ADVERTISEMENT

പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകനായിരുന്ന ഗുരു ദത്ത് മലയാളത്തില്‍ അധികമൊന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ആര്‍ട് സിനിമാ പ്രേക്ഷകര്‍  അദ്ദേഹത്തെ ജനപ്രിയ സിനിമാക്കാരനായും, ജനപ്രിയ സിനിമാക്കാര്‍ ആര്‍ട്ട് സിനിമാക്കാരനായുമാണ് അദ്ദേഹത്തെ കണ്ടത്. ഗുരു ദത്ത് സിനിമകളിലെ അതി കാല്പനികത, ട്രാജഡി, മെലോഡ്രാമ എന്നീ ഘടകങ്ങളായിരിക്കും ഇതിന് ഒരു കാരണം. ഇതില്‍ പ്രധാനം മെലോഡ്രാമയുടെ ഉപയോഗമാണ്.  സിനിമ യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനമായി കാണുന്ന നമുക്ക് മെലോഡ്രാമ തീര്‍ത്തും അലര്‍ജിയാണ്. 

വസന്ത് കുമാര്‍ ശിവശങ്കർ പദുക്കോൺ എന്നാണ് ഗുരു ദത്തിന്റെ യഥാർഥ പേര്. കര്‍ണാടകയിലെ പദുക്കോണില്‍ 1925 ജൂലൈ 9-നായിരുന്നു ജനനം. ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹത്തിന്റെ പേര് ഗുരുദത്ത പദുക്കോൺ എന്നാക്കി. ഗുരു ദത്ത് തന്റെ നാല്‍പതാം വയസ്സില്‍  1964 ഒക്ടോബർ 10-ന് അന്തരിച്ചു. ഗുരു ദത്തിന്റെ  അറുപതാം ചരമ ദിനത്തില്‍ ഒരു പുസ്തകത്തിലൂടെ നമുക്ക് അദ്ദേഹത്തെ ഓര്‍ക്കാം. 

അദ്ദേഹം ആകെ എട്ട് സിനിമകൾ മാത്രമേ സംവിധാനം ചെയ്തുള്ളു, പല സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവയിൽ പലതും രാജ്യാന്തര തലത്തിൽ പ്രശംസ നേടിയിട്ടുണ്ട്. പ്യാസ (1957) ടൈം മാഗസിന്റെ 100 മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.  കാഗസ് കേ ഫൂൽ (1959),  ചൗധ് വി  കാ ചാന്ദ്  (1960), സാഹിബ് ബീബി ഔർ ഗുലാം (1962) എന്നീ സിനിമകള്‍ ഹിന്ദിയിലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ ഇടയ്ക്കിടെ സ്ഥാനംപിടിക്കുന്നു. 2012-ൽ CNN-ന്റെ ‘മികച്ച 25 ഏഷ്യൻ അഭിനേതാക്കളു’ടെ പട്ടികയില്‍ ഗുരു ദത്ത്  സ്ഥാനം പിടിച്ചു. 

പ്രശസ്ത സിനിമാ പഠിതാവായ അരുണ്‍ ഖോപ്കറിന്റെ ‘ഗുരു ദത്ത് : എ ട്രാജഡി ഇന്‍ ത്രീ ആക്ട്സ് ‘ (A Tragedy in Three Acts) എന്ന പുസ്തകം ഗുരു ദത്തിന്റെ സിനിമകളിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്നു. മറാത്തിയില്‍ എഴുതിയ ഈ പുസ്തകത്തിന് ഏറ്റവും മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം  ലഭിച്ചു. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് സ്വർണ മെഡലോടെ അരുൺ ഖോപ്‌കർ സംവിധാനത്തിൽ ഡിപ്ലോമ നേടി. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച വിവിധ കലാരൂപങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിനിമകൾ പതിനഞ്ചിലധികം ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച ചലച്ചിത്രം / സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍  അദ്ദേഹം മൂന്ന് തവണ സുവർണ കമലം നേടിയിട്ടുണ്ട്. എഫ്‌ടിഐഐ അടക്കം പല പ്രശസ്ത  സ്ഥാപനങ്ങളിലും അദ്ദേഹം സിനിമ പഠിപ്പിച്ചിട്ടുണ്ട്. 

മറാഠി നോവലിസ്റ്റ്, നാടക രചയിതാവ്, വിവർത്തക, ദ്വിഭാഷാ കോളമിസ്റ്റ്, നാടക ചരിത്രകാരി,  നിരൂപക എന്നീ നിലകളിൽ പ്രശസ്തയായ ശാന്ത ഗോഖലെയാണ് ഈ പുസ്തകം ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.  ഖോപ്കറിന്റെ  ഭൂരിഭാഗം സിനിമകളുടെയും തിരക്കഥാകൃത്തുകൂടിയാണ് അവർ.   നാം പൊതുവെ സിനിമയെ അതിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍, അതാകട്ടെ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിശകലനം ചെയ്യുന്നത്. എന്നാല്‍ അരുണ്‍ ഖോപ്കര്‍  ഉള്ളടക്കത്തെ മാത്രമല്ല, ഉള്ളടക്കം എങ്ങിനെ അവതരിപ്പിക്കപ്പെടുന്നു, അതിന്റെ സാമൂഹ്യ വിവക്ഷകള്‍ എന്തൊക്കെയാണ്, അതിനകത്തെ വ്യക്തിയുടെ അവസ്ഥ എന്താണ് എന്നൊക്കെ വിശകലനം ചെയ്യുന്നു. ഇതിനായി കഥാപാത്ര രൂപീകരണത്തിലെ സമാനതകൾ, സംഭവങ്ങളുടെ തിരഞ്ഞെടുപ്പ്, അഭിനയ ശൈലി, ലൈറ്റിംഗ്, എഡിറ്റിംഗ്, വേഗത, താളം, സംഗീതം, ഗാനങ്ങള്‍, ക്യാമറ ചലനം എന്നിവയൊക്കെ ഉപയോഗിക്കുന്നു. കൂടാതെ  മാർക്‌സ്, ഫ്രോയിഡ്, ഐസൻസ്റ്റീൻ, ലെവി-സ്‌ട്രോസ് എന്നിവരോടൊപ്പം ഖയാൽ സംഗീതത്തിന്റെ അഭ്യാസിയായിരുന്ന പണ്ഡിറ്റ് അരോൽക്കറും വിശകലനത്തില്‍ കടന്നുവരുന്നു.  അതുപോലെ കൊസാംബി,  ഋത്വിക്  ഘട്ടക് എന്നിവരും ഉണ്ട്. കൂടാതെ, സിനിമ, മറ്റ് കലകൾ, രാഷ്ട്രീയം, ചരിത്രം, തത്ത്വചിന്ത എന്നീ മേഖലയും ഉപയോഗിക്കുന്നു. 

അനുഭവക്കുറിപ്പുകള്‍ക്കും ഓര്‍മക്കുറിപ്പുകള്‍ക്കും ഇന്ന് വലിയ ഡിമാന്റ്  ഉണ്ട്. സ്ത്രീകളുടെ തുറന്നുപറച്ചിലുകള്‍ ആവുമ്പോള്‍ ഡിമാന്റ് കൂടും. അതുകൊണ്ട് ജനിച്ചുവീഴുന്ന കുട്ടിപോലും ജീവചരിത്രം / അനുഭവക്കുറിപ്പ് എഴുതിയേക്കാവുന്ന  സാഹചര്യത്തില്‍ എന്നെ ഈ പുസ്തകത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം  ഗുരു ദത്തിന്റെ വലിയ വില്പന സാധ്യതയുള്ള വ്യക്തി ജീവിതമോ ഒരു ജീവചരിത്രകാരന് താൽപ്പര്യമുണ്ടാക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിശദാംശങ്ങളളോ അരുണ്‍ ഖോപ്കര്‍ പിന്തുടരുന്നില്ല എന്നതാണ്. സിനിമാ പഠിതാവായ അദ്ദേഹം ആ മേഖലയില്‍ നിന്നുകൊണ്ടാണ് ഗുരു ദത്തിന്റെ സിനിമകളെയും ജീവിതത്തെയും  നോക്കിക്കാണുന്നത്.   

  മെലോഡ്രാമയെ  ഇന്ത്യയിൽ ഒരു ആധുനിക സിനിമ വികസിപ്പിക്കുന്നതിനുള്ള ശക്തമായ തടസ്സമായി മാത്രമല്ല, ഇന്ത്യയിലെ തെറ്റായ ചലച്ചിത്രനിർമ്മാണ രീതികളുടെ ഫലമാണെന്നും സത്യജിത് റായ് കരുതി.  മറ്റൊന്ന്, മെലോഡ്രാമയുടെ ഭാഗമായ ഗാനങ്ങളും, സംഗീതം പോലും, ഉപയോഗിക്കുന്നതില്‍ ലജ്ജതോന്നുന്നുവെന്ന്  റായ് പറയുകയുണ്ടായി. എന്നാല്‍, അദ്ദേഹം സംഗീതം സമൃദ്ധമായി ഉപയോഗിക്കുകയുണ്ടായി. മറ്റ് സംഗീത സംവിധായകരുടെ സംഗീതം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് മാത്രമല്ല, സ്വന്തം സിനിമകൾക്കും മറ്റ് സംവിധായകരുടെ സിനിമകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

guru-dutt2322

 ആഷിഷ് രാജാധ്യക്ഷ പറയുന്നത് ബ്രിട്ടീഷ് ക്രമത്തെ ആശ്രയിക്കുന്ന ഒരു ആശ്രിത കൊളോണിയൽ ബൂർഷ്വാസിയുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ‘കടമെടുത്ത ആശയ’മാണ് റിയലിസം എന്നാണ്.  ഈ സന്ദര്‍ഭത്തില്‍  രവി വാസുദേവന്റെ ഈ വാക്കുകളും പ്രസക്തമാണ്: “പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിലും അമേരിക്കയിലും ഉയര്‍ന്നു വന്ന കലയുടെ ബൂർഷ്വാ ആശയങ്ങളുടെ രൂപീകരണത്തിലൂടെ സംഭവിച്ച മെലോഡ്രാമയെ റിയലിസത്തിൽ നിന്ന് ആശയപരമായി വേർതിരിക്കുന്നത് 1940കളുടെ അവസാനത്തിലും 1950കളിലും ഇന്ത്യയിലെ ജനപ്രിയ വാണിജ്യ സിനിമയെക്കുറിച്ചുള്ള സംവാദങ്ങളില്‍  പ്രതിധ്വനിച്ചു. ബംഗാളില്‍  കലാസിനിമയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഈ വിമർശനത്തിന്  സങ്കീർണ്ണമായ ആവിഷ്കാര സംവിധാനങ്ങളുള്ള ഒരു രൂപത്തിന്റെ (അതായത്, മെലോഡ്രാമയുടെ) പ്രത്യേകതകൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല”. 

പാശ്ചാത്യ മാതൃകയിൽ മനസ്സിലാക്കിയാൽ ഇന്ത്യൻ കലയ്ക്ക് റിയലിസത്തിന്റെ വലിയ പാരമ്പര്യമില്ലായിരുന്നു. ബ്രിട്ടീഷുകാരുടെ സ്വാധീനത്തിലാണ് ഇത് വേരുറപ്പിക്കുന്നത് എന്നാണ് അരുണ്‍ ഖോപ്കര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ നാടന്‍ കലകൾ നമ്മുടെ സങ്കല്പത്തിലുള്ള റിയലിസത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നില്ല . വേരോടെ പിഴുതെറിയപ്പെടുകയും നശിപ്പിക്കപ്പെടുകയും സിനിമയിലൂടെ മാറ്റിസ്ഥാപിക്കുകയും ചെയ്ത ഇന്ത്യൻ നാടോടി കല, റിയലിസത്തിന്റെ സങ്കൽപ്പങ്ങൾക്ക് വിധേയമായില്ല. നമ്മുടെ എല്ലാ പ്രധാന നാടക രൂപങ്ങളും - സംസ്‌കൃത നാടകങ്ങൾ മുതൽ തമാശ, ഭവായ്, ചാക്യാര്‍ കൂത്ത് മുതലായവ -  പ്രേക്ഷകരുമായി പങ്കിടുന്ന പരമ്പരാഗത ആഖ്യാനത്തെ ആശ്രയിച്ചിരിക്കുന്നു. അവയെല്ലാം പാട്ടും നൃത്തവും നാടകീയമായ ആഖ്യാനവും ഉപയോഗിച്ചിട്ടുണ്ട്, കൂടാതെ റിയലിസത്തിൽ നിന്ന് വ്യത്യസ്തമായ ലക്ഷ്യങ്ങളുമുണ്ട്. 

guru-dutt232

തന്റെ സിനിമകളില്‍ മെലോഡ്രാമ ധാരാളമായി ഉപയോഗിച്ച ഒരു ചലച്ചിത്ര സംവിധായകനാണ് ഋത്വിക് ഘട്ടക്. “മെലോഡ്രാമ എന്റെ ജന്മാവകാശമാണ് “ എന്നാണ് ഘട്ടക് പറഞ്ഞത്.  അദ്ദേഹത്തിന്റെ ‘സിനിമയും ഞാനും’ എന്ന ലേഖനത്തിൽ, മെലോഡ്രാമ “വളരെ ദുരുപയോഗം ചെയ്യപ്പെട്ട ഒരു വിഭാഗമാണ്,” അതിൽ നിന്ന് “യഥാർത്ഥ ഗൗരവമുള്ള കലാകാരന്മാർ അവരുടെ ബുദ്ധി ഉപയോഗിക്കുമ്പോള്‍ ഒരു യഥാർത്ഥ ദേശീയ സിനിമ ഉയർന്നുവരു”മെന്ന് അദ്ദേഹം എഴുതി. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ, ഘട്ടക് രാഷ്ട്രീയവും സാംസ്കാരികവും വ്യക്തിപരവുമായ ആശയങ്ങള്‍ക്കൊപ്പം  സ്ത്രീ, മാതൃഭൂമി എന്നീ വിഷയങ്ങളും മെലോഡ്രാമയുടെ ഉപയോഗത്തിലൂടെ അവതരിപ്പിക്കുന്നു.  മെലോഡ്രാമയെ എപ്പിക്കിന്റെ തലത്തിലേക്ക് ഉയർത്തിയ  ഋത്വിക് ഘട്ടക്കിനാണ് അരുണ്‍ ഖോപ്കര്‍  ഈ പുസ്തകം  സമര്‍പ്പിച്ചിരിക്കുന്നത്. 

മെലോഡ്രാമ ഇന്ത്യയിൽ പല രൂപങ്ങളെടുത്തു. ജനപ്രിയ സിനിമ ധാരാളമായി ഉപയോഗിച്ച ഒന്നാണ് മെലോഡ്രാമ. അപ്പോള്‍  എന്തുകൊണ്ടാണ് ഘട്ടക്കും ഗുരു ദത്തും ഈ രൂപം ഉപയോഗിച്ചത്?  ജനപ്രിയ സിനിമയിലെ മെലോഡ്രാമയുടെ ഉപയോഗത്തില്‍ നിന്ന്  ഇവര്‍ വ്യത്യസ്തരാവുന്നുണ്ടോ?  അതാണ്‌ ഖോപ്കര്‍ ഈ പുസ്തകത്തില്‍ പ്രധാനമായും പഠിക്കുന്നത്. സത്യജിത്  റായിയിലൂടെ തിരിച്ചറിയപ്പെടുന്ന റിയലിസമാണ് നമുക്ക് ഇപ്പോഴും പഥ്യം. എന്നാല്‍ മെലോഡ്രാമ റിയലിസത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളില്‍ ഒതുങ്ങുന്നില്ല. മെലോഡ്രാമയുടെ അടിസ്ഥാനമായ ‘ആർട്ടിഫൈസ് ‘ വേണ്ടത്ര സ്വതന്ത്രമായി ഉപയോഗിച്ചാൽ, പ്രമേയത്തെ അജ്ഞാതമായ ഇടങ്ങളിലേക്കും അനുഭവങ്ങളിലേക്കും ഉയര്‍ത്താൻ സാധിക്കും. രൂപം ഉപരിതലത്തിൽ മാത്രം മെലോഡ്രാമാറ്റിക് ആയി തുടരും, ഉള്ളടക്കം മൊത്തത്തിൽ മാറും. ഗുരു ദത്തിന്റെ സിനിമകളെ മുന്‍നിര്‍ത്തി, പ്രത്യേകിച്ച്, കാഗസ് കെ ഫൂലിനെ മുന്‍നിര്‍ത്തി, റിയലിസ്റ്റിക് ചട്ടക്കൂട്ടിൽ  സാധ്യമല്ലാത്ത വിചിത്രമായ അത്യുക്തി  അതിനാടകീയതയിലും  മെലോഡ്രാമയിലും സാധ്യമാണ് എന്ന് ഖോപ്കര്‍  കണ്ടെത്തുന്നുണ്ട്.  

guru-dutt2

റിയലിസം സമം കല എന്ന ഇടുങ്ങിയ വിമർശന സമവാക്യം ഉപയോഗിച്ച് ഈ രണ്ട് സംവിധായകരുടെ സിനിമകളുടെ രൂപവും ഭാവാര്‍ത്ഥവും  മനസ്സിലാക്കാന്‍  ശ്രമിച്ച നമ്മുടെ സിനിമാ നിരൂപകരിൽ പലരും  മുഖമടിച്ച് വീണിട്ടുണ്ട് എന്നാണ് ഖോപ്കര്‍ എഴുതുന്നത്‌. ഈ രണ്ടു സംവിധായകരും മെലോഡ്രാമ ഉപയോഗിക്കുന്നു എന്നും അത് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ് എന്നും നിരൂപകര്‍ പറയുമ്പോഴും ഈ സിനിമകള്‍  ഇവരുടെ പിടിയില്‍ നിന്ന് വഴുതിപ്പോവുന്നു. ഒരു വശത്ത് അവർ റിയലിസത്തിന്റെ  നിയമങ്ങൾ പ്രയോഗിക്കുമ്പോൾ,  ഈ സിനിമകളിലെ ഗാനങ്ങള്‍,  നൃത്തങ്ങൾ, ഉയർന്ന നാടകീയത, യാദൃശ്ചികത എന്നിവയെ എങ്ങിനെ കാണണം?  

വിദേശ സിനിമയില്‍  മെലോഡ്രാമയുടെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഫാസ്ബിന്ദര്‍. ഡഗ്ലസ്  സിര്‍ക്ക്‌  എന്ന സംവിധായകനില്‍ നിന്നാണ് ഫാസ്ബിന്ദറിന്റെ പ്രചോദനം. 1950-കളുടെ തുടക്കത്തിൽ ഡഗ്ലസ് സിർക്കിന്റെ സിനിമകൾ ഹോളിവുഡ് മെലോഡ്രാമയ്ക്ക്  നേതൃത്വം നൽകി.  അൻപതുകളിലെ നിരൂപകർ ഈ സിനിമകളെ ‘തരംതാണ സിനിമകള്‍’  എന്നും ‘ഊതിവീര്‍പ്പിച്ച സിനിമകള്‍’, ‘കൃത്രിമത്വം നിറഞ്ഞ സിനിമകള്‍’  എന്നും വിളിക്കുകയും അവയെ  ‘സ്ത്രീകളെ കരയിപ്പിക്കുന്ന കണ്ണീര്‍ സിനിമകള്‍ ‘ എന്നും  പറഞ്ഞ് തള്ളിക്കളയുകയും ചെയ്‌തെങ്കിലും, എഴുപതുകളിലെ നിരൂപകർ സിർക്കിന്റെ സിനിമകൾ പുനഃപരിശോധിക്കുകയും ഈ വിഭാഗത്തോട് ഒരു അക്കാദമിക് ബഹുമാനം വളർത്തിയെടുക്കുകയും ചെയ്തു. വർഗം, ലിംഗഭേദം, വംശം തുടങ്ങിയ അൻപതുകളിലെ പ്രസക്തമായ  പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച മെലോഡ്രാമ  ആധിപത്യ പ്രത്യയശാസ്ത്രത്തിന്  എതിരെ നില്‍ക്കുന്നു എന്ന് അവര്‍ എഴുതി.  

guru-dutt22

ഫാസ്ബിന്ദര്  മെലോഡ്രാമയെ പ്രത്യക്ഷമായ രാഷ്ട്രീയവിമർശനത്തിനുള്ള ഉപാധിയായി  സിനിമയില്‍  സന്നിവേശിപ്പിച്ചു. “മെലോഡ്രാമാറ്റിക് വികാരങ്ങൾ ചിരിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അവയെ  തികച്ചും ഗൗരവമായി എടുക്കണം” എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.  

അദ്ദേഹം  ഹോളിവുഡ് മെലോഡ്രാമയെ  എടുത്ത് അവയെ അട്ടിമറിച്ചുകൊണ്ട് അങ്ങേയറ്റം  രാഷ്ട്രീയവൽക്കരിക്കപ്പെട്ട സിനിമകള്‍  (പൊളിറ്റിക്കല്‍ മെലോഡ്രാമ) സംവിധാനം ചെയ്തു. സിര്‍ക്കിന്റെ അതിവൈകാരികത നിറഞ്ഞ ‘പെണ്ണുങ്ങള്‍ക്ക് കരയാന്‍ വക നല്‍കുന്ന’ സിനിമകളോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. ഇതിലൂടെയാണ് യുദ്ധാനന്തര പശ്ചിമ ജർമ്മനിയുടെ യാഥാസ്ഥിതിക മനോഭാവത്തെ അദ്ദേഹം വിമര്‍ശിക്കുന്നത്. അതില്‍ പ്രധാനം ലിംഗവിവേചനവും വർഗ സംഘട്ടനവുമാണ്.  

ഒരു കാലഘട്ടത്തിന്റെ ജീർണതയാണ്  ഈ പുസ്തകത്തില്‍ ഖോപ്കര്‍ പഠനവിധേയമാക്കുന്ന ഗുരു ദത്തിന്റെ സിനിമകള്‍  അവതരിപ്പിക്കുന്നത്‌.  ഫ്യൂഡൽ വ്യവസ്ഥയിലെ പുരുഷാധിപത്യത്തെ ദത്ത് വിമർശിക്കുന്നു. പുരുഷാധിപത്യ സാമൂഹിക ക്രമത്തിന്റെ ഇരകളായ സ്ത്രീകൾ.  ഉട്ടോപ്യൻ ആദർശവും ഇരുണ്ട സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള പോരാട്ടമാണ് ദത്തിന്റെ മെലോഡ്രാമ കാണിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെയും അതിന്റെ സാമൂഹിക ദ്വന്ദ്വങ്ങളെയും കുറിച്ചുള്ള അനുതാപരഹിതമായ വ്യാഖ്യാനമാണിത്. അതിനുള്ളിൽ സാമ്പത്തികവും സാമൂഹികവും ചരിത്രപരവുമായ സംവേദനങ്ങൾ വ്യക്തിഗത സംവേദനങ്ങളുമായി ഇഴചേർന്നിരിക്കുന്നു, അത് സിനിമയ്ക്ക് വ്യക്തിഗത ദുരന്തത്തേക്കാൾ വിശാലമായ ഒരു സന്ദർഭം നൽകുന്നു. 

ഇന്ത്യൻ കലയിൽ സ്ത്രീകളെ പൊതുവെ ജീവനോ ആത്മാവോ ഇല്ലാതവരായാണ് ചിത്രീകരിക്കുന്നത്.  അവര്‍ ദേവതകളായി ആരാധിക്കപ്പെടുകയോ, വസ്തുവായി ചൂഷണം ചെയ്യപ്പെടുകയോ, ശ്രീകോവിലില്‍ പ്രതിഷ്ഠിക്കപ്പെടുകയോ, ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നു. എന്നാല്‍  ഛോട്ടി ബഹു എന്ന കഥാപാത്രം  ഇതില്‍നിന്ന് വേറിട്ടുനിൽക്കുന്നു. 

ഖോപ്കര്‍ ഗുരു ദത്തിന്റെ അന്ധമായി പുകഴ്ത്തുകയല്ല,  അദ്ദേഹത്തിന്റെ സിനിമകളുടെ ന്യൂനതകള്‍ പരിശോധിക്കാനും മടിക്കുന്നില്ല. ഗുരു ദത്തിന്റെ ഏറ്റവും നല്ല സിനിമകളായി കണക്കാക്കപ്പെടുന്ന പ്യാസ, കാഗസ്  കേ ഫൂൽ, സാഹിബ് ബീബി ഔർ ഗുലാം  എന്നീ  മൂന്ന് സിനിമകളിൽ പോലും അദ്ദേഹത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നു,  തമാശ, വൃത്തികെട്ട രീതിയിലുള്ള മറ്റ്  നിർബന്ധിത കൂട്ടിച്ചേർക്കലുകൾ എന്നിവ  ഉപയോഗിക്കേണ്ടിവന്നു. “അദ്ദേഹത്തിന്റെ സിനിമകൾ നമുക്ക് മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങൾ നൽകുന്നുണ്ടെങ്കിലും പലപ്പോഴും വ്യക്തിഗത ശൈലി ഫോർമുലയിൽ നഷ്ടപ്പെട്ടു” എന്ന്  ഖോപ്കര്‍ നിരീക്ഷിക്കുന്നു.  

ഗുരു ദത്തിനെയും  ഋത്വിക് ഘട്ടക്കിനെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി: “ഘട്ടക് മികച്ച സാങ്കേതികതയിലോ ആഖ്യാനത്തിലോ സംഗീതത്തിലോ പ്രാവീണ്യം നേടിയതുകൊണ്ടല്ല; ദൂരദര്‍ശിയായ വീക്ഷണങ്ങൾ ഉള്ളതുകൊണ്ടാണ് മഹാനാവുന്നത്. അദ്ദേഹത്തിന്റെ ദർശനം മറ്റൊരു തരത്തിലുള്ള കരുത്ത് നൽകുന്നതുകൊണ്ടാണ് മെലോഡ്രാമയുടെ പരിമിതികളെ മറികടന്ന് അതിനെ എപ്പിക് രൂപത്തിന്റെ  തലത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിയുന്നത് “.

അവസാനമായി ഖോപ്കര്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്: “ഗുരു ദത്ത് ഒരു പരാജയപ്പെട്ട റിയലിസ്റ്റാണോ? വ്യക്തമായും ബോക്‌സ് ഓഫിസ് ലക്ഷ്യമാക്കിയുള്ള സീക്വൻസുകൾ ഒഴികെ, റിയലിസത്തിന്റെ അളവുകോൽ ഉപയോഗിച്ച് നമുക്ക് അദ്ദേഹത്തിന്റെ സിനിമകലളെ  വിലയിരുത്താനാകുമോ? ഇല്ലെങ്കിൽ പിന്നെ ഏത് രൂപത്തിലാണ് അദ്ദേഹം തന്റെ  സിനിമകൾ അവതരിപ്പിച്ചത്?  വാണിജ്യ സൂത്രവാക്യം അദ്ദേഹത്തിന്റെ സിനിമകളെ  ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നുണ്ടോ, അത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചകൾ എന്ന് വിളിക്കപ്പെടുന്നതിലേക്ക് നയിക്കുന്നുണ്ടോ? ഒരറ്റത്തെ  സത്യജിത് റായിയുടെ  റൊമാന്റിക് റിയലിസത്തിനും മറുവശത്തെ മൻമോഹൻ ദേശായിയുടെയും മനോജ് കുമാറിന്റെയും സിനിമകള്‍ക്കിടയിലാണോ ഗുരു ദത്തിന്റെ സ്ഥാനം?  അതോ അദ്ദേഹത്തിന്റെ സിനിമകൾ ഈ വേര്‍തിരിവിന്  പുറത്താണോ?”.

ഈ ചോദ്യത്തിനുള്ള ഉത്തരത്തിനൊപ്പം സിനിമയെ കുറിച്ച് നമ്മില്‍ താത്പര്യം ഉണര്‍ത്തുന്ന മറ്റു പല സങ്കല്പങ്ങളും ഈ പുസ്തകം അവതരിപ്പിക്കുന്നു.  അതുകൊണ്ടാണ് സിനിമയെ കുറിച്ചുള്ള എഴുത്ത് വളരെ യാന്ത്രികമായിത്തീര്‍ന്ന ഇക്കാലത്തും ഏതാണ്ട് നാല്‍പത് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകം പ്രസക്തമാവുന്നത്. 

കുറിപ്പ്:  പി.കെ. സുരേന്ദ്രന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അരുണ്‍ ഖോപ്കറിന്റെ ‘ഗുരു ദത്ത് : എ ട്രാജഡി ഇന്‍ ത്രീ ആക്ട്സ് ‘ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്. 

English Summary:

Beyond the Tragedy: Reassessing Guru Dutt's Cinematic Language for a Malayalam Perspective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com