ലഹരി കേസിൽ ഹാജരായി പ്രയാഗ; നിയമസഹായം നൽകുന്നത് നടൻ സാബുമോൻ
Mail This Article
ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിൽ നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗാ മാർട്ടിൻ. വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിർദേശമനുസരിച്ച് സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയോടും പ്രയാഗ മാർട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് പോലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടോടെയാണ് പ്രയാഗ ചോദ്യംചെയ്യലിനെത്തിയത്.
നടൻ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കുമെന്ന് സാബുമോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നും സാബുമോൻ പറഞ്ഞു.
ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ഹോട്ടലിൽ പോയെങ്കിലും ഓം പ്രകാശിനെ കണ്ടിട്ടില്ലെന്നും പ്രയാഗ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെ വച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങ് ഉളളതിനാൽ ഏഴു മണിക്ക് തന്നെ അവിടെനിന്ന് മടങ്ങി, പ്രയാഗ പറയുന്നു. തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണ്. അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല. എന്നാൽ, തന്നെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ലെന്നും പ്രയാഗ മാർട്ടിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.