ കോമ്പോ. കടിഞ്ഞൂൽ കല്ല്യാണം, അയലത്തെ അദ്ദേഹം, മേലെപറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, ഞങ്ങൾ സന്തുഷ്ടരാണ്, മധുചന്ദ്ര ലേഖ തുടങ്ങീ പതിനാറ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.