മലയാളികള്‍ കണ്ടെത്തിയ ഹോളിവുഡ് നടന്
Mail This Article
ആദ്യമായി ഒരു ഹോളിവുഡ് താരത്തിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായത് രസകരമായ അനുഭവമായിരുന്നു. ഇന്നത്തെ സൂപ്പര്‍താരം ക്രിസ് (ക്രിസ് ഹെംസ്‌വര്‍ത്ത്, 'തോര്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തന്‍) ആയിരുന്നു അത്. അന്നത്തെ പ്രശസ്തതാരം ഷോണ്‍ ബീനും ഒപ്പമുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച, 'ക്യാഷ്' എന്ന സിനിമയുടെ വിശേഷങ്ങളാണു പറഞ്ഞുവരുന്നത്.
ഒരു ഏജന്റ് മുഖാന്തിരം അന്നു ക്രിസ് ഇന്റര്‍വ്യൂവിനു വന്നപ്പോള്‍ ഞാനും മറ്റൊരു പ്രൊഡ്യൂസര്‍ നവീന്‍ ചാത്തപ്പുറവും അവിടെയുണ്ടായിരുന്നു. 'സണ്‍ഡാന്‍സ്' ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ജേതാവായ പ്രശസ്തസംവിധായകന്‍ സ്റ്റീവ് ആന്‍ഡേഴ്‌സണായിരുന്നു അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തത്.
ക്രിസ്സിന്റെ ആകാരവടിവും ഉയരവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നെങ്കിലും അയാളുടെ 'ഓസ്‌ട്രേലിയന്‍ ആക്‌സെന്റ്' ഒരു പ്രശ്‌നമായിരുന്നു. അതുകൊണ്ട് ക്രിസ് ശരിയാവില്ല എന്ന അഭിപ്രായമാണ് സംവിധായകന്‍ പറഞ്ഞത്. അലക്ക് ബാല്‍ഡിവിനും മറ്റൊരു ഹോളിവുഡ് നടനുമായിരുന്നു ആ വേഷത്തില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നതുകൊണ്ട് മൂന്നു താരങ്ങളുടെയും ചിത്രങ്ങള്‍ എന്റെ മക്കള്‍ക്കയച്ചുകൊടുത്ത്, അഭിപ്രായമറിയിക്കാന്‍ പറഞ്ഞു. അന്നു കുട്ടികളായിരുന്ന നദിയും സന്ധ്യയും കായലും ഭാര്യ പ്രേമയും ഒരേ സ്വരത്തില്‍ 'ക്രിസ്, ക്രിസ്' എന്നുതന്നെ പറഞ്ഞു. ഞാനനതു സംവിധായകനെ അറിയിച്ചു. ഉടന്‍തന്നെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:
'ഇഫ് ദ കിഡ്‌സ് ആന്‍ഡ് പ്രേമ ലൈക് ഇറ്റ്, വൈ നോട്ട്?വീ വില്‍ ഗോ ഫോര്‍ ഇറ്റ്!'
മലയാളത്തില്‍ ഏതെങ്കിലും സംവിധായകന്‍ കുട്ടികളുടെ അഭിപ്രായം മാനിച്ചു നടന്‍മാരെ തെരഞ്ഞെടുക്കുമോ? മാത്രമല്ല, എന്റെ കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ സന്ദര്‍ഭാനുസരണമെഴുതാന്‍ എന്നോടുതന്നെ ആവശ്യപ്പെട്ടതും അതിശയമായിരുന്നു.
എന്തായാലും സ്റ്റീവന്‍ അപ്പോള്‍ത്തന്നെ ക്രിസ്സിനെ വിളിച്ചു കാര്യം പറഞ്ഞു. ഒരു ഇംഗ്ലിഷ് ട്യൂട്ടറെ വച്ച് അമേരിക്കന്‍ ഇംഗ്ലിഷ് പഠിച്ചിട്ടു വരണമെന്ന് അദ്ദേഹം നടനെ ഉപദേശിച്ചു. അത് ക്രിസ് സന്തോഷപൂര്‍വം സ്വീകരിച്ചു. അടുത്ത അഭിമുഖത്തിന് ക്രിസ് ഒരു അമേരിക്കന്‍ ഇംഗ്ലിഷുകാരനായിത്തന്നെ തിരിച്ചുവന്നു!
അതാണു ക്രിസ്. ഒട്ടും ഈഗോ കാണിക്കാതെ, ഒരധ്യാപകനെ വച്ച് അമേരിക്കന്‍ ഇംഗ്ലിഷ് പഠിക്കാന്‍ തയ്യാറായി. അതിനെയല്ലേ അര്‍പ്പണബോധമെന്നു പറയുന്നത്? ചെയ്യുന്ന ജോലിയോടുള്ള ആ ആത്മാര്‍ത്ഥതതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും. അല്ലായിരുന്നെങ്കില്‍, ആരുമറിയാതിരുന്ന ഒരു ഓസ്‌ട്രേലിയന്‍ സീരിയല്‍താരം ആദ്യസിനിമയോടുകൂടി അറിയപ്പെടുന്ന ഹോളിവുഡ് താരമാകുമായിരുന്നില്ല.
അന്ന്, വാര്‍ണര്‍ ബ്രദേഴ്‌സിന്റെ 'സ്റ്റാര്‍ സ്ട്രക്ക്' എന്ന ചിത്രത്തിലേക്കു താരങ്ങളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം കണ്ടിട്ട്, ഞങ്ങളുടെ സിനിമയുടെ ലോക്കേഷനില്‍നിന്നാണു ക്രിസ് പോയത്. അതിനുശേഷം അവഞ്ചേഴ്‌സ്, തോര്‍ എന്നു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയുള്ള ജൈത്രയാത്രയായിരുന്നു. 'ക്യാഷി'ല്‍ അഭിനയിക്കുമ്പോള്‍ എനിക്കും ക്രിസിനും ഒരേ വേതനമായിരുന്നു! താരസംഘടന (എസ് എ ജി) അവരുടെ അംഗങ്ങള്‍ക്കു തീരുമാനിച്ചിട്ടുള്ള മിനിമം ശമ്പളം; അതും ദിവസക്കൂലി മാത്രം. ഇന്നു പതിനഞ്ചു മില്യണ്‍ വാങ്ങുന്ന ക്രിസ്സിന്റെ കാര്യമാണു പറഞ്ഞത്!
പിന്നീടു ക്രിസ്സിനെ കാണുന്നത് അരിസോണയില്‍വച്ച് അവഞ്ചേഴ്‌സ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്. അന്നദ്ദേഹം പ്രശസ്തനായിരുന്നെങ്കിലും ഞാനും നവീനും സ്റ്റീവനുംകൂടി ഡിന്നറിനു വിളിച്ചപ്പോള്‍ ഒട്ടും മടികൂടാതെ, ആല്‍ബുക്കര്‍ക്കിയിലുള്ള 'എലഫന്റ് ബാര്‍' എന്ന റെസ്റ്റോറണ്ടിലേക്കു വരാമെന്നു പറഞ്ഞു. സംവിധായകന് അത്ര വിശ്വാസം വന്നില്ല. കാരണം, പണ്ട് അഭിനയമോഹവുമായി വന്ന ക്രിസ്സായിരുന്നില്ല അപ്പോഴയാള്‍. എന്തായാലും അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കു വിപരീതമായി, കൃത്യസമയത്ത്, ഒരു ടീ ഷര്‍ട്ടും തൊപ്പിയും കൂളിങ് ഗ്ലാസ്സുമൊക്കെ വച്ച്, റെസ്റ്റോറണ്ടിന്റെ ഏറ്റവും പിന്നില്‍ ഞങ്ങളിരുന്ന ടേബിളിലേക്ക്, തല കുനിച്ചുകൊണ്ടു ക്രിസ് നടന്നുവന്നു! നേരം അല്‍പ്പമിരുട്ടിയിരുന്നതുകൊണ്ട് ആരുമദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല!
അന്നദ്ദേഹം രസകരമായൊരു അനുഭവം പറഞ്ഞു: ആന്‍ഡേഴ്‌സണുമായുള്ള അഭിമുഖത്തിനു വന്നത് ഓസ്‌ട്രേലിയയില്‍നിന്നുള്ള വിസിറ്റിംഗ് വിസയുടെ അവസാനദിവസമായിരുന്നത്രേ! യു എസ് ഇമിഗ്രേഷന്‍ ഓഫീസര്‍ പറഞ്ഞപ്പോഴാണ് അതു ക്രിസ്സിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'ഇഫ് ഐ മിസ്സ്ഡ് വണ്‍ ഡേ, മൈ ഫ്യൂച്ചര്‍ വുഡ് ഹാവ് ബീന്‍ ഡിഫറന്റ്!' ക്രിസ് പറഞ്ഞു.
'ആള്‍ ഫോര്‍ ദ ബെസ്റ്റ്, ആള്‍ മീറ്റിംഗ്‌സ് ആര്‍ ആക്‌സിഡന്റ്‌സ്!' ഞാന്‍ മറുപടി നല്‍കി.
പിന്നീട്, കുറേ തമാശകള്‍ പറഞ്ഞു ചിരിച്ചു. ബിയര്‍ മാത്രം കുടിച്ചു. ഡിന്നര്‍ കഴിഞ്ഞു യാത്രയായപ്പോള്‍ അവസാനം പറഞ്ഞ വാചകം ഇന്നെന്നപോലെ ഞാനോര്‍ക്കുന്നു:
'ആന്റണി, ഐ വില്‍ ഡു എനിതിംഗ് ഫോര്‍ യൂ...!'
പക്ഷേ, പിന്നീടദ്ദേഹം പെട്ടെന്നാണ് കൈയെത്താദൂരത്തേക്കു പറന്നുയര്‍ന്നത്. എന്നാലും എന്നെങ്കിലും ആ മഹാനടനെ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു.
'ക്യാഷി'ന്റെ ഷൂട്ടിങ് ലൊക്കേഷന്‍ ഷിക്കോഗോ ഏരിയയിലായിരുന്നു. ഒരു മാസത്തോളം ഒന്നിച്ചുണ്ടായിരുന്നു. അന്നത്തെ രസകരമായ സംഭവങ്ങള്‍ ഇപ്പോഴും മറന്നിട്ടില്ല. അന്നു റെസ്റ്റോറണ്ടിലും ബാറിലുമൊക്കെപ്പോകുമ്പോള്‍ ഷോണ്‍ ബീനിനെ എല്ലാവരും തിരിച്ചറിയുമായിരുന്നു. ആളുകള്‍ ചുറ്റും കൂടുമ്പോള്‍ ക്രിസ് എന്നെ പരിചയപ്പെടുത്തിയിരുന്നത്, 'ദിസ് ഈസ് ആന്റണി, ദ സ്റ്റാര്‍ ഫ്രം ഇന്ത്യ' എന്നായിരുന്നു!
അന്ന് ഒന്നുമല്ലാതിരുന്ന താരം ഇന്നെവിടെയെത്തിനില്‍ക്കുന്നു! ആരാണു വലിയവനെന്നോ വലിയവനാകുന്നതെന്നോ ആര്‍ക്കും പ്രവചിക്കാനാവില്ല. എന്റെയൊരു ഗുരുനാഥന്‍ പറഞ്ഞ ഗുണപാഠം ഓര്‍മ വരുന്നു: 'ആരെയും പിണക്കരുത്. അങ്ങു ദൂരെപ്പറക്കുന്ന കാക്കയാണെങ്കിലും ഒരു ഗുഡ്‌മോണിങ് കൊടുത്തേക്കുക! ആരാണ്, എപ്പോഴാണു നമ്മുടെ രക്ഷകനായി വരുന്നതെന്നൊന്നും ആര്‍ക്കും പ്രവചിക്കാനാവില്ല!'