ADVERTISEMENT

വിവാഹജീവിതവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നടൻ ബാല.  മകൾ പറഞ്ഞ കാര്യത്തെ ബഹുമാനിച്ചുകൊണ്ട് ഇനി കുടുംബ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്കില്ല എന്ന് താൻ ഒരു വാക്ക് പറഞ്ഞിരുന്നു. ആ വാക്ക് താൻ ഇതുവരെയും പാലിച്ചു എന്ന് ബാല പറയുന്നു.  സ്നേഹത്തിനു വേണ്ടി പത്തു വർഷം യുദ്ധം ചെയ്ത ആളാണ് താൻ.  പക്ഷേ ഇപ്പോൾ താൻ കളി നിർത്തുകയാണ്. ഇനി തന്റെ കുടുംബ പ്രശ്നത്തിൽ മറ്റുള്ളവർ ഇടപെട്ട് ചർച്ചകൾ നടത്തുന്നത് ശരിയല്ലെന്ന് ബാല പറയുന്നു.  താൻ പറയുന്നത് മാത്രമല്ല മറ്റുള്ളവർ പറയുന്നതും മകൾക്ക് വേദനയുണ്ടാക്കുമെന്നും എല്ലാവരും വാക്ക് പാലിക്കാൻ ബാധ്യസ്ഥരാണെന്നും ബാല പറഞ്ഞു. 

‘‘എല്ലാവർക്കും നമസ്കാരം. കഴിഞ്ഞ വീഡിയോയിൽ ഞാൻ ഒരു വാക്ക് പറഞ്ഞിരുന്നു. ഇനി മുതൽ  ഞാൻ ഒരു കാര്യത്തിലും സംസാരിക്കില്ല എന്ന്.  ആ വാക്ക് ഞാൻ പാലിക്കുന്നുണ്ട്.  ഇനിയും പാലിക്കും. എന്റെ മകൾ പറഞ്ഞ കാര്യങ്ങളെ ഞാൻ ബഹുമാനിക്കുന്നു. എന്തു പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതിനെക്കുറിച്ച് തർക്കിക്കാനും അതിനെക്കുറിച്ച് നാല് പേര് സംസാരിക്കാനോ നിൽക്കരുത്.  എന്റെ ചോര, എന്റെ മകൾ.  ഞാൻ മാറി നിൽക്കും എന്നാ പറഞ്ഞത്.  ഞാൻ മാറി നിൽക്കുന്ന സമയത്ത് എല്ലാവരും വന്ന് അഭിപ്രായം പറയുന്നത് ശരിയല്ല.  ആ വിഡിയോയിൽ എന്താ പറഞ്ഞിരിക്കുന്നത്.  ഞാൻ പത്തുവർഷം ഫൈറ്റ് ചെയ്തു. ഞാൻ ആത്മാർഥമായിട്ട് സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എല്ലാ മാർഗവും നോക്കിയതാണ്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ മാർഗവും ഞാൻ നോക്കിയതാണ്. പക്ഷേ ഒരു സാഹചര്യത്തിൽ അവർക്ക് വേദനയുണ്ടെന്നു പറയുമ്പോൾ നമ്മൾ നമ്മുടെ വാക്ക് പാലിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കും.  ഇത് പറഞ്ഞു കഴിഞ്ഞിട്ട് മൂന്നു ദിവസമായിട്ട് ആരാണ് ക്യാമ്പയിനിങ് നടത്തുന്നത് ? 

എന്നെ വിളിച്ച ഒരു മീഡിയയ്ക്കും ഇന്റർവ്യൂ ഇല്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ കൊടുക്കില്ല.  ഇതിനെക്കുറിച്ച് ആര് ഇനി ചോദിച്ചാലും ഞാൻ നാവ് തുറന്ന് ഒന്നും സംസാരിക്കില്ല. പക്ഷേ ആരെയും അറിയാത്ത ആളുകൾ കുറെ പേര് വന്നിട്ട് ഈ വിഷയം എടുത്ത് വിഡിയോ ഇട്ട് ഒക്കെ സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ്.  അവരെല്ലാവരും അവരുടെ

കുടുംബത്തെ നോക്കട്ടെ.  ഒരു ബോക്സിങ് മാച്ച് നടക്കുന്നുണ്ട്, ആ മാച്ച് ഫൈറ്റ് ചെയ്തു, എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി. പക്ഷേ ഞാൻ കളി നിർത്തി.  ഞാൻ എന്റെ ഗ്ലൗസ് ഊരി കൊടുത്തു ഇറങ്ങിപ്പോയി. പോയശേഷം ഒരാൾ  വന്നിട്ട് ഞാൻ ഇത് ചെയ്യും അത് ചെയ്യും എന്ന് പറഞ്ഞാൽ എന്താണ്.  ഞാൻ പോയിക്കഴിഞ്ഞു.  

വിഷമിക്കണ്ട എല്ലാവരുടെയും നന്മയ്ക്ക് ഞാൻ മടങ്ങുവാണ്. എല്ലാം നന്മയ്ക്ക്. എന്റെ മകളുടെ വാക്കുകൾക്ക് ബഹുമാനം കൊടുക്കുക.  ഞാനേ നിർത്തി, കുറച്ച് ചെറിയ ആളുകളൊക്കെ കേറി വന്ന് കുറെ വിഡിയോസ്, അവരുടെ എക്സ്പീരിയൻസൊക്കെ പറയുന്നുണ്ട്.  അതും കൂടെ പാപ്പുവിനെ വിഷമിപ്പിക്കില്ലേ. എന്നെ വിട്ടേക്ക്. എന്റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട് നിങ്ങളും പാലിക്കുന്നത് ന്യായമല്ലേ, ഒന്ന് ചിന്തിച്ചു നോക്കുക, നിർത്തുക, ഞാൻ പറയുന്നതിൽ അർഥമുണ്ട്,  ഞാൻ മടങ്ങി തരാം, എല്ലാവർക്കും നന്ദി.’’ ബാല പറയുന്നു.  

അമൃത സുരേഷ് ബാല വിഷയത്തിൽ പ്രതികരിച്ച് ഇന്നലെ അമൃതയുടെ പി എ ആയ കുക്കു എന്ന യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോ ബാലയുടെ സഹോദരി അഭിരാമി ഷെയർ ചെയ്തിരുന്നു.  വിഡിയോയിൽ യുവതി ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് നടത്തിയത്.  ബാലയ്ക്ക് ലൈംഗിക വൈകൃതമാണെന്നും ബാല വിവാഹം കഴിക്കുന്ന പെൺകുട്ടികൾ പേടിച്ചാണ് ഒന്നും പുറത്തു പറയാത്തതെന്നും യുവതി പറഞ്ഞു.  ബാലയുടെ മൂന്നാം ഭാര്യയായ എലിസബത്ത് അമൃതയെ വിളിച്ച് ഇരുവരും തങ്ങളുടെ അനുഭവങ്ങൾ പരസ്പരം പങ്കുവച്ചെന്നും ബാലയോടൊപ്പം നിൽക്കാൻ പേടിച്ച് എലിസബത്ത് ഓടി രക്ഷപെടുകയായിരുന്നെന്നും വിഡിയോയിൽ പറയുന്നുണ്ട്.

English Summary:

Actor Bala Breaks Silence: Stop Interfering in My Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com