17–ാം വയസ്സിൽ ദേശീയ പുരസ്‌കാരം, 18 തികയും മുമ്പ് ആത്മഹത്യ; ശോഭയുടെ അകാലമരണത്തിന് പിന്നിൽ
Mail This Article
കാഴ്ചയില്‍ ഒരു പനിനീര്‍പ്പൂവിന്റെ സ്‌നിഗ്ധതയുളള മുഖം. പതിനെട്ടാം വയസ്സില്‍ അന്തരിച്ച നടി ശോഭയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ചിത്രമിതാണ്. ഇന്നത്തെ തലമുറ ശോഭയെ എത്രത്തോളം അറിയുമെന്ന് ഉറപ്പില്ല. ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി, ഓര്‍മകള്‍ മരിക്കുമോ? (എല്ലാം യൂട്യൂബില്‍ ലഭ്യമാണ്) എന്നിവയായിരുന്നു അക്കാലത്ത് ശോഭയുടെ ഹിറ്റ് സിനിമകള്‍. തമിഴില്‍ ചരിത്രം സൃഷ്ടിച്ച 'പസി' അടക്കം എത്രയോ പടങ്ങള്‍. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും 'പസി'യിലൂടെ ശോഭയ്ക്ക് ലഭിച്ചു. നടി പ്രേമയുടെ മകളായിരുന്നു ശോഭ. കഴിവുണ്ടായിട്ടും വിചാരിച്ചത്ര ഉയരങ്ങളിലെത്താന്‍ കഴിയാതെ പോയ പ്രേമ തന്റെ സ്വപ്നങ്ങള്‍ ശോഭയിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കേവലം 17-ാം വയസ്സില്‍ അവിചാരിതമായി മരണം ശോഭയെ കീഴടക്കുന്നത്. ശോഭയുടേത് ഒരു സ്വാഭാവിക മരണമായാണ് അറിയപ്പെടുന്നതെങ്കിലും അതും ഒരു കൊലപാതകമായിരുന്നില്ലേയെന്ന് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വാദിക്കുന്നവരുണ്ട്.
ശോഭയുടെ ജീവിതം മുന്‍നിര്‍ത്തി കെ.ജി.ജോര്‍ജ് ഒരുക്കിയ 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' ആ ജീവിതയാത്രയുടെ ഗതിവിഗതികള്‍ ഏറെക്കുറെ കൃത്യമായി പ്രതിപാദിക്കുന്നതായിരുന്നു. എന്നാല്‍ ശോഭയുടെ ജീവിതം തകര്‍ത്തതില്‍ നിര്‍ണായക പങ്കുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ബാലു മഹേന്ദ്രയെ വെളളപൂശാന്‍ ശ്രമിച്ചു എന്നതാണ് ആ സിനിയെക്കുറിച്ച് ഉയര്‍ന്ന ഏകവിമര്‍ശനം. അതേസമയം, ഒരു സിനിമ എന്ന നിലയില്‍ ഉദാത്തമായ തലത്തില്‍ വിരാജിച്ച ഒന്നായിരുന്നു 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്'. ഒരു മുഴുജീവിതം സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്ന ബയോപിക്കുകളില്‍ മികച്ചതെന്ന് പറയാവുന്ന ആ സിനിമ മികച്ച തിരക്കഥാരചനയുടെ എക്കാലത്തെയും വലിയ മാതൃകകളില്‍ ഒന്നാണെന്ന് പറഞ്ഞത് സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായരാണ്. ജോര്‍ജ് പറഞ്ഞതും പറയാത്തതിനുമപ്പുറം ശോഭയുടെ ജീവിതത്തിലെ ചില യാഥാർഥ്യങ്ങളുണ്ട്. അതിന്റെ ഗതിവിഗതികളിലൂടെ ഒന്നു സഞ്ചരിച്ചു നോക്കാം.
ശോഭയുടെ സൂപ്പര്‍ഹിറ്റ് ജീവിതം
സിനിമയില്‍ എന്തെങ്കിലും ആവണമെന്ന ദൃഢ നിശ്ചയത്തോടെ ഇറങ്ങി പുറപ്പെട്ട പ്രേമ എന്ന പെണ്‍കുട്ടിക്ക് ചില ചെറുവേഷങ്ങളില്‍ ഒതുങ്ങാനായിരുന്നു വിധി. സ്വപ്നങ്ങളും യാഥാര്‍ഥ്യവും തമ്മിലുളള അകലം ഏറെയാണെന്ന തിരിച്ചറിവില്‍ അവര്‍ തത്കാലം സിനിമ വിട്ട് വിവാഹിതയായി. കെ.പി.മേനോന്‍ എന്നയാളായിരുന്നു വരന്‍. ആ ദാമ്പത്യത്തില്‍ 1962 സെപ്റ്റംബർ 23ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവള്‍ക്ക് അവരിട്ട പേര് മഹാലക്ഷ്മി മേനോന്‍ എന്നായിരുന്നു. മകളിലൂടെ സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍ കാത്തിരുന്ന പ്രേമ ബാല്യത്തില്‍ തന്നെ അവളെ സിനിമയുടെ ലോകത്ത് പിച്ച വയ്പിച്ചു. കേവലം നാലാം വയസ്സില്‍ 'തട്ടുങ്കള്‍ തിറക്കപ്പെടും' എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി ബേബി മഹാലക്ഷ്മി എന്ന പേരില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നു. 'ഉദ്യോഗസ്ഥ' എന്ന മലയാള പടത്തിലും ബാലതാരമായി അഭിനയിച്ചു.
മകളെ നടിയാക്കുന്നതില്‍ പിതാവിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. പ്രേമയ്ക്കാവട്ടെ അവള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിനേത്രികളില്‍ ഒരാളാക്കിയേ തീരൂ. ഇതേച്ചൊല്ലി അച്ഛനും അമ്മയും തമ്മില്‍ നിരന്തരം വഴക്കായി. ഇതെല്ലാം കണ്ടു വളര്‍ന്ന ശോഭയുടെ മനസില്‍ വല്ലാത്ത ഒരു തരം അരക്ഷിതബോധം കൂടുകൂട്ടി. മഹാലക്ഷ്മിക്ക് ആരാണ് ശോഭ എന്ന പേര് നല്‍കിയതെന്ന് ഇന്നും വ്യക്തമല്ല. ആരായാലും തൊടുന്നതെല്ലാം പൊന്നാക്കുന്ന വല്ലാത്ത ഒരു തരം ശോഭയുളള പെണ്‍കുട്ടിയായിരുന്നു അവള്‍. 15-ാം വയസ്സിൽ രാമു കാര്യാട്ടിന്റെ 'ദ്വീപ്' എന്ന സിനിമയില്‍ നടന്‍ ജോസിന്റെ നായികയായാണ് ശോഭയുടെ അരങ്ങേറ്റം. പിന്നീട് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത 'ഓർമകള്‍ മരിക്കുമോ' എന്ന സിനിമയില്‍ കമല്‍ഹാസനും ജയനുമൊപ്പം. എംടിയുടെ തിരക്കഥയില്‍ ജി.എസ്.പണിക്കര്‍ സംവിധാനം ചെയ്ത 'ഏകാകിനി'യിലും ശോഭയായിരുന്നു നായിക.
ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയിലും അഭിനയിച്ചു. അതേ വര്‍ഷം തന്നെ മോഹന്റെ ''രണ്ട് പെണ്‍കുട്ടികളി'ലും നായികയായി. 17-ാം വയസ്സില്‍ 'പസി' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം. ഉര്‍വശി അവാര്‍ഡ് എന്ന വിശേഷണം നിര്‍ത്തലാക്കുന്നതിന് മുന്‍പ് ലഭിച്ച പുരസ്‌കാരമായതിനാല്‍ പിന്നീട് ഉര്‍വശി ശോഭ എന്നു തന്നെ അവര്‍ അറിയപ്പെട്ടു. സ്മിതാ പാട്ടീലിനെയും ശാരദയെയും പോലെ തലമുതിര്‍ന്ന മഹാപ്രതിഭകള്‍ മാത്രം സ്വന്തമാക്കിയ അംഗീകാരമാണ് മധുരപ്പതിനേഴിന്റെ നിറവില്‍ വിരലില്‍ എണ്ണാന്‍ പോലും സിനിമകളുടെ അഭിനയ പരിചയമില്ലാത്ത ശോഭ നേടിയെടുത്തത്. അത്രമേല്‍ കഴിവുറ്റ അഭിനേത്രിയായിരുന്നു ആ പെണ്‍കുട്ടി. പത്മരാജന്റെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്ത 'ശാലിനി എന്റെ കൂട്ടുകാരി'യായിരുന്നു മലയാളത്തില്‍ അടുത്ത ചിത്രം. വന്‍ഹിറ്റായ ആ സിനിമയിലും ശോഭയുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. കെ.ജി.ജോര്‍ജിന്റെ 'ഉള്‍ക്കടല്‍' എന്ന ഹിറ്റ് പടത്തിലും ശോഭ അസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു. വളരെ കുറച്ച് വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടയില്‍ ശോഭ കൈവരിച്ച നേട്ടങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
- 1971ല്‍ മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന അവാര്‍ഡ്.
- 1977ല്‍ മികച്ച സഹനടിക്കുളള കേരള സംസ്ഥാന അവാര്‍ഡ്.
- 1978ല്‍ മികച്ച നടിക്കുളള കേരള സംസ്ഥാന അവാര്‍ഡ്.
- 1979ലും 1980 ലും മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ്
- 1980ല്‍ മികച്ച നടിക്കുളള ദേശീയ അവാര്‍ഡ്
അമ്മ പ്രേമയുടെ വലിയ സ്വപ്നങ്ങളിലേക്ക് അങ്ങനെ മെല്ലെ നടന്നടുക്കുകയായിരുന്നു ശോഭ.
സംവിധായകൻ കാമുകനായപ്പോള്‍
വിവിധ ഭാഷകളിയായി ഹിറ്റ് സിനിമകളും പുരസ്‌കാരപ്പെരുമഴയുമായി കളം നിറഞ്ഞാടുന്നതിനിടയില്‍ 'കോകില' എന്ന തമിഴ് പടത്തിന്റെ സെറ്റില്‍ വച്ച് പരിചയപ്പെട്ട ബാലു മഹേന്ദ്ര എന്ന സംവിധായകന്‍ ശോഭയുമായി അടുപ്പത്തിലായി. മാനസികമായി കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നു പോയ ശോഭയ്ക്ക് ബാലുവിന്റെ സ്‌നേഹവും പരിലാളനകളും അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. ശോഭയെ പരിചയപ്പെടുന്ന സമയത്ത് വിവാഹിതനായിരുന്നു ബാലു. നിഷ്‌കളങ്കയായ ശോഭയ്ക്ക് അതൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. താന്‍ ഒരു പുരുഷനാല്‍ തീവ്രമായി സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ അവളെ വല്ലാത്ത ഒരു തരം സുരക്ഷിത ബോധത്തിലേക്ക് ഉയര്‍ത്തി.
പക്ഷേ പിന്നീട് അയാള്‍ ശോഭയുമായി കൃത്യമായ അകലം പാലിച്ചു തുടങ്ങി. വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് സാരിത്തുമ്പില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ കാരണമെന്നാണ് ശോഭയുടെ മരണം സംബന്ധിച്ച ഔദ്യോഗിക ഭാഷ്യം.
സിനിമ എന്നും വിജയിച്ചു നില്‍ക്കുന്നവന്റെയും സ്വാധീനശക്തിയുളളവന്റെയും സര്‍വോപരി ആണധികാരത്തിന്റെയും ഒപ്പമായതിനാലും മരിച്ചു പോയ ഒരാള്‍ക്കൊപ്പം നിന്നിട്ട് നേടാനൊന്നുമില്ലാത്തതിനാലും നേട്ടങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന സിനിമാ സമൂഹം ശോഭയുടെ മരണത്തിന് പിന്നാലെ സഞ്ചരിച്ചില്ല. തന്റെ മകളെ കൊന്നതാണെന്ന പരിദേവനവുമായി ഏറെക്കാലം നിലവിളിച്ചു നടന്ന പ്രേമ ഒടുവില്‍ മാനസിക സംഘര്‍ഷം സഹിക്കാനാവാതെ ജീവനൊടുക്കി. ഇതാണ് ശോഭയുടെ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച് മലയാളികളില്‍ ചിലര്‍ക്കെങ്കിലും അറിയാവുന്ന കഥ. എന്നാല്‍ അറിയപ്പെടാത്ത ചില ഏടുകള്‍ ഈ കഥയ്ക്കു പിന്നിലുളളതായി പറയപ്പെടുന്നു. അത് എന്തൊക്കെയെന്ന് പരിശോധിക്കാം.
ആരാധന പ്രണയമായി
സുന്ദരക്കുട്ടപ്പന്‍മാരായ നായകന്‍മാരും സമ്പന്നരായ ആരാധകരും ശോഭയുടെ ഒരു കടാക്ഷത്തിനായി കാത്തു നില്‍ക്കുമ്പോള്‍ പിതാവിന്റെ പ്രായമുളള ബാലുവിനോട് എങ്ങനെ ശോഭയ്ക്ക് പ്രണയം തോന്നി. അന്ന് പലരെയും കുഴപ്പിക്കുന്ന ചോദ്യമായിരുന്നു അത്. രണ്ട് കാരണങ്ങളാണ് പ്രധാനമായും അതിന് പിന്നില്‍. പണത്തിനും പ്രശസ്തിക്കും ആഡംബര ജീവിത്തിനുമായി മകളെ കരുവാക്കുന്ന അമ്മ ഒരു വശത്ത്. ശോഭയുടെ യൗവനത്തിന്റെ ഗുണഫലങ്ങള്‍ മോഹിക്കുന്ന സിനിമയിലെ ചെന്നായ്ക്കള്‍ മറുവശത്ത്. ഇതിനിടയില്‍ അവളിലെ അവളെ സ്‌നേഹിക്കാന്‍ ഒരാള്‍ എന്നത് ശോഭയുടെ ഒരു അനിവാര്യതയായിരുന്നു. അടുത്തു കൂടുന്നവരുടെയെല്ലാം ലക്ഷ്യം തന്റെ ശരീരം മാത്രമായിരുന്നെന്നും അതിനപ്പുറം തന്റെ മനസ്സിലെ മുറിവുകള്‍ ഉണക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അവള്‍ക്ക് തോന്നി. എന്നാല്‍ ബാലു അവളുടെ മനസറിഞ്ഞ് ഇടപഴകി. കരുതലും പരിഗണനയും നല്‍കി ഒരേ സമയം ഗുരുവും സുഹൃത്തും കാമുകനും ഭര്‍ത്താവും പിതാവും മാതാവുമെല്ലാമായി മാറി ബാലു.
അത്രമേല്‍ വലിയ തണല്‍ അവള്‍ക്ക് മറ്റാരിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നായികമാര്‍ മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്ന ശാഠ്യക്കാരനായിരുന്നു ബാലു. അതേ സമയം മറ്റൊരു ഛായാഗ്രഹകനും സാധിക്കാത്ത വിധം അവരുടെ രൂപഭംഗി ക്യാമറയില്‍ പകര്‍ത്താനുളള സവിശേഷ ചാതുര്യവും ബാലുവിനുണ്ടായിരുന്നു. മൂന്നാംപിറയില്‍ ശ്രീദേവിക്കും മറ്റും തനത് ഭംഗിക്കപ്പുറം ഒരു സവിശേഷ ഭംഗി പകര്‍ന്ന മാജിക്ക് ബാലുവിന്റെ പ്രത്യേകതയായിരുന്നു.
തന്നില്‍ താന്‍ പോലും കാണാത്ത ഭംഗി ബാലു കണ്ടെത്തിയപ്പോള്‍ ആ ഫ്രെയിമുകള്‍ ഒരുക്കിയ മനസിനെ അവള്‍ അറിയാതെ സ്‌നേഹിച്ചു തുടങ്ങി. ലോലകൗതുകങ്ങളില്‍ അഭിരമിക്കുന്ന ഒരു കൗമാരക്കാരിയുടെ മനസില്‍ പ്രണയത്തിന്റെ വിത്ത് മുളയ്ക്കുന്നു എന്നു കണ്ട് ബാലുവും അതിനെ പ്രോത്സാഹിപ്പിച്ചു.
പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്ന, സിനിമയില്‍ എല്ലാവരും ആദരിക്കുന്ന ബാലുവിനോട് അവള്‍ക്ക് ആരാധന കൂടിയുണ്ടായിരുന്നു. പ്രണയത്തേക്കാള്‍ ശോഭ അയാളില്‍ നിന്ന് ആഗ്രഹിച്ചത് ഒരു തരം വാത്സല്യമായിരുന്നു എന്നും പറയപ്പെടുന്നു. അമ്മയുമായി വഴക്കിട്ട് പിണങ്ങിയകന്ന പിതാവിന്റെ അഭാവത്തില്‍ പിതൃതുല്യമായ സ്‌നേഹം കൂടി ശോഭ അയാളില്‍ കണ്ടെത്തിയിരിക്കാം. ആ സ്‌നേഹം നഷ്ടമാകാതിരിക്കാന്‍ അവള്‍ അയാളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കീഴ്‌പ്പെട്ടു. അവളെ തന്നെ സമര്‍പ്പിച്ചു. 23 വയസ്സിന്റെ അന്തരമുണ്ടായിരുന്നു അവര്‍ തമ്മില്‍. നിയമപരമായ പ്രാബല്യമുണ്ടെങ്കിലും ഇല്ലെങ്കിലും ബാലു അവളുടെ കഴുത്തില്‍ താലി കെട്ടിയെന്നും അവര്‍ വിവാഹിതരായി ജീവിച്ചുവെന്നുമാണ് പറയപ്പെടുന്നത്.
തകരാൻ തുടങ്ങുന്ന ശോഭ
വിവാഹശേഷം ബാലു ആദ്യ ഭാര്യയുമായി കൂടിക്കാഴ്ചകള്‍ നടത്തിയത് ശോഭയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല അതേച്ചൊല്ലി അവര്‍ തമ്മില്‍ നിരന്തരം വഴക്കുകളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ശോഭയുടെ മരണശേഷം അമ്മ പ്രേമ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അയച്ച കത്തില്‍ ഇക്കാര്യങ്ങളെല്ലം സവിസ്തരം രേഖപ്പെടുത്തിയിരുന്നുവെന്നും പറയപ്പെടുന്നു.
ഒരേ സമയം രണ്ട് സ്ത്രീകള്‍ക്കൊപ്പമുളള ദാമ്പത്യത്തെ ശോഭ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് മകനെ കാണാതിരിക്കാനാവില്ലെന്നാണ് ബാലു പറഞ്ഞത് . എന്നാല്‍ ശോഭയ്ക്ക് അത് താങ്ങാനായില്ല. കൂട്ടുകാരികളടക്കം മറ്റാരുമായും ബന്ധമില്ലാതെ ബാലു എന്ന വൃത്തത്തിന് ചുറ്റും കറങ്ങുകയായിരുന്നു ശോഭ. അവള്‍ക്ക് ഭൂമിയും ആകാശവുമെല്ലാം ബാലുവായിരുന്നു. അദ്ദേഹത്തിൽ നിന്നുളള കടുത്ത നിരാകരണം അവളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. വേദനിപ്പിച്ചു. ബാലു തന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്ന് അവള്‍ തീവ്രമായി ആഗ്രഹിച്ചു.
'പസി' എന്ന സിനിമയിലെ അഭിനയത്തിന് ഉര്‍വശി അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കു വയ്ക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ടത് ആകെ തകര്‍ന്ന ശോഭയെയാണ്. കടുത്ത നിര്‍വികാരതയോടെയാണ് അവര്‍ ആ വിവരം കേട്ടത്. 18 തികയും മുന്‍പ് ഇത്രയും സമുന്നതമായ അംഗീകാരം ലഭിച്ചിട്ടും തീരെ സന്തോഷമില്ലാതെ നിന്ന ആ മുഖം ഇന്നും പഴയകാല മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു അത്ഭുതമാണ്. പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിക്ക് പോകാന്‍ അമ്മ പ്രേമയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ആ ചടങ്ങില്‍ പോലും ബാലു അവളുടെ കൂടെ ഡല്‍ഹിക്ക് പോയി.
അവാര്‍ഡ് സ്വീകരിച്ച് ആഴ്ചകള്‍ക്കുളളില്‍ ശോഭ ഒരു ഷിഫോണ്‍ ജോര്‍ജറ്റ് സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ചു. മനുഷ്യരെ തിരിച്ചറിയാന്‍ ശേഷിയില്ലാത്ത ഒരു അപക്വമനസിന് സ്വാഭാവികമായി ഏറ്റുവാങ്ങേണ്ടി വന്ന ദുരന്തമായിരുന്നു ശോഭയുടെ മരണം. രണ്ട് വഴികള്‍ അവര്‍ക്ക് സ്വീകരിക്കാമായിരുന്നു.
ഒന്നുകില്‍ ആത്മാര്‍ത്ഥതയില്ലാത്ത ബന്ധം തിരിച്ചറിഞ്ഞ് അയാളുടെ പ്രണയപ്രലോഭനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാമായിരുന്നു.അല്ലെങ്കില്‍ പ്രണയവഞ്ചന നേരിട്ടപ്പോഴെങ്കിലും അയാളെ ഉപേക്ഷിച്ച്, അയാള്‍ക്ക് മുന്നില്‍ നന്നായി ജീവിച്ച് കാണിക്കാമായിരുന്നു. എന്നാല്‍ കെ.ജി.ജോര്‍ജിന്റെ വേര്‍ഷന്‍ പരിശോധിക്കുമ്പോള്‍ അമ്മയ്‌ക്കൊപ്പമുളള ജീവിതവും ശോഭയെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍. ശോഭയില്‍ നിന്നുളള സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം അവളുടെ ആത്മാഭിമാനത്തിനും മനസിനും അവര്‍ വിലകല്‍പ്പിച്ചിട്ടില്ല എന്നും ജോര്‍ജ് പറയുന്നു.
എന്നാല്‍ ഇത് പൂർണമായും ശരിയല്ലെന്നും ബാലുവിന്റെ സുഹൃത്തായ ജോര്‍ജ് സിനിമയില്‍ ബാലുവിനെ മനഃപൂര്‍വം വെളളപുശുകയായിരുന്നുവെന്നും പ്രേമ ജോര്‍ജിന്റെ സിനിമയില്‍ കാണും പോലെ ഒരമ്മയായിരുന്നില്ലെന്നും വാദിക്കുന്നവരുണ്ട്. അതിന് തെളിവായിരുന്നു ശോഭയുടെ മരണശേഷമുളള പ്രേമയുടെ ജീവിതം. വീട് മുഴുവന്‍ ശോഭയുടെ ഫോട്ടോസ് കൊണ്ടു നിറച്ച് അതിന് മുന്നില്‍ വിളക്കു കൊളുത്തി വച്ച് മനസ് നിറയെ മകളുടെ ഓര്‍മകളുമായി രണ്ട് വര്‍ഷം കൂടി പ്രേമ ജീവിച്ചു. പിന്നെ മകള്‍ മരിച്ച അതേ മാര്‍ഗത്തില്‍ ഒരു സാരിത്തുമ്പില്‍ തൂങ്ങി അവരും അവളുടെ അരികിലേക്ക് യാത്രയായി.
വ്യക്തിപരമായി എന്തൊക്കെ ആക്ഷേപങ്ങള്‍ നേരിട്ടാലും അസാധ്യ ഛായാഗ്രഹകനും സംവിധായകനുമായിരുന്നു ബാലു. അദ്ദേഹം മൂന്ന് പതിറ്റാണ്ട് മുന്‍പ് ചെയ്ത വച്ച പല സിനിമകളും നാളെയുടേതായിരുന്നു. ഇന്നും ഒരു നവസിനിമ കാണുന്ന ആസ്വാദനാനുഭവം പ്രദാനം ചെയ്യുന്ന മികച്ച ചലച്ചിത്രങ്ങള്‍! അതുകൊണ്ട് തന്നെ വ്യക്തിപരമായി വിയോജിക്കുമ്പോഴും ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ ആദരവോടെയല്ലാതെ അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാനാവില്ല.
പതിനെട്ട് തികയാത്ത ഇതിഹാസം
കേവലം നാലാം വയസ്സിൽ മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്ന ശോഭ 14 വര്‍ഷത്തിനുളളില്‍ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി അഭിനയിച്ചു തീര്‍ത്തത് 75 സിനിമകളിലായിരുന്നു. 18 വയസ്സ് തികയുന്നതിന് നാല് മാസം ബാക്കി നില്‍ക്കെ അവര്‍ മരണത്തിന് സ്വയം ബലികൊടുത്തു. എന്നാല്‍ അവരുടെ ഫിലിമോഗ്രഫി പരിശോധിക്കുന്നവര്‍ ശരിക്കും അമ്പരക്കുക തന്നെ ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത ആ കുട്ടി സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടവരില്‍ ഏറിയ പങ്കും സിനിമയിലെ ജീവിക്കുന്ന ഇതിഹാസങ്ങള്‍. 'മുളളും മലരും' എന്ന പടത്തില്‍ രജനീകാന്തായിരുന്നു നായകന്‍. 'അഴിയാത്ത കോലങ്ങളി'ലും 'കോകില'യിലും കമല്‍ഹാസന്‍. ആര് നായകനായാലും അഭിനയമികവില്‍ ശോഭ അവരെയെല്ലാം മറികടക്കും. തോപ്പില്‍ ഭാസി ആദ്യമായി സംവിധാനം ചെയ്ത 'എന്റെ നീലാകാശം' എന്ന പടത്തിലും ശോഭ നായികയായി. കെ.ജി.ജോര്‍ജിന്റെ 'ഉള്‍ക്കടല്‍', പത്മരാജന്റെ രചനയില്‍ 'ശാലിനി എന്റെ കൂട്ടുകാരി', എം.ടിയുടെ രചനയില്‍ 'ഏകാകിനി'! ഇതിഹാസ ചലച്ചിത്രകാരന്മാർക്കൊപ്പം കാമ്പും കഴമ്പുമുളള നിരവധി സിനിമകള്‍. റിട്ടയര്‍മെന്റ് പ്രായമായിട്ടും അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്ന് പരിതപിക്കുന്നവരുടെ നാട്ടില്‍ ശോഭ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രായം വിസ്മയാവഹമാണ്.
- 1971ല്‍ സിന്ദൂരച്ചെപ്പ് എന്ന പടത്തിലെ അഭിനയമികവിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന പുരസ്‌കാരം നേടുമ്പോള്‍ വെറും 9 വയസ്സ്.
- 1977ല്‍ ഓര്‍മ്മകള്‍ മരിക്കുമ്പോള്‍ എന്ന സിനിമയ്ക്കായി മികച്ച സഹനടിക്കുളള സംസ്ഥാന പുരസ്‌കാരം നേടുമ്പോള്‍ വയസ്സ് 15.
- 1978ല്‍ എന്റെ നീലാകാശം എന്ന സിനിമയില്‍ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടുമ്പോള്‍ വയസ്സ് 16.
- 1980 ല്‍ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ വയസ് 18 തികഞ്ഞിട്ടില്ല.
ഇത്ര ചെറുപ്രായത്തിനുളളില്‍ ഇത്രയധികം അംഗീകാരങ്ങള്‍ എങ്ങനെ ശോഭയെ തേടിയെത്തി എന്നതും ചിന്തനീയമാണ്. അലറിക്കൂവി അഭിനയിക്കുന്ന അതിഭാവുകത്വം നിറഞ്ഞ ശൈലിക്കുടമയായിരുന്നു അന്നത്തെ പല നായികമാരും. അന്ന് സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച ശോഭ മിതത്വമാര്‍ന്ന സമീപനത്തിലുടെ ഓരോ കഥാപാത്രങ്ങളും സ്വാഭാവികമാക്കി. ഇന്നും പ്രസക്തമാണ് ശോഭയുടെ അഭിനയ രീതി. ഇത്രയൊക്കെ സിദ്ധികളുണ്ടായിട്ടും ജീവിതം കൈവിട്ടു പോകുന്ന ശോഭയെയാണ് പിന്നീട് ലോകം കണ്ടത്.
എവിടെയാണ് കാലിടറിയത്?
പക്വതയില്ലാത്ത പ്രായത്തിൽ പെട്ടന്നുണ്ടായ ആരാധനയിൽ സംഭവിച്ച വിവാഹം. സിനിമയ്ക്കു പുറത്ത് എന്താണ് യഥാര്‍ഥ ജീവിതമെന്ന് തിരിച്ചറിയാതെ പോയ ശോഭയ്ക്ക് തന്റെ കഥാപാത്രങ്ങളുടെ കരുത്തായിരുന്നില്ല ഉണ്ടായിരുന്നത്.
അമ്മയും അച്ഛനും ജീവിച്ചിരിക്കെ ഏകമകളായ ശോഭ ആത്മാർഥതയില്ലാത്ത ഒരു മനുഷ്യനെയോര്‍ത്ത് എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അമ്മ പ്രേമയും ശാലിനി എന്റെ കൂട്ടുകാരിയില്‍ അടക്കം സഹപ്രവര്‍ത്തകയായിരുന്ന നടി ജലജയും ഇന്നും വിശ്വസിക്കുന്നത് ശോഭ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്.
ജീവിതത്തെ അത്രമേല്‍ സ്‌നേഹിച്ച പെണ്‍കുട്ടിയായിരുന്നു ശോഭ. ഒരു കിലുക്കാംപെട്ടി പോലെ ചിരിച്ചു കളിച്ച് ഉല്ലാസവതിയായി നടന്ന കുട്ടി. ജീവിതം അവസാനിപ്പിക്കേണ്ട ഒരു കാര്യവും അവള്‍ക്കുണ്ടായിരുന്നില്ല. എല്ലാം ഇട്ടെറിഞ്ഞു വന്നാല്‍ സ്വീകരിക്കാന്‍ അച്ഛനും അമ്മയുമുണ്ട്. ഏകമകളാണ്. അഭിനയിക്കാനുളള നിരവധി അവസരങ്ങളുണ്ട്. പിന്നെ എന്തിന് അവള്‍ സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ചു. വര്‍ഷങ്ങളായി ഈ ചോദ്യം പലരുടെയും മനസുകളില്‍ മുഴങ്ങുന്നു. പക്ഷെ ഒരു ഘട്ടത്തിലും അതിന് ഉത്തരമുണ്ടായില്ല. അല്ലെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലല്ലോ?