‘കങ്കുവ’ നവംബർ 14ന് തിയറ്ററുകളിലെത്തും
Mail This Article
സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 14ന് തിയറ്ററുകളിലെത്തും. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന.
ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമൽ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.