‘അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു ‘താര’ത്തെ കാണുക എളുപ്പമല്ല’
Mail This Article
നടന്‍ ആസിഫ് അലിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ. ‘കിഷ്കിന്ധാകാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നെന്നും അത് സാധിച്ചെന്നും പറഞ്ഞുള്ള ഹൃദ്യമായ കുറിപ്പ് ടി.എൻ പ്രതാപൻ സമൂഹമാധ്യത്തില്‍ പങ്കുവച്ചു. അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ലെന്നായിരുന്നു ആസിഫ് അലിയെ കണ്ട ശേഷം പ്രതാപന്റെ വാക്കുകൾ.
‘‘നമ്മുടെ നാട്ടിൽ ഇത്രയും പ്രിയപ്പെട്ട ഒരാൾ വന്നിട്ട് കാണാതിരുന്നത് എങ്ങനെയാണ്! ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു തളിക്കുളത്ത് ആസിഫ് അലി. ഷോട്ടുകൾക്കിടയിലെ വിശ്രമവേളകളിൽ കാണാനാണ് സൗകര്യപ്പെട്ടത്. അത് കഥാപാത്രമായി മാറാനുള്ള അഭിനേതാക്കളുടെ ശ്രമങ്ങളെ ബാധിക്കുമോന്നായിരുന്നു എന്റെ ആശങ്ക.
പക്ഷേ, ഷൂട്ടിങ്ങിനിടെ ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളൂ എന്നും ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും ആസിഫ് പറഞ്ഞപ്പോൾ ആ ആശങ്ക മാറി. സംസാരത്തിനിടെ ആസിഫ് പറഞ്ഞതിന്റെ പൊരുളും എനിക്ക് മനസ്സിലാകുകയായിരുന്നു. അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു ’താര’ത്തെ കാണുക എളുപ്പമല്ല. ആസിഫിന്റെ വിജയങ്ങൾക്ക് പിന്നിൽ ഈ വിനയമാകണം ശക്തി.രസകരമായ ഈ നിമിഷങ്ങൾ ഏറ്റവും പ്രിയപ്പെട്ട ഒരു സൗഹൃദം എനിക്ക് സമ്മാനിക്കുകയായിരുന്നു.’’–ടി.എൻ. പ്രതാപന്റെ വാക്കുകള്‍.