സ്വപ്നം യാഥാര്‍ഥ്യമായി: നവ്യ നവേലി ഇനി ഐഐഎം വിദ്യാർഥി
Mail This Article
ജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) പ്രവേശനം ലഭിച്ച സന്തോഷവാർത്തയാണ് ഇൻസ്റ്റഗ്രാമിലൂടെയാണ് നവ്യ അറിയിച്ചത്.
‘‘സ്വപ്‌നം യാഥാർഥ്യമായിരിക്കുന്നു. ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും മികച്ച അധ്യാപകര്‍ക്കുമൊപ്പം.’’നവ്യ ഇൻസ്റ്റഗ്രാമിൽ ഫൊട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു.
ഐഐഎമ്മിൽ ബെന്‍ഡെഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമി (ബിപിജിപി) നാണ് നവ്യ പ്രവേശനം നേടിയത്. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പരിശീലനം നല്‍കിയ പ്രസാദ് എന്ന അധ്യാപകനോട് ഒരുപാട് നന്ദിയുണ്ടെന്നും നവ്യ പറഞ്ഞിട്ടുണ്ട്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിന്റെയും ചിത്രം നവ്യ ഷെയർ ചെയ്തിട്ടുണ്ട്.
ഈ വർഷം ആദ്യമാണ് ഐഐഎമ്മില്‍ ബ്ലെൻഡഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. ക്യാംപസ് സെഷനുകളും ലൈവ് ഇന്‍ററാക്ടീവ് ഓൺലൈൻ ക്ലാസുകളും സമന്വയിപ്പിക്കുന്ന ഒരു ഹൈബ്രിഡ് കോഴ്സാണ്. കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള പ്രഫഷനലുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പ്രോഗ്രാം, ജോലി ചെയ്യുന്ന വ്യക്തികളെയും സംരംഭകരെയും അവരുടെ പ്രഫഷവൽ ഉത്തരവാദിത്തങ്ങളും അക്കാദമിക് ജോലികളും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് ഐഐഎം പറയുന്നത്.
അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകള്‍ ശ്വേത ബച്ചന്റെ മകളാണ് നവ്യ. ബിസിനസുകാരനായ നിഖില്‍ നന്ദയാണ് പിതാവ്. അഭിനയത്തിലും മോഡലിങ്ങിലും നവ്യയ്ക്ക് താൽപര്യമുണ്ട്. 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ഷോയും നവ്യ അവതരിപ്പിക്കുന്നുണ്ട്. ഈ പോഡ്കാസ്റ്റിൽ സാമൂഹിക പ്രസക്തിയുള്ള പല വിഷയങ്ങളെക്കുറിച്ചും നവ്യ സംസാരിക്കാറുണ്ട്. ജയ ബച്ചനും ശ്വേത ബച്ചനും ഈ പോഡ്കാസ്റ്റിൽ അതിഥികളായി എത്തിയിട്ടുണ്ട്.