അംബാനും രങ്കണ്ണനും ‘വർഷങ്ങൾക്കുശേഷം’ കണ്ടുമുട്ടി; ചിത്രം വൈറൽ
Mail This Article
രങ്കണ്ണനും അംബാനുമൊപ്പമുള്ള ധ്യാൻ ശ്രീനിവാസന്റെയും അജു വർഗീസിന്റെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ൈവറൽ. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയിലാണ് രങ്കണ്ണനായി ഫഹദും അംബാനായി സജിൻ ഗോപുവും എത്തിയത്.
പെർഫോമൻസിനായി വേദിയിൽ കയറും മുൻപ് ഡയലോഗുകൾ ഒന്നുകൂടി ഹൃദ്യസ്ഥമാക്കുന്ന ഇവരുടെ ചിത്രങ്ങൾ അജു വർഗീസ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘‘വർഷങ്ങൾക്ക് ശേഷം ആവേശത്തോടെ ഒരു സ്റ്റേജ് അനുഭവം,’’ എന്നാണ് ചിത്രത്തിനു അജു നൽകിയ അടിക്കുറിപ്പ്.
മലയാള സിനിമയുടെ അഭിമാനതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയാണ് അമ്മ- മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്ക് തുടക്കമായത്. താരരാജാക്കന്മാർ ഒന്നിച്ച പുരസ്കാര രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി മലയാളികളുടെ പ്രിയതാരങ്ങൾ വേദിയിൽ നിറഞ്ഞപ്പോൾ കാണികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതിഗംഭീര ദൃശ്യവിരുന്നായി പുരസ്കാര രാവ്.
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ എക്കാലവും രസിപ്പിച്ച നടൻ ജഗതി ശ്രീകുമാറിന് അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നു സമ്മാനിച്ചു.