ADVERTISEMENT

ആടുജീവിതം എന്ന തന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ബ്ലെസ്സി എന്ന സംവിധായകന്റെ നീണ്ട പതിനാറു വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ. ഒരു നോവലിസ്റ്റ് എന്നതിലുപരി സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമായിരുന്നു . പുരസ്‌കാരങ്ങൾക്ക് വേണ്ടിയല്ല ബ്ലെസ്സി സിനിമ ചെയ്തതെന്നും ചിത്രീകരണ സമയത്ത് കഠിന പരീക്ഷണങ്ങളെ നേരിടുക എന്നത് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നതെന്നും ബെന്യാമിൻ പറയുന്നു.  ആടുജീവിതം ഒൻപത് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയെങ്കിലും ചിത്രത്തിന്റെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ വിഷമമുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.   

"ആടുജീവിതം എന്ന എന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സാർ സംവിധാനം ചെയ്ത സിനിമ ഇത്രയധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയതിൽ വളരെ വളരെ സന്തോഷമുണ്ട്.  എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു കവിയുകയാണ്.  ബ്ലെസ്സി എന്ന സംവിധായകൻ ആ സിനിമയ്ക്ക് പിന്നാലെ ഇത്രയധികം വർഷങ്ങൾ നടന്നലഞ്ഞ സംഭവങ്ങൾ ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലുണ്ട്.  നീണ്ട 16 വര്ഷക്കാലമാണ് അദ്ദേഹം ആ സിനിമക്ക് വേണ്ടി ഉഴിഞ്ഞു വച്ചത് .  അതിനു ജനങ്ങൾ തീയറ്ററിൽ വലിയ അംഗീകാരം നൽകി, തുടർന്ന് ഇപ്പോൾ പുരസ്‌കാര ജൂറിയും അത്തരത്തിൽ അംഗീകരിച്ചിരിക്കുന്നു എന്ന് കേൾക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.  സിനിമയിലെ മുഴുവൻ പ്രവർത്തകരുടെയും അഭിനയേതാക്കളുടെയും ആഹ്ലാദത്തിനൊപ്പം ഞാൻ പങ്കുചേരുകയാണ്.  ഇങ്ങനെ ഒരു പ്രതീക്ഷയോടെ ഒന്നുമല്ല ആ സിനിമ ബ്ലെസ്സി ചെയ്തത്.  അത് ചെയ്യുന്ന സമയത്ത് ആ കഠിന പരീക്ഷണങ്ങളെ അതിജീവിക്കുക എന്നതായിരുന്നു എല്ലാവരുടെയും മനസ്സിൽ.  ഒരു വലിയ കൂട്ടായ്മയുടെ വിജയമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത് കാരണം ബ്ലെസ്സി സാർ അത്തരത്തിലാണ് അതിനെ സമീപിച്ചത്.  ഓരോ നിമിഷവും പരസ്പരം അഭിപ്രായങ്ങൾ ചോദിച്ചും പറഞ്ഞും പരസ്പരം പങ്കുവച്ചുമൊക്കെയാണ് മുന്നോട്ട് പോയിട്ടുള്ളത്.  അപ്പൊ സ്വാഭാവികമായി അതിന് ഫലം കിട്ടുമ്പോൾ അതിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്.  സാധാരണ കഥകൾ കൊടുത്ത് എഴുത്തുകാരൻ  മാറിനിൽക്കുകയോ മാറ്റി നിർത്തപ്പെടുകയോ ആണ് സംഭവിക്കുക.  അതിൽ നിന്ന് വ്യത്യസ്തമായി ആടുജീവിതത്തിന്റെ ചിത്രകാരണത്തോടൊപ്പം ഉണ്ടാവുകയും തിരക്കഥാ ചർച്ചയുടെ ഭാഗമാവുകയും നിരന്തരം കൊടുക്കൽ വാങ്ങലുകൾ ഉണ്ടാവുകയും പൃഥ്വിരാജിനെപോലെ ഒരു വലിയ നടൻ വന്നു നമ്മളോട് അഭിപ്രായങ്ങൾ ചോദിക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.  ആ ക്രൂവിൽ ഉണ്ടായിരുന്ന എല്ലാവരും ഇത് ഞങ്ങളുടെ സിനിമയാണ് എന്ന ബോധ്യത്തോടെ ചെയ്‌തതിന്റെ ഫലമാണ് ഒൻപതിൽ അധികം അവാർഡുകൾ ഇത് നേടിയത് എന്ന് ഞാൻ കരുതുന്നു.

ആടുജീവിതത്തിലെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ എനിക്കും ദുഃഖമുണ്ട്.  എ ആർ റഹ്‌മാന്റെ മനോഹരമായ സംഗീതം, റഫീഖ് അഹമ്മദിന്റെ മനോഹരമായ വരികൾ എന്നിവയെല്ലാം പരിഗണിക്കാൻ ഉണ്ടായിരുന്നു.  പക്ഷെ ജൂറിയുടെ അന്തിമ തീരുമാനം ഇതാണ് അതിനെ ചോദ്യം ചെയ്യാൻ പാടില്ല.  ഞാനും ജൂറിയാണ് പ്രവർത്തിച്ചിട്ടുള്ള ആളാണ്.  ജൂറി എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നു എനിക്ക് കൃത്യമായ ധാരണയുണ്ട്.  വലിയ ചർച്ചകൾ നടത്തിയിട്ടായിരിക്കും അത്തരമൊരു തീരുമാനം അവർ എടുത്തത്.  ആടുജീവിതത്തിന്റെ ഒരു ഭാഗം എന്ന നിലയിൽ സംഗീതത്തിന് പുരസ്‌കാരം ലഭിക്കാതെ പോയതിൽ വിഷമമുണ്ട്."  ബെന്യാമിൻ പറഞ്ഞു.

English Summary:

Aadu Jeevitham's Success is a Victory for Collective Effort": Benyamin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com