ADVERTISEMENT

ദാമ്പത്യജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടൻ നടന്‍ ജയം രവി. ആരതിയുമായുള്ള വിവാഹമോചന വാര്‍ത്ത വലിയ ചർച്ചയാവുന്നതിനിടയിലാണ് വിവാഹമോചനത്തിലേക്കു വഴിതെളിച്ച പ്രശ്നങ്ങളെക്കുറിച്ച് ജയം രവി തുറന്നു പറഞ്ഞത്. ഭാര്യ ആര്‍തിയുടെ അമിത നിയന്ത്രണം കാരണം ജീവിതത്തിൽ ഒരു സ്വാതന്ത്ര്യവും അനുഭവിച്ചിട്ടില്ല എന്ന് നടൻ പറയുന്നു. താൻ സമ്പാദിക്കുന്ന പണം ചെലവഴിക്കാൻ തനിക്ക് സ്വാതന്ത്ര്യമില്ലായിരുന്നു എന്ന് ജയം രവി നേരത്തേ തന്നെ പറഞ്ഞിരുന്നു. വീട്ടുജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിച്ചിട്ടില്ല. അവർ ലക്ഷങ്ങൾ വിലയുള്ള ചെരുപ്പും ബാഗും വാങ്ങുമ്പോൾ തന്റെ ആവശ്യത്തിന് പണം പിൻവലിച്ചാൽ ഉടനെ ഫോൺ വിളിച്ച് ചോദിക്കുമെന്നും അദ്ദേഹം പറയുന്നു. അസിസ്റ്റന്റിനോട് വിളിച്ച് എന്തിനാണ് രവി പണം ചെലവഴിച്ചതെന്ന് ചോദിച്ച് നാണം കെടുത്തുമെന്നും കടുത്ത സമ്മർദം കാരണമാണ് വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ജയം രവി പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സ്വകാര്യ ജീവിതത്തെക്കുറിച്ച് അദ്ദേഹം മനസ്സു തുറന്നത്. 

‘എനിക്ക് ഒറ്റയ്ക്ക് ബാങ്ക് അക്കൗണ്ടില്ല. കഴിഞ്ഞ 13 വര്‍ഷമായി ആര്‍‌തിക്കൊപ്പം ജോയിന്റ് അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. ഞാന്‍ പണം ചെലവഴിച്ചാൽ ഉടനെ മെസ്സേജ് ഭാര്യയ്ക്ക് പോകും. അവള്‍ക്ക് എന്ത് വേണമെങ്കിലും വാങ്ങാം. ലക്ഷങ്ങൾ വിലയുള്ള ബാഗും ചെരുപ്പും അവർ വാങ്ങാറുണ്ട്. ഞാന്‍ വിദേശത്ത് പോകുമ്പോള്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ഉടനെ എന്തിനാ ഇപ്പോൾ കാര്‍ഡ് ഉപയോഗിക്കുന്നത്, എന്താണ് കഴിക്കുന്നത് എന്ന് വരെ അവർക്ക് അറിയണം.  ഞാൻ പണം ചെലവാക്കുന്നതിനെപ്പറ്റി എന്റെ അസിസ്റ്റന്റിനോടു പോലും ചോദിക്കും.  ഒരിക്കല്‍ ഒരു വലിയ സിനിമയില്‍ കൂടെ പ്രവര്‍ത്തിച്ചവര്‍ക്ക് ഞാന്‍ ട്രീറ്റ് കൊടുത്തു. ഞാന്‍ പണം കൊടുത്തതിന് പിന്നാലെ എന്റെ അസിസ്റ്റന്റിനോട് വിളിച്ച് എന്തിനാണ് പണം ചെലവഴിച്ചതെന്ന് ചോദിച്ചു. ആരൊക്കെ ട്രീറ്റിന് വന്നു എന്നും ചോദിച്ചു. എനിക്ക് അത് വലിയ നാണക്കേടായി. 

എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പാസ്‌വേഡ് എന്റെ കൈയിലുണ്ടായിരുന്നില്ല. വാട്‌സാപ്പ് ഉപയോഗിക്കുന്നതിനു പ്രശ്‌നമുണ്ടാക്കുന്നതുകൊണ്ട് ആറ് വര്‍ഷം ഞാന്‍ അതും ഉപയോഗിച്ചില്ല. ബ്രദര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോള്‍ വീഡിയോ കോള്‍ ചെയ്തു  റൂമില്‍ ആരൊക്കെയുണ്ടെന്ന് കാണിക്കാൻ പറഞ്ഞു.  ചിലപ്പോഴൊക്കെ പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിങ് നിര്‍ത്തേണ്ടിവന്നു. ആരതിയുടെ അമ്മയാണ് എന്റെ പല സിനിമകളും തിരഞ്ഞെടുക്കുന്നത്.  എന്നിട്ട് ആ ചിത്രങ്ങള്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തും. പക്ഷേ എല്ലാം സാമ്പത്തിക ലാഭം നേടിയിട്ടുണ്ടെന്ന് പിന്നീട് കണക്കുകള്‍ നോക്കിയപ്പോൾ മനസിലായി.  പക്ഷേ അത് നഷ്ടമാണെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയെങ്കിൽ വേറെ നിർമാതാക്കളുടെ പടം ചെയ്യാം എന്ന് തീരുമാനിച്ചു. പക്ഷേ അവർ അതിനും സമ്മതിക്കാതായി. സമ്മർദ്ദം താങ്ങാനാകാതെ സൈക്കോളജിസ്റ്റിനെ വരെ കണ്ടു.  വേറെ വഴിയില്ലാതെയാണ് വീട് വിട്ടുപോയത്’, ജയം രവി പറയുന്നു.

ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചനത്തിലേക്കു നീങ്ങുന്നുവെന്ന വാര്‍ത്ത സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ജയം രവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ തന്റെ സമ്മതത്തോടെയല്ല ഇത്തരമൊരു പ്രഖ്യാപനം എന്ന് പറഞ്ഞ് ആരതി രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിവാഹമോചനത്തിന്റെ കാരണങ്ങൾ തുറന്നു പറഞ്ഞ ജയം രവിയുടെ വാക്കുകൾ ചർച്ചയാവുകയാണ്.

English Summary:

Jayam Ravi opens up about the reasons behind divorce with Aarthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com